Articles
മുസ്‌ലിം ജമാഅത്ത്: വ്യതിരിക്തതയും സാമൂഹിക ദൗത്യവും

ധൈഷണിക സമുദായമായി മാതൃകയാകേണ്ടവരാണ് മുസ്‌ലിംകള്‍. ചരിത്രത്തിലും വര്‍ത്തമാനത്തിലും ആ മാതൃകാ സമൂഹം ഉദിച്ചുനില്‍ക്കേണ്ടതുണ്ട്. സമ്പൂര്‍ണ ഇസ്‌ലാമിനെ അഥവാ അഹ്‌ലുസ്സുന്നയെ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ ബാധ്യതയുള്ളവരാണ് അതിന്റെ വക്താക്കള്‍. സമുദായത്തിലും സമൂഹത്തിലും കടന്നുവരുന്ന ഏത് തരം അരാജകത്വവും അരുതായ്മകളും വിപാടനം ചെയ്യാനും നന്മയുടെ കവാടങ്ങള്‍ തുറന്നുകൊടുക്കാനും മതിയായ പാരമ്പര്യം മുസ്‌ലിംകള്‍ നേടിയിട്ടുണ്ട്. അത് യാഥാര്‍ഥ്യബോധത്തോടെയും ഊര്‍ജസ്വലമായും തുടരണം.
ഇസ്‌ലാമിക പാരമ്പര്യത്തിലും മൂല്യങ്ങളിലും അടിയുറച്ചും വേരാഴ്ത്തിയുമുള്ള സംഘടിത മുന്നേറ്റം മുസ്‌ലിംകള്‍ക്ക് എന്നെത്തേക്കാളും അനിവാര്യമായ ചരിത്ര ഘട്ടമാണിത്. പണ്ഡിതരുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ മുന്നേറ്റം പുലരണം. സാമൂഹികവും സാമുദായികവും മതപരവും ആദര്‍ശപരവുമായ എല്ലാ രംഗത്തും ഈ സംഘടിത രൂപം വേണം. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള സാമുദായിക ശാക്തീകരണമാണ് മുസ്‌ലിം ജമാഅത്ത് മുന്നോട്ട് വെക്കുന്നത്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയിലെ “അല്‍ ജമാഅ”യുടെ സമഗ്രമായ ആവിഷ്‌കാരമാണിത്.
കേരളത്തിലെ ഇസ്‌ലാമിന് നബി(സ) മദീനയില്‍ നടത്തിയ പ്രബോധനവഴിയുടെ പാരമ്പര്യവും കീഴ്‌വഴക്കവുമുണ്ട്. സ്വഹാബി വര്യന്മാര്‍ തന്നെ ഇസ്‌ലാമിന്റെ വെളിച്ചം കാണിച്ച പ്രദേശമാണിതെന്ന് ചരിത്രം പറയുന്നു. കേരളത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ ആ കാലത്ത് വന്ന സ്വഹാബികളുമുണ്ടല്ലോ. ഈ താവഴിയിലൂടെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍(എ ഡി 1467-1522), സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍(എ ഡി 1532-1583), ജിഫ്‌രി സാദാത്തുക്കള്‍, കോഴിക്കോട് ഖാസിമാര്‍, മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വരക്കല്‍ മുല്ലക്കോയ തങ്ങള്‍(1840-1932) തുടങ്ങി ആ പരമ്പര തുടര്‍ന്നു. ഈ തുടര്‍ച്ചയാണ് കേരള മുസ്‌ലിംകളിലെ സാംസ്‌കാരിക വളര്‍ച്ചയും നവോത്ഥാനവും യാഥാര്‍ഥ്യമാക്കിയത്. 1924-1926 മുതലാണ് ഈ പാരമ്പര്യവഴിക്ക് വ്യവസ്ഥാപിത രൂപവും സംഘടനാ സ്വത്വവും കൈവന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാപനത്തിലൂടെ വന്ന ആ പിന്തുടര്‍ച്ച 1989ല്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തി. സമസ്തയുടെ ഈ ദൗത്യത്തെ ഏറ്റെടുക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. വലിയ ദൗത്യം; ചരിത്ര ദൗത്യം.
