Connect with us

Kerala

മെട്രോ റെയില്‍ കരാര്‍: വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് കലക്ടറോട് കെ എം ആര്‍ എല്‍

Published

|

Last Updated

കൊച്ചി: മെട്രോ റെയിലിന് ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന് കത്തയച്ചു. കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ജില്ലാ കലക്ടര്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് കെ എം ആര്‍ എല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശീമാട്ടിയും ജില്ലാ ഭരണകൂടവും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാറിലെ രണ്ട് വ്യവസ്ഥകളാണ് ഒഴിവാക്കണമെന്ന് കെ എം ആര്‍ എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയില്‍ നിന്ന് ഏറ്റെടുക്കുന്ന സ്ഥലം മറ്റൊരു ആവശ്യത്തിനും കെ എം ആര്‍ എല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഇതില്‍ ഒരു വ്യവസ്ഥ. സെന്റിന് 80 ലക്ഷം രൂപ ലഭിക്കാനുള്ള ശീമാട്ടിയുടെ അവകാശത്തിന് വിധേയമായാണ് ഭൂമി കെ എം ആര്‍ എല്ലിന് വിട്ടു നല്‍കുന്നതെന്നാണ് രണ്ടാമത്തെ വ്യവസ്ഥ. ഈ രണ്ട് വ്യവസ്ഥകളും സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായതിനാല്‍ ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശീമാട്ടിയുമായുള്ള കരാറിലെ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെ എം ആര്‍ എല്ലുമായി കൂടിയോലോചിച്ചാണെന്ന് കലക്ടറുടെ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരുഘട്ടത്തിലും കരാര്‍ ഉണ്ടാക്കുന്നതില്‍ കെ എം ആര്‍ എല്‍ ഭാഗഭാക്കായിരുന്നില്ലെന്ന് കെ എം ആര്‍ എല്‍. എം ഡി കത്തില്‍ വ്യക്തമാക്കി.
കരാറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കെ എം ആര്‍ എല്‍ ഫിനാന്‍സ് ഡയറക്ടര്‍ നേരത്തെ കലക്ടര്‍ക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ഫിനാന്‍സ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കെ എം ആര്‍ എല്‍. എം ഡിയുടെ കത്തില്‍ മറുപടി പറഞ്ഞിട്ടില്ല. ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് കെ എം ആര്‍ എല്‍ നിലപാട്.

Latest