Connect with us

National

ബെംഗളൂരുവിലെ തടാകത്തില്‍ മീനുകള്‍ ചത്തൊടുങ്ങി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയിലെ ഉള്‍സൂര്‍ തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ബോട്ടിംഗിനും സൈന്യത്തിന്റെ തുഴച്ചില്‍ മത്സരങ്ങള്‍ക്കും പ്രശസ്തമായ ഉള്‍സൂര്‍ തടാകം ഏതാനും വര്‍ഷങ്ങളായി മലിനീകരണ ഭീഷണി നേരിടുന്നുണ്ട്. അതേസമയം, ഇത് സാധാരണ സംഭവമാണെന്നും താപനില ഉയരുമ്പോള്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ മീനുകള്‍ ചത്തുപൊങ്ങാറുണ്ടെന്നും ബൃഹത് ബെംഗളൂരു മഹാനഗരപാലികയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജലത്തിലടങ്ങിയ ഓക്‌സിജന്റെ അളവ് കുറയുന്നതും ഇതിന് കാരണമാകുന്നുണ്ട്. തടാകത്തിലെ ആല്‍ഗകള്‍ ജലത്തില്‍ ഓക്‌സിജന്‍ കലര്‍ത്തുന്നുണ്ടെങ്കിലും ഈ ഓക്‌സിജന്‍ രാത്രികാലങ്ങളില്‍ മത്സ്യങ്ങളൊടൊപ്പം ആല്‍ഗകളും ഉപയോഗിക്കുന്നുണ്ട്. ഇത് ജലത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി തടാകം മലിനീകരണം കാരണം കറുത്തുകൊണ്ടിരിക്കുകയാണെന്നും അതാണ് മീനുകള്‍ ചാകാന്‍ കാരണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
അതേസമയം, ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ രണ്ട് തവണ യോഗം ചേര്‍ന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജവദേകര്‍ പറഞ്ഞു. ഈ സാഹചര്യം നേരിടുന്നതിന് കൈക്കൊണ്ട നടപടികള്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചിട്ടുണ്ട്. കോളനികളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം ദശാബ്ദങ്ങളായി ബെംഗളൂരുവിലെ തടാകങ്ങളെ മലനിമാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

Latest