Connect with us

Gulf

ഖത്വറിലെ ഹോട്ടലുകള്‍ ഈ വര്‍ഷവും നിരക്ക് കുറക്കുന്നു

Published

|

Last Updated

ദോഹ: ഖത്വറിലെ ഹോട്ടലുകള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും വില കുറക്കുന്നു. ഹോട്ടല്‍ മേഖലയില്‍ വലിയ മത്സരവും കോര്‍പറേറ്റ് ഉപഭോക്താക്കള്‍ കുറഞ്ഞതുമായ സാഹചര്യത്തിലാണിത്. ഹോട്ടല്‍ വിപണിയില്‍ വലിയ വളര്‍ച്ചയും ലാഭവുമാണ് ഉണ്ടായത്.
ഈ വര്‍ഷം അവസാനത്തോടെ ദിവസ വാടക നിരക്ക് മൂന്ന് ശതമാനം കുറഞ്ഞ് ശരാശരി 191 ഡോളര്‍ (696 ഖത്വര്‍ റിയാല്‍) ആകുമെന്ന് കോളീര്‍സ് ഇന്റര്‍നാഷനല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഹോട്ടല്‍ വിഭാഗം മേധാവി ഫിലിപ്പോ സോന വ്യക്തമാക്കുന്നു. ദോഹയില്‍ നടന്ന അറേബ്യന്‍ ഹോട്ടല്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സോന. വ്യവസായ ആവശ്യങ്ങള്‍ക്ക് പുറത്തുനിന്നെത്തുന്നവര്‍ വിലയില്‍ വലിയ ശ്രദ്ധചെലുത്തുന്നുണ്ട്. സന്ദര്‍ശകര്‍ വര്‍ധിച്ചതിനാല്‍ രാജ്യത്തെ ഹോട്ടല്‍ റൂമുകളുടെ എണ്ണം 25 ശതമാനം വര്‍ധിച്ച് 19726 ആകുമെന്നാണ് പ്രതീക്ഷ. വെസ്റ്റിന്‍ അടക്കമുള്ള ഹോട്ടലുകള്‍ ഈയടുത്ത് തുറന്നിരുന്നു. മന്താരിന്‍ ഓറിയന്റല്‍, മുശൈരിബിലെ പാര്‍ക്ക് ഹയാത്ത്, ഡൗണ്‍ടൗണ്‍ ദോഹ എന്നിവ ഈ വര്‍ഷം തുറക്കും. 2022ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി നിരവധി ഹോട്ടലുകളും അപാര്‍ട്ടുമെന്റുകളും തുറക്കുന്നതിനാല്‍ അടുത്ത വര്‍ഷങ്ങളില്‍ നിരവധി റൂമുകള്‍ ലഭ്യമാകും. ലോകകപ്പിന് ശേഷവും കൂടുതല്‍ ലഭ്യത ദൃശ്യമാകും. ഹ്രസ്വകാലത്തേക്ക് ചെറിയ വെല്ലുവിളികള്‍ ഉണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഖത്വര്‍ വിജയകരമായ വ്യവസായത്തിന്റെയും അവധിക്കാലം ചെലവഴിക്കാനുമുള്ള കേന്ദ്രമാകും.
ലോകകപ്പിന് പ്രത്യേകമായി തങ്ങള്‍ നിര്‍മാണം നടക്കുന്നില്ലെന്ന് റിറ്റ്‌സ് കാള്‍ട്ടന്‍, ഷെറാട്ടണ്‍ ദോഹ, ശര്‍ഖ് വില്ലേജ് ആന്‍ഡ് സ്പാ എന്നിവയുടെ ഉടമസ്ഥരായ കതാറ ഹോസ്പിറ്റാലിറ്റി ക്രിസ്റ്റഫര്‍ നാബിള്‍ പറഞ്ഞു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്വര്‍ വിജയിച്ചിട്ടുണ്ട്. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് പോലെയുള്ള സാംസ്‌കാരിക സമ്പത്തും വലിയ സാധ്യതകള്‍ തുറക്കുന്നു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ഖത്വര്‍ ടൂറിസത്തിന്റെ പ്രധാന ഉപകരണങ്ങളാണ് കായികവും സംസ്‌കാരവുമെന്നും നാബിള്‍ ചൂണ്ടിക്കാട്ടി.
