Connect with us

Kerala

മന്ത്രി ബാബുവിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് വിജിലന്‍സ് കോടതി: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബാര്‍കോഴ കേസില്‍ മന്ത്രി കെ ബാബുവിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് വിജിലന്‍സ് കോടതിയാണെന്ന് ഹൈക്കോടതി. ത്വരിതാന്വേഷണം നടത്തി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുണ്ടോയെന്ന് വിജിലന്‍സ് കോടതിയാണ് പരിശോധിക്കേണ്ടതെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. ത്വരിതാമ്പേഷണത്തിന് ഉത്തരവിട്ടതിനു ശേഷം റിപ്പോര്‍ട്ടിനായി കാത്തിരിക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട നടപടിയാണ് സ്റ്റേ ചെയ്തിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. ജോര്‍ജ് വടുകുളത്തിന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് കോടതിക്കാണധികാരമെന്നും കോടതി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ ബാബു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
എന്നാല്‍ കെ ബാബുവിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലായതിനാല്‍ ബാബുവിന്റെ ഹരജിയും ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനക്ക് അയക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ബാബുവിന്റെ കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനക്ക് അയക്കാനാകില്ലെന്നും ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനാല്‍ കേസ് പത്തിലേക്ക് മാറ്റുകയാണെന്നും കോടതി വ്യക്തമാക്കി.
ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷം അന്വേഷണത്തിനു വേണ്ടി കാത്തിരിക്കാതെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതുകൊണ്ട് മാത്രമാണ് സ്റ്റേ അനുവദിച്ചതെന്നും കോടതി പറഞ്ഞു.
ബിജുരമേശിന്റെ ക്രിമിനല്‍ നടപടിക്രമം 164 പ്രകാരമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതില്‍ തെറ്റില്ലെന്നും കേസ് വാദത്തിനിടെ കോടതി പരാമര്‍ശിച്ചു.

Latest