മുസ്‌ലിം സമുദായം ഏറ്റവും മാതൃകാ സമൂഹമാകണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. നിങ്ങളെ നാം ഉത്തമ സമുദായമാക്കിയെന്നും മുഹമ്മദ് നബി(സ) നിങ്ങള്‍ക്ക് മേല്‍ സാക്ഷിയായ പോലെ സമകാലികരില്‍ നിങ്ങളും സാക്ഷിയാകാന്‍ വേണ്ടിയെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. നബി(സ) ഉമ്മത്തിന് അല്ലാഹുവിന്റെ സന്ദേശം പകര്‍ന്നുനല്‍കി സത്യപാതയിലേക്ക് നയിച്ചു. “ഞാന്‍ എന്റെ പ്രബോധന ദൗത്യം നിര്‍വഹിച്ചില്ലേ” എന്ന് അനുചരരോട് ചോദിച്ച് അവരുടെ സ്ഥിരീകരണം ഉറപ്പ് വരുത്തുകയും ചെയ്തു അവിടുന്ന്. ഇതുപോലെ, നമ്മുടെ സമൂഹത്തില്‍ പ്രബോധനം ചെയ്യുന്നതിനും സ്വയം മാതൃകയാകുന്നതിനും നമുക്കും ബാധ്യതയുണ്ട്. സമൂഹത്തിന് നിങ്ങള്‍ സാക്ഷികളാകുക എന്ന ഖുര്‍ആന്‍ നിര്‍ദേശം അപ്പോള്‍ യാഥാര്‍ഥ്യമാകും. എന്റെ സമുദായം ഏറ്റവും ഉത്തമരും നീതിനിഷ്ഠയുള്ളവരുമാണെന്ന് നബി(സ) വിശേഷിപ്പിച്ചതായി കാണാം. മുസ്‌ലിം സമുദായത്തെ ഈ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം. അതിലൂടെ സമൂഹത്തില്‍ വ്യാപിച്ചുവരുന്ന എല്ലാ ജീര്‍ണതകള്‍ക്കെതിരെയും പോരാട്ടം നടത്താന്‍ സമുദായം സജ്ജമാകുകയും വേണം. മുസ്‌ലിം സമുദായം നേരിടുന്ന അപചയങ്ങളില്‍ നിന്ന് മോചനം നേടണം.
വിശ്വാസത്തെ ദുര്‍ബലപ്പെടുത്തി മതത്തിന്റെ അന്തഃസത്തയെ നശിപ്പിക്കാന്‍ രംഗത്തിറങ്ങിയ “മതപരിഷ്‌കണ” വാദികള്‍ കേരളീയ മുസ്‌ലിം സമൂഹത്തിലുണ്ടാക്കിയ ഛിദ്രതകള്‍ ചെറുതല്ല. സമുദായത്തിലുണ്ടായ അനര്‍ഥങ്ങളുടെയെല്ലാം പ്രഭവ കേന്ദ്രം പാരമ്പര്യ മുസ്‌ലിംകളെ അവിശ്വാസികളും ബഹുദൈവ വിശ്വാസികളുമാക്കി രംഗത്ത് വന്ന ഈ വിഭാഗമായിരുന്നു. തങ്ങളുടെ സങ്കുചിത “മത”ത്തിനു വേണ്ടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്‌ലാമിക പാരമ്പര്യത്തെ ഇവര്‍ തള്ളിപ്പറഞ്ഞു. പൂര്‍വികരെ മുഴുവന്‍ അധിക്ഷേപിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ സെമി യുക്തിവാദം കുത്തിവെക്കാന്‍ ശ്രമിച്ചു. സമുദായം എന്ന കെട്ടുറപ്പിന് പോറലേല്‍ക്കാന്‍ ഇതിടയാക്കി. ഇസ്‌ലാമിന്റെ തനിമയെ നഷ്ടപ്പെടുത്തി വികൃതമായ ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ അവര്‍ ധൃതി കാണിച്ചു. മുസ്‌ലിം സമൂഹത്തെയും വ്യക്തികളെയും അപചയത്തിലേക്ക് നയിച്ചത് ഈ ധാരയായിരുന്നു. സമുദായത്തിന്റെ ഓരോ ചെറിയ മുറിവും കൂടുതല്‍ വലുതാക്കാന്‍ പേനയും കടലാസുമായി ഇപ്പോഴുമവര്‍ ഉറക്കമൊഴിച്ചിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിന് മുമ്പില്‍ മാപ്പുസാക്ഷികളായി അലസരായിരിക്കാന്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള മുഖ്യധാരാ മുസ്‌ലിംകള്‍ക്ക് കഴിയില്ല. ആശയപരമായി പ്രതിരോധിച്ചും വൈകല്യങ്ങള്‍ തുറന്നുകാട്ടിയും സത്യത്തിന്റെ വഴി സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ടതുണ്ട്.
