Connect with us

Kerala

മണ്ഡലങ്ങള്‍ സാമ്രാജ്യമാക്കി വെക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ്; സീറ്റ് ആവശ്യവുമായി പാണക്കാട്ട്

Published

|

Last Updated

മലപ്പുറം: മുസ്‌ലിം ലീഗില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ നേതൃത്വവും. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന് യൂത്ത് ലീഗ് നിര്‍വാഹക സമിതി യോഗത്തിലാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടണമെന്ന വികാരം ഉയര്‍ന്നത്. ഈ ആവശ്യവുമായി നേതൃത്വം ഇന്നലെ രാത്രി പത്ത് മണിയോടെ പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. യൂത്ത് ലീഗിന്റെ ആവശ്യം പരിഗണിക്കുമെന്ന ഉറപ്പ് ഹൈദരലി തങ്ങള്‍ നല്‍കിയതായി നേതാക്കള്‍ വ്യക്തമാക്കി. മലപ്പുറത്ത് ലീഗ് മത്സരിക്കുന്ന 12 സീറ്റുകളില്‍ ആറെണ്ണമെങ്കിലും യൂത്ത് ലീഗിന് വേണമെന്നാണ് ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കളൊഴികെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ജയിച്ച ശേഷം ചിലര്‍ ഉപജാപക സംഘങ്ങളുണ്ടാക്കി പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ വഴി വീണ്ടും സീറ്റ് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ഇരുപത്തിയഞ്ച് വയസ്സ് മുതല്‍ എം എല്‍ എ ആയി തുടരുന്നവര്‍ ഇപ്പോഴും പ്രായമായിട്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. എം എസ് എഫിലും യൂത്ത് ലീഗിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് നേതൃ നിരയിലേക്ക് ഉയര്‍ന്ന് വന്നവരെ മാറ്റി നിര്‍ത്തുന്നതിനെതിരെയും ചില അംഗങ്ങള്‍ വിമര്‍ശിച്ചു. സെക്രട്ടറി കെ പി എ മജീദ്, ജില്ലാ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ടി വി ഇബ്‌റാഹിം എന്നിവര്‍ മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇക്കാര്യം യൂത്ത് ലീഗ്, മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. യുവ നേതാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് ആഭിമുഖ്യം വളര്‍ത്താനും യുവ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാനും കഴിയുന്നതാകുമെന്ന് യോഗം വിലയിരുത്തി. മലപ്പുറം ജില്ലയിലെ നിലവിലെ എം എല്‍ എമാരില്‍ ചിലരുടെ പ്രകടനം വേണ്ടത്ര മികച്ചതല്ല. എം എല്‍ എമാര്‍ മണ്ഡലം സ്വന്തം സാമ്രാജ്യമാക്കി വെച്ചിരിക്കുകയാണ്. ആചാര വെടി മുഴങ്ങിയാലേ മാറി നില്‍ക്കൂ എന്ന നിലപാടിലാണ് പല എം എല്‍ എമാരും. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് കോട്ടക്കലില്‍ നടന്ന മുസ്‌ലിംലീഗിന്റെ സംസ്ഥാന വര്‍ക്കിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടതും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ ഓര്‍മിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി സീറ്റ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതാക്കളായ പി എം സാദിഖലി, സി കെ സുബൈര്‍, പി കെ ഫിറോസ്, സി പി എ അസീസ് എന്നിവരെയാണ് യൂത്ത് ലീഗ് ഉയര്‍ത്തിക്കാണിക്കുന്നത്. മന്ത്രി മഞ്ഞളാംകുഴി അലി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ വന്നാല്‍ പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗ് പ്രതിനിധി നിയമസഭയിലേക്ക് മത്സരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ആറ് സീറ്റ് ആവശ്യപ്പെട്ട് രണ്ടെണ്ണമെങ്കിലും നേടിയെടുക്കണമെന്നാണ് യൂത്ത് ലീഗ് കണക്ക് കൂട്ടുന്നത്.

Latest