Connect with us

Kerala

കാലിക്കറ്റിലെ യൂത്ത് കോണ്‍ഗ്രസ് സമരം: യുവ എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ കാണും

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍, വാച്ച് മാന്‍ നിയമനം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അനിശ്ചിത നിരാഹാര സമരവേദിയില്‍ യുവ എം എല്‍ എമാരുടെ ഇടപെടല്‍. നിയമന വിഷയവും ദിവസങ്ങള്‍ നീണ്ട നിരാഹാര സമരവും സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ധരിപ്പിക്കാന്‍ ബുധനാഴ്ച യുവ എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ കാണും.
നിയമസഭാ സമ്മേളനത്തിന്റെ ശൂന്യവേളയില്‍ മുഖ്യമന്ത്രിയെ കാണുമെന്ന് ഇന്നലെ സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നിലെ സമരവേദി സന്ദര്‍ശിച്ച ശാഫി പറമ്പില്‍ എം എല്‍ എ വ്യക്തമാക്കി. നിരാഹാര സമരത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ശാഫി പറമ്പിലിന് പുറമേ യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും സമരവേദിയിലെത്തി നിരാഹാരമിരിക്കുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. നീതി വൈകിപ്പിക്കുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എത്രയും വേഗം സര്‍വകലാശാലക്ക് നല്‍കാന്‍ മുഖ്യമന്ത്രിയെ ഇടപെടുത്തുമെന്ന് ശാഫി പറമ്പിലും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ എം രോഹിത്ത്, കെ പി സി സി ജനറല്‍ സെക്രട്ടറി പി ടി അജയ് മോഹന്‍, പി റംഷാദ്, പി നിധീഷ് സംസാരിച്ചു.