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ഭൂമികയുടെ സമകാലിക വര്‍ത്തമാനം എന്താണ്? എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മുസ്‌ലിംകള്‍ ഉണ്ടെന്നത് ശരിയാണ്. എന്നാല്‍, സമുദായത്തിന്റെ വിഷയങ്ങളില്‍ ഇവരെല്ലാം എവിടെയാണ് നില്‍ക്കുന്നത്? ഒരുമിച്ചൊരു ശബ്ദം എവിടെയങ്കിലും കേള്‍ക്കുന്നുണ്ടോ? പാര്‍ലിമെന്ററി വ്യാമോഹത്തിനപ്പുറമുള്ള എന്തെങ്കിലും ഇവരില്‍ നിന്ന് എത്രത്തോളം പ്രതീക്ഷിക്കാനാകും? അതിനു വേണ്ടി മാത്രമുള്ള മത്സര രാഷ്ട്രീയമാണ് അറിഞ്ഞോ അറിയാതെയോ നടക്കുന്നത്. സമുദായ താത്പര്യങ്ങള്‍ക്ക് ഒന്നിക്കുന്നില്ല. കേരളത്തിലെ തന്നെ ഇതര സമുദായങ്ങളിലെ അംഗങ്ങള്‍ സ്വന്തം സമുദായ വിഷയത്തിലെത്തുമ്പോള്‍ സ്വീകരിക്കുന്ന പാരസ്പര്യവും ഐക്യവും മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പുനരാലോചന പോലും നല്‍കുന്നില്ല എന്നത് വിചിത്രമല്ലേ?
ഇനി സമുദായത്തിന്റെ വിഷയങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിക്കുന്നതെങ്ങനെയാണ്? പൊതുബോധത്തിന്റെ മുന്‍വിധികളും ക്ഷമാപണ മനഃസ്ഥിതിയും സമുദായവുമയി ബന്ധപ്പെട്ട പല തീരുമാനങ്ങളെയും സ്വാധീനിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറുകളും ഈ നിലപാടുകളെടുക്കുമ്പോള്‍ മറുത്തൊന്ന് പറയാനുള്ള ഇച്ഛാശക്തി സമുദായത്തിനില്ല താനും. സമുദായത്തെ ഒന്നായി കാണാനുള്ള സൗമനസ്യം പോലും പലര്‍ക്കുമില്ല. തങ്ങളുടെ ചിറകിനടിയില്‍ ഒതുങ്ങാത്തവരെ ശത്രുതാ മനസ്ഥിതിയോടെ സമീപിക്കാനാണ് അവര്‍ക്ക് ധൃതി. ഈ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യധാരാ മുസ്‌ലിം സമൂഹത്തിന് അലസരായിയിരിക്കാന്‍ കഴിയുന്നതെങ്ങനെ? ഇപ്പറഞ്ഞതിനര്‍ഥം രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു എന്നല്ല, മറിച്ച് ആവശ്യമുള്ളപ്പോള്‍ ഇടപെടല്‍ നടത്തും എന്ന് തന്നെയാണ്.
എറെക്കുറെ എല്ലാ കാലത്തും ഇന്ത്യയില്‍ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നത്തെ പോലെ ഔദ്യോഗിക സംവിധാനങ്ങളുടെ അകമ്പടിയും രൗദ്രഭാവവും പ്രാപിച്ച ഒരു കാലമുണ്ടായിട്ടില്ല. ഫാസിസം രാജ്യത്ത് പിടിമുറുക്കിയ ഘട്ടമാണിത്. നാവനക്കിയാല്‍ രാജ്യദ്രോഹം. പേര് മുസ്‌ലിം ആയാല്‍ മതി. മുസ്‌ലിംകളുടെയും അവരോട് സഹാനുഭൂതി പുലര്‍ത്തുന്നവരുടെയും മനോവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നു. ഈ സവിശേഷ സാഹചര്യത്തെ ബുദ്ധിപൂര്‍വമായി സമീപിക്കേണ്ടതുണ്ട്. അതിവൈകാരികതയുടെയോ തീവ്രസമീപനങ്ങളുടെയോ സ്വരങ്ങള്‍ മുസ്‌ലിം സാമാന്യ ജീവിതത്തിന്റെ ദൈന്യത കൂടുതല്‍ ഭീകരമാക്കുകയേ ഉള്ളൂ.
