Connect with us

International

വംശീയ അസമത്വങ്ങള്‍ക്കെതിരെ തുറന്നടിച്ച് സാന്‍ഡേഴ്‌സ്-ഹിലാരി സംവാദം

Published

|

Last Updated

സാന്‍ഡേഴ്‌സ്-ഹിലാരി സംവാദത്തിനിടെ

വാഷിംഗ്ടണ്‍: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് വംശീയ ന്യൂനപക്ഷങ്ങള്‍ സാമ്പത്തിക രംഗത്തും അടിസ്ഥാന അവകാശങ്ങളിലും വിവേചനത്തിനിരയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് നേതാവ് ബേണി സാന്‍ഡേഴ്‌സ്. വാള്‍സ്ട്രീറ്റ് തകര്‍ന്നടിഞ്ഞപ്പോള്‍ ആഫ്രിക്കന്‍-അമരിക്കന്‍ സമൂഹത്തിന് അവരുടെ സമ്പത്തിന്റെ പകുതിയും നഷ്ടമായെന്ന് താന്‍ മനസ്സിലാക്കിയെന്ന് വെര്‍മോന്റ് സെനറ്റര്‍കൂടിയായ സാന്‍ഡേഴ്‌സ് സംവാദത്തില്‍ പങ്കെടുത്ത് പറഞ്ഞു.
ന്യൂനപക്ഷ വിഷയങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ പ്രാധാന്യമേറി വരികയാണ്. വംശീയ അസമത്വങ്ങള്‍ക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സംവാദത്തില്‍ സാന്‍ഡേഴ്‌സന്റെ എതിരാളി ഹിലാരി ക്ലിന്റനും ശബ്ദമുയര്‍ത്തി. തൊഴില്‍ വിപണികളിലും വിദ്യാഭ്യാസത്തിലും പുറമെ വീടുകള്‍, ക്രിമിനല്‍ നീതിന്യായം എന്നിവയില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ വിവേചനം നേരിടുകയാണെന്ന് ഹിലാരി പറഞ്ഞു. കറുത്ത വര്‍ഗക്കാരുടെ സമ്പത്ത് 2005-2009 കാലത്ത് 61 ശതമാനം കുറഞ്ഞപ്പോള്‍ വെളുത്ത വര്‍ഗക്കാരുടെ സാമ്പത്തിക നഷ്ടം 21 ശതമാനം മാത്രമായിരുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകളും സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടുകളും ആസ്പദമാക്കി സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി. 2013ലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തില്‍ ഭവന കൈവശാവകാശ നിരക്ക്, തൊഴില്‍ നഷ്ടം എന്നിവയിലൂടെ അമേരിക്കന്‍ ആഫ്രിക്കക്കാര്‍ക്ക് അവരുടെ സമ്പത്തിന്റെ പകുതിയും നഷ്ടമായി. കറുത്ത വര്‍ഗക്കാരെ വിവേചനപൂര്‍വം തടവിലിടുന്നതിനെതിരെ നീതിന്യായ സമ്പ്രദായത്തില്‍ വലിയ പരിഷ്‌കരണങ്ങള്‍ നടത്തണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു.

Latest