Gulf
കോടമ്പുഴ ബാവ മുസ്‌ലിയാര്‍: ഇസ്‌ലാമിക ഗ്രന്ഥരചനാ ലോകത്തെ വേറിട്ട വ്യക്തിത്വം
അജ്മാന്‍: ഇസ്‌ലാമിക വിജ്ഞാന രംഗത്ത് വേറിട്ട വ്യക്തിത്വമാണ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍. ഇസ്‌ലാമിക വിഷയങ്ങളില്‍ ഗഹനമായ ഗവേഷണ പ്രവര്‍ത്തനം നടത്തുന്ന ബാവ മുസ് ലിയാരുടേതായി ദീനീ വിജ്ഞാന രംഗത്ത് ഈടുറ്റ നിരവധി ഗ്രന്ഥങ്ങളുണ്ട്. ജീവിതത്തിന്റെ സിംഹഭാഗവും ഗ്രന്ഥ രചനക്കും മത പ്രബോധനത്തിനുമായി മാറ്റിവെച്ചിരിക്കുന്ന കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യു എ ഇയും സന്ദര്‍ശിച്ചു.
കേരളത്തിലെ മദ്‌റസകള്‍, ദര്‍സുകള്‍, ദഅ്‌വ കോളജുകളില്‍ എന്നിവിടങ്ങളില്‍ പാഠപുസ്തകമായും വിദേശ രാജ്യങ്ങളില്‍ അധികവായനക്കുമൊക്കെയായി പ്രശംസപിടിച്ചുപറ്റിയ നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്.
കേരളത്തില്‍ ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ പ്രശസ്തനായ ഇദ്ദേഹം ജീവിതത്തിന്റെ സിംഹഭാഗവും മതപരമായ ഗ്രന്ഥങ്ങളുടെ രചനകള്‍ക്ക് വേണ്ടി ചെലവഴിക്കുകയും അത് പരമാവധി പണ്ഡിതരിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിച്ചുവരുന്നു.
ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് പഠനം, കര്‍മശാസ്ത്രം, ഇസ്‌ലാമിലെ അധ്യാത്മികത, വിശ്വാസ ശാസ്ത്രം, ചരിത്രം, ജീവചരിത്രം, സാഹിത്യം, സംഭവ കഥ, പ്രശ്‌നോത്തരം, പഠനം, ലേഖന സമാഹാരം തുടങ്ങി 52ഓളം ബൃഹത്തുമായ സംഭാവനകളാണ് ബാവ മുസ്‌ലിയാര്‍ ഇതിനകം രചിച്ചത്.
ലോക പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ജലാലൈനിയുടെ സമഗ്രമായ വ്യാഖ്യാന ഗ്രന്ഥമെന്ന ലക്ഷ്യത്തോടെ തൈസീറുല്‍ ജലാലൈനി എന്ന ഗ്രന്ഥരചനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. 600ലേറെ പേജുകള്‍ വരുന്ന ഈ ഗ്രന്ഥത്തിന്റെ അഞ്ചോളം വാള്യങ്ങള്‍ ഇതിനകം പുറത്തിറങ്ങി. കൂടാതെ ഹജ്ജ്-ഉംറ സിയാറത്ത് ചോദ്യോത്തരം എന്ന മലയാള ഗ്രന്ഥവും പണിപ്പുരയിലാണ്.
ഇതിന്റെ ഭാഗമായി രണ്ടു തവണകളിലായി 80 ലക്ഷത്തോളം രൂപയുടെ ഇസ്‌ലാമിക പഠന ഗ്രന്ഥങ്ങള്‍ കേരളത്തിലെ നിരവധി പണ്ഡിതന്മാര്‍ക്കായി സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു. അവ കേരളത്തിലെ ദഅ്‌വ കോളജുകളിലും ദര്‍സുകളിലും റഫറന്‍സ് ആയും ഉപയോഗിച്ചുവരുന്നു.
യു എ ഇ, ഈജിപ്ത്, ബാഗ്ദാദ് എന്നിവിടങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുല്‍ ബഷര്‍ എന്ന ഗ്രന്ഥം ദുബൈ മതകാര്യ വകുപ്പാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ സീറത്ത് സയ്യിദുല്‍ ബഷര്‍, അബുല്‍ ബഷര്‍, യാഇബുല്‍ ഗിന അടക്കമുള്ള കൃതികള്‍ ഈജിപ്തിലെ ദാറുല്‍ ബസാഇര്‍ പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്. മറ്റു വിദേശ രാജ്യങ്ങളിലേക്ക് ഗ്രന്ഥങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. കഴിഞ്ഞ റബീഉല്‍ ആഖിര്‍ മാസത്തില്‍ ശൈഖ് ജീലാനിയെ കുറിച്ചുള്ള ഗ്രന്ഥം കേരളത്തിലെ 1,500 ഓളം മതപണ്ഡിതന്മാര്‍ക്ക് വിതരണം ചെയ്തിരുന്നു. വരുന്ന റജബ് മാസത്തില്‍ ഇമാം ശാഫി(റ)യെ കുറിച്ച് തയ്യാറാക്കിയ ഗ്രന്ഥം 5,000ത്തോളം പേര്‍ക്കാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഈജിപ്തില്‍ നടന്ന പരിപാടിയില്‍ ഈ ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.
കേരളത്തിലെ ആദ്യകാല ദഅ്‌വ കോളജുകളിലൊന്നായ കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപകന്‍ കൂടിയാണ് ബാവ മുസ്‌ലിയാര്‍. ദഅ്‌വ കോളജിന് പുറമെ ഇസ്‌ലാമിക് വിമണ്‍സ് അക്കാദമി,ബോയ്‌സ് സെക്കന്‍ഡറി മദ്‌റസ, ഗേള്‍സ് സെക്കന്‍ഡറി മദ്‌റസ, മഹഌറ ജുമുഅ മസ്ജിദ്, ഖുത്ബ് ഖാന ആന്റ് റഫറന്‍സ് ലൈബ്രറി തുടങ്ങിയ സംരഭങ്ങളും നടന്നു വരുന്നു.
സഊദി അറേബ്യയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഇമാം നവവി പുരസ്‌കാരം, ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി പുരസ്‌കാരം, മഅ്ദിന്‍ അക്കാദമിയുടെ ശൈഖ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ്, പി എം കെ ഫൈസി മെമ്മോറിയല്‍ അവാര്‍ഡ്, മര്‍കസ് മെറിറ്റ് അവാര്‍ഡ്, കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അവാര്‍ഡ്, മഖ്ദൂമിയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ സമ്മേളനങ്ങളില്‍ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.