ഈ ഫാസിസ്റ്റ് പ്രഭാവം മുതലെടുത്ത്, എവിടെ നിന്നോ മുസ്‌ലിം വിരുദ്ധ ശക്തികള്‍ കടത്തിക്കൊണ്ടുവരുന്ന തീവ്രവാദം ഏറ്റെടുക്കാന്‍ ഏതാനും ചിലരാണെങ്കിലും ഉണ്ടാകുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇസ്‌ലാമിക് ജിഹാദും ജൈശേ മുഹമ്മദും എല്ലാമായി സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിലോമ നീക്കങ്ങള്‍ നടക്കുന്നു. ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന ഈ പ്രവണതക്ക് നിലമൊരുക്കിയത് മതരാഷ്ട്രവാദികളും അവരുടെ ഹുകൂമത്തെ ഇലാഹി പോലുള്ള മുദ്രാവാക്യങ്ങളുമായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാകില്ല. മതപരിഷ്‌കണ വാദികളുടെ ഛിദ്രപ്രവണതകള്‍ക്ക് സമുദായം വില നല്‍കേണ്ടിവന്നത് വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ഘട്ടത്തില്‍ സമുദായത്തിന് ആത്മവീര്യവും മാര്‍ഗ നിര്‍ദേശവും വേണം.
ഇവിടെ മുസ്‌ലിംകളില്‍ വ്യക്തമായ ദിശാബോധം നല്‍കിയിരിക്കണം. രാഷ്ട്രീയമായും സാമുദായികമായും ദേശീയമായും അവബോധം വളര്‍ത്തണം. സമുദായത്തിന്റെ ശാക്തീകരണത്തിന് അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പ്രവര്‍ത്തന വഴി സജ്ജമാക്കണം.
മുസ്‌ലിംകളുടെ പ്രവര്‍ത്തന മണ്ഡലം എക്കാലത്തും മഹല്ല് ജമാഅത്തുകളാണ്. എന്നാല്‍, ഇവയുടെയൊരു പരിമിതി പള്ളികളുടെയും മദ്‌റസാ നടത്തിപ്പിലും മാത്രം അവ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ്. എന്നാല്‍, ഇതില്‍ മാത്രം പരിമിതപ്പെടാമോ കാര്യങ്ങള്‍? മഹല്ലുകളിലെ സമുദായാംഗങ്ങളുടെ സ്ഥിതി എന്താണ്? സാംസ്‌കാരിക നിലവാരം എന്താണ്? ആരോഗ്യ നില എപ്രകാരമാണ്? സാമ്പത്തിക വിതാനം ഏതാണ്? വിദ്യാഭ്യാസം എങ്ങനെ തുടരുന്നു? ദുര്‍ബലരുടെയും സ്ത്രീകളുടെയും രോഗികളുടെയും അതിജീവനം എങ്ങനെ പോകുന്നു? തുടങ്ങി ഒരു പാട് കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ മഹല്ല് സംവിധാനങ്ങള്‍ക്ക് കഴിയണം.
സമൂഹത്തില്‍ വ്യാപകമാകുന്ന മയക്കുമരുന്ന്, മദ്യം, പെണ്‍വാണിഭം, ക്രിമിനലിസം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ സമുദായാംഗങ്ങളും പങ്കാളികളാകുന്നുണ്ട്. മതനിരാസം, പ്രലോഭിപ്പിച്ചുള്ള മതം മാറ്റം തുടങ്ങിയ പ്രവണതകളുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ ഇന്ന് മഹല്ല് തലത്തില്‍ നടക്കുന്നുണ്ടോ? ജനങ്ങളെ സമൂലമായി മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി സംഘടിത ശക്തി ഉണരണം. കോടതി വരാന്തകളിലും പോലീസ് സ്റ്റേഷന്‍ തിണ്ണകളിലും ജീവിതം തീര്‍ക്കുന്ന മുസ്‌ലിം യുവതികളുടെ എണ്ണം നോക്കിയിട്ടുണ്ടോ? മഹല്ല് പരിധി കേന്ദ്രീകരിച്ച് സമുദായം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് വ്യവസ്ഥാപിത കര്‍മ പദ്ധതികള്‍ തയ്യാറാക്കണം. മഹല്ല് പരിധിയിലെ മുസ്‌ലിംകളെ എല്ലാ അര്‍ഥത്തിലും സംസ്‌കരിക്കുന്നതിനും സമുദ്ധരിക്കുന്നതിനും സമുദായം സജ്ജമാകണം.
