Connect with us

Kasargod

മദ്യവില്‍പ്പന പിടികൂടാന്‍ എക്‌സൈസ് റെയ്ഡ്; വില്‍പ്പനക്കാര്‍ സി ഐയെ ആക്രമിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട്: മദ്യവില്‍പ്പന പിടികൂടുന്നതിന് എക്‌സൈസ് അസി. കമ്മീഷണര്‍ എ എന്‍ ഷായുടെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം കല്ലൂരാവിയില്‍ പരക്കെ റെയ്ഡ് നടത്തി.
എക്‌സൈസ് കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രന്‍, കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വി നായര്‍, കാസര്‍കോട് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കിജന്‍, നീലേശ്വരം റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മാലിക്, ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവരടങ്ങുന്ന സംഘം ഏഴോളം വാഹനങ്ങളിലാണ് കല്ലൂരാവിയിലെത്തിയത്. ഇവിടെ നിരവധി വീടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തി. കല്ലൂരാവിയില്‍ മദ്യവില്‍പ്പന പതിവാക്കിയ സംഘത്തില്‍പ്പെട്ടമഹേഷിനെ (28) എക്‌സൈസ് അറസ്റ്റ് ചെയ്തു.
അതിനിടെ പള്ളിക്കര കടല്‍ തീരം കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികളെയും മറ്റും വലവിരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഈ മേഖലയിലും എക്‌സൈസ് പരിശോധന നടത്തി.
ഓട്ടോറിക്ഷയില്‍ നിന്ന് 375 ഗ്രാം കഞ്ചാവ് കാഞ്ഞങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രനും സംഘവും പിടികൂടി. ഡ്രൈവര്‍ ഓട്ടോ റിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പെരിയ സ്വദേശി സന്തോഷാണ് കഞ്ചാവ് കടത്തിന് പിന്നിലെന്ന് എക്‌സൈസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മദ്യവേട്ടക്കിടെ കാഞ്ഞങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രനെയും കൂടെയുണ്ടായിരുന്ന എക്‌സൈസ് ഗാര്‍ഡിനെയും ജീപ്പ് ഡ്രൈവറെയും അജാനൂര്‍ കടപ്പുറം വായനശാല മുക്കില്‍ രണ്ടംഗ സംഘം അക്രമിച്ചു. ബാലചന്ദ്രനെ മര്‍ദിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അജാനൂര്‍ കടപ്പുറത്തെ രണേശിനും മകന്‍ ഗണേശിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.