Connect with us

Malappuram

കാല്‍പന്ത് മൈതാനിയില്‍ അറുപതിലും സ്വരമിടറാതെ ലത്തീഫ്

Published

|

Last Updated

കോട്ടക്കല്‍: മലബാറിലെ കാല്‍പന്ത്കളി പ്രേമികള്‍ക്ക് വാഗ്ദ്വാരണികള്‍ കൊണ്ട് ആവേശം വിതറുകയാണ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മഞ്ഞകണ്ടന്‍ ലത്തീഫ്. കളികമ്പക്കാരെ മൈതാനികളിലെത്തിക്കുന്ന ഈ അറുപതുകാരന്റെ വാക് ചാരുതക്ക് ഇപ്പോഴും പതിനേഴിന്റെ മുഴക്കം. 1986 മുതല്‍ മലബാറിലെ ഫുട്‌ബോള്‍ അനൗസറായി പ്രവര്‍ത്തിക്കുന്ന മലപ്പുറം ലത്തീഫിന്റെ ശബ്ദം കേള്‍ക്കാത്തവര്‍ ചുരുക്കം.
കടഞ്ഞെടുത്ത വാക്കുകളില്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ ചൂരും ചുവയും ലത്തീഫ് പറയുമ്പോള്‍ ഏത് തിരക്കിനിടയിലും അതൊന്നും ശ്രദ്ധിച്ചു പോകും. കഴിഞ്ഞ കാലത്ത് മലബാര്‍ മുഴുക്കെ കളി ആരവങ്ങള്‍ പകര്‍ന്നിരുന്നത് ലത്തീഫിന്റെ ശബ്ദങ്ങളായിരുന്നു. കളിക്കുന്ന ടീമുകളും ലത്തീഫിന്റെ അനൗസ്‌മെന്റും കളി പ്രേമികളെ ആവേശ ഭരിതരാക്കും. മികച്ച ഫുട് ബോള്‍ താരമായിരുന്ന പിതാവ് മഞ്ഞക്കണ്ടന്‍ അബുവിന്റെ കൂടെ കളിക്കളത്തിലിറങ്ങിയാണ് തുടക്കം. രണ്ട് വര്‍ഷം ഗോള്‍കീപ്പറായെങ്കിലും അനൗണ്‍സ്‌മെന്റിനോടായിരുന്ന താത്പര്യം. ഇങ്ങനെ കളിക്കളത്തില്‍ നിന്നും ഈ രംഗത്തേക്ക് വന്നു. എടരിക്കോട് വൈ എസ് സി, ചെമ്മാട് സി ടി സി, പരപ്പനങ്ങാടി നഹ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, മഞ്ചേരി റോയല്‍, ചെര്‍പ്പുളശ്ശേരി അല്‍മദീന തുടങ്ങി ഒട്ടേറെ ഫുട്‌ബോള്‍ കളികളുടെ അനൗസറായി പ്രവര്‍ത്തിച്ചു. ആകര്‍ഷണീയ ശൈലിയും വാക് ചാരുതയുമാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. കളി ആവേശം ശബ്ദങ്ങളായി പെയ്തിറങ്ങുമ്പോള്‍ അത് കാണികള്‍ക്ക് ഹരം നല്‍കുന്നതാകും. ഫുട്‌ബോള്‍ കളിയുമായി അലിഞ്ഞ് ചേര്‍ന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
1957ല്‍ ഡല്‍ഹിയില്‍ നടന്ന ഡ്യൂറന്റ് കപ്പില്‍ മികച്ച കളിക്കാരനായിരുന്ന പിതാവ് ജവഹര്‍ലാല്‍ നഹ്‌റുവില്‍ നിന്നാണ് ട്രോഫി സ്വീകരിച്ചത്. ഭാര്യാപിതാവ് മലപ്പുറം അലവികുട്ടി 1950കളില്‍ മിന്നും താരമായിരുന്നു. മൂത്ത മകന്‍ റിയാസ് ജിദ്ദയില്‍ ഇന്ത്യന്‍ കായികാധ്യാപകനാണ്. മറ്റൊരു മകന്‍ നജീബ് ജില്ലാ സോക്കാര്‍ ക്യാപ്റ്റനും. ആദ്യ കാലത്ത് അനൗസ്‌മെന്റിനിറങ്ങുമ്പോള്‍ 50 രൂപയാണ് കൂലി. രാവിലെ വാഹനങ്ങളിള്‍ അനൗസ്‌മെന്റ് നടത്തും. പിന്നീട് വൈകുന്നേരം മൈതാനിയില്‍ കളിയും ഫലങ്ങളും വിളിച്ചു പറയും. ഇന്നും ഇദ്ദേഹം കളിക്കളം വിട്ടിട്ടില്ല. ഇപ്പോള്‍ കോട്ടക്കല്‍ നടക്കുന്ന അഖിലേന്ത്യ ഫുട്‌ബോല്‍ മേളയുടെ അനൗസറാണ് ലത്തീഫ്.