ഇത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ ഒരു സംഘടന എന്ന് പറയുമ്പോള്‍, അതെല്ലാം കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയെന്ന് പ്രചരിപ്പിക്കുന്നുണ്ട് ചിലര്‍. അന്ധമായ സംഘടാന വിദ്വേഷവും സങ്കുചിത താത്പര്യങ്ങളുമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. “രാഷ്ട്രീയമല്ല, വിശ്വാസമാണ് പ്രധാനം” എന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്ന, ഒരു പണ്ഡിത സഭയുടെ ആഹ്വാമുള്‍ക്കൊണ്ടാണ് ഈ മുസ്‌ലിം ജമാഅത്തിന്റെ പിറവിയെന്നെങ്കിലും വിമര്‍ശകര്‍ ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ ഇസ്‌ലാമിക മുന്നേറ്റത്തിന് ഒരോ കാലത്തും സമുദായത്തിന് ആവശ്യമായ സംരംഭങ്ങളും സംവിധാനങ്ങളും സമസ്ത നടപ്പിലാക്കിയിട്ടുണ്ട്. ഈ തുടര്‍ച്ചയില്‍ സമകാലിക സമൂഹത്തിന് വേണ്ടി നടത്തുന്ന അനിവാര്യമായ ഒരു കാല്‍വെപ്പാണ് കേരള മുസ്‌ലിം ജമാഅത്ത്. സമസ്ത തീരുമാനിച്ച് പ്രഖ്യാപിച്ച ഒരു ജനകീയ ബഹുജന സംഘടന. കേരളത്തിലെ പരമ്പരാഗത ഇസ്‌ലാമിക പൂര്‍ത്തീകരണമാണിത്. ഇതോടെ എസ് വൈ എസ് യുവജന വിഭാഗമായി പ്രവര്‍ത്തിക്കും.
മുസ്‌ലിം ഉമ്മത്തിന്റെ കരുത്തുറ്റ രണ്ട് ഘടകങ്ങളാണ് പണ്ഡിതരും ഉമറാക്കളും.(സമുദായ നേതാക്കള്‍). അവര്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ ഈ സമുദായം ശക്തിപ്പെടും. ഈ ശക്തിയിലൂടെ പള്ളികളും മദ്‌റസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം സമുദായത്തിന്റെ എല്ലാ സംരംഭങ്ങളും ശക്തി പ്രാപിക്കും. അഹ്‌ലുസ്സുന്നയുടെ പാതയില്‍ മുസ്‌ലിംകള്‍ ഒന്നായി സംഘടിച്ചു മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് തലം മുതല്‍ രൂപവത്കരണം പൂര്‍ത്തിയാക്കി. സര്‍ക്കിള്‍, സോണ്‍, ജില്ലാ തലങ്ങളിലും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വ്യവസ്ഥാപിതമായി കൗണ്‍സിലുകള്‍ രൂപവത്കരിക്കുകയും അതില്‍ നിന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു. കേരളത്തിലെ പതിനാലിടത്തും തമിഴ്‌നാട്ടിലെ നീലഗിരിയിലും ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ ചേരുകയും പ്രഥമ സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സാരഥികളുടെ പ്രഖ്യാപനവും മുസ്‌ലിം ജമാഅത്ത് നയരേഖയുടെ വിളംബരവും നാളെ കോഴിക്കോട്ട് നടക്കും.
സംഘടനാ സാന്ദ്രത താരതമ്യേന കൂടിയ കേരളത്തില്‍ മുസ്‌ലിം ജമാഅത്ത് എങ്ങനെ വ്യതിരിക്തമായിരിക്കുമെന്നും അത് നിര്‍വഹിക്കുന്ന സാമൂഹിക ദൗത്യമെന്തായിരിക്കുമെന്നും വരും കാല ചരിത്രം തീര്‍പ്പ് കല്‍പ്പിക്കുമെന്ന് ഉറപ്പിച്ചുപറയാം. ആദര്‍ശ ജാഗ്രതയുടെയും ബഹുജന മുന്നേറ്റത്തിന്റെയും ആ ദിനങ്ങള്‍ ഇതാ, വന്നെത്തിയിരിക്കുന്നു. ഏല്ലാവരുടെയും സഹായവും ഗുണകാംക്ഷയും പ്രതീക്ഷിച്ചുകൊണ്ട്.