റൂമുകള്‍ക്കുള്ള ആവശ്യം ഈ വര്‍ഷം 71 ശതമാനം നിരക്ക് ആണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ ശരാശരി ആയിരുന്നു. വിപണി ചുരുങ്ങുന്നതിന്റെ ചെറിയ സൂചനകളുണ്ടെങ്കിലും മെച്ചപ്പെട്ട ലാഭമാണ് ഹോട്ടല്‍ വ്യവസായത്തില്‍ ഉള്ളത്. 2014ല്‍ ഒരു റൂമിന്റെ പ്രവര്‍ത്തന ലാഭം 546 ഖത്വര്‍ റിയാല്‍ (150 ഡോളര്‍) ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതില്‍ നേരിയ ഇടിവുണ്ടായതായി ഹോട്ടല്‍ ഡാറ്റ ഫേം എസ് ടി ആര്‍ ഗ്ലോബലിന്റെ മേഖലാ ഡയറക്ടര്‍ ഫിലിപ് വൂളര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോളീര്‍സിന്റെ കണക്കുപ്രകാരം ശരാശരി പ്രതിദിന നിരക്ക് കഴിഞ്ഞ വര്‍ഷം 4.1 ശതമാനം കൂടുകയാണുണ്ടായത്. സംഭവവികാസങ്ങളും വിതരണത്തിലെ വെല്ലുവിളികളും ഉണ്ടെങ്കിലും അറബ് മേഖലയില്‍ ഹോട്ടല്‍ വിപണി അതിശക്തമാണ്. അതേസമയം, ഖത്വറിലെ ഉയര്‍ന്ന നിര്‍മാണച്ചെലവ് കൂടുതല്‍ മൂലധന ചെലവിലേക്കാണ് നയിക്കുന്നത്. ഐതിഹാസിക ഹോട്ടല്‍ വിപണിയാണ് ഖത്വറിലെത്. ഏവരെയും ആകര്‍ഷിക്കുന്ന രാഷ്ട്രമാണെന്നും വൂളര്‍ പറഞ്ഞു.
ഖത്വറിലെ ഹോട്ടലികളിലുള്ള അതിഥികളില്‍ അഞ്ചില്‍ മൂന്നും വ്യവസായികളായ യാത്രക്കാരാണ്. സന്ദര്‍ശകര്‍ ചെലവ് ചുരുക്കി വിലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണെങ്കിലും പ്രാദേശിക ഹോട്ടലുകള്‍ നാടകീയമായി നിരക്ക് കുറക്കില്ലെന്നാണ് പ്രതീക്ഷ.
സഊദി അറേബ്യയിലെയും ഖത്വറിലെ തന്നെയും ധനികര്‍ നിലവിലെ നിരക്കില്‍ തന്നെ റൂം ബുക്ക് ചെയ്യാന്‍ താത്പര്യപ്പെടുന്നതിനാല്‍ നിരക്ക് കുറക്കുന്നത് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധ്യതയില്ല. വിലയില്‍ മാറ്റം വരുത്തുന്നതിനേക്കാള്‍ നവീകരണത്തിനും വ്യത്യസ്ത സേവനങ്ങള്‍ ഒരുക്കി അതിഥികളെ വിസ്മയിപ്പിക്കാനുമാണ് ഹോട്ടല്‍ മേഖല ശ്രദ്ധിക്കേണ്ടത്. കുടുംബവുമായി സന്ദര്‍ശിക്കുന്നവരേക്കാള്‍ ബിസിനസ് യാത്രക്കാരാണ് കൂടുതല്‍ സംതൃപ്തി അറിയിച്ചത്.
സന്ദര്‍ശകരുടെ മനം കവരാന്‍ ചില പൊടിക്കൈകളും പരീക്ഷിക്കാവുന്നതാണെന്ന് സോന ചൂണ്ടിക്കാട്ടി. അദ്ദേഹം തന്റെ അനുഭവവും പങ്കുവെച്ചു. ടാക്‌സിയില്‍ നിന്ന് ഇറങ്ങിയയുടനെ ഒരു ഹോട്ടലിന്റെ ജീവനക്കാര്‍ വന്ന് പേര് വിളിച്ച് സ്വീകരിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയി. പേര് എങ്ങനെ മനസ്സിലാക്കിയെന്ന് ജനറല്‍ മാനേജരോട് ചോദിച്ചപ്പോള്‍, നിങ്ങള്‍ വന്ന ടാക്‌സി ഡ്രൈവര്‍ മെസ്സേജ് അയച്ചതാണെന്നായിരുന്നു മറുപടി. തന്റെ ഹോട്ടലിലേക്ക് കൊണ്ടുവരുന്ന അതിഥികളുടെ പേര് ഡ്രൈവര്‍മാര്‍ അയച്ചുകൊടുക്കും. പകരം അവര്‍ക്ക് ഭക്ഷണം നല്‍കുമെന്നും മാനേജര്‍ പറഞ്ഞു. ഇത് അഭിന്ദനാര്‍ഹമായ വാണിജ്യ കൗശലമാണെന്നും സോന ചൂണ്ടിക്കാട്ടി.