Connect with us

Kerala

ഇടുക്കി ചിരിതൂകുന്നത് ആര്‍ക്കു വേണ്ടി?

Published

|

Last Updated

മൂന്ന് സിറ്റിംഗ് എം എല്‍ എമാര്‍ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായ ജില്ലയാണ് ഇടുക്കി. തൊടുപുഴയില്‍ മന്ത്രി പി ജെ ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും പീരുമേട് ഇ എസ് ബിജിമോളും. സി പി എം ജില്ലാ സെക്രട്ടറിയായി മാറിയതിനാല്‍ ഉടുമ്പഞ്ചോലയില്‍ ഇനിയൊരങ്കത്തിന് കെ കെ ജയചന്ദ്രന്‍ ഉണ്ടാകില്ല. ദേവികുളത്ത് രണ്ട് ടേം കഴിയുന്ന എസ് രാജേന്ദ്രന് പകരക്കാരനെ തേടുകയാണ് സി പി എം. കോണ്‍ഗ്രസിന് എം എല്‍ എ ഇല്ലാത്ത ജില്ലയാണ് ഇടുക്കി. യു ഡി എഫിന്റെ രണ്ട് സീറ്റിലും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരാണ്.
കേരളാ കോണ്‍ഗ്രസ് (എം) മറ്റൊരു പിളര്‍പ്പ് കൂടി നേരിട്ടിരിക്കെ ജോസഫ് വിഭാഗത്തിന്റെ അകത്തെ ചലനങ്ങള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി. ഫ്രാന്‍സീസ് ജോര്‍ജ് പാര്‍ട്ടി പിളര്‍ത്തിയത് തന്റെ അനുഗ്രഹാശിസുകളോടെയല്ലെന്ന് പി ജെ ജോസഫ് പരസ്യ കുമ്പസാരം നടത്തിട്ടുണ്ടെങ്കിലും വിമതരോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്ന കാര്യം വ്യക്തം. ജോസഫ് അണികളില്‍ ഭൂരിഭാഗത്തിന്റെയും മനസ് രാജുചേട്ടന്‍ എന്ന് അവര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ഫ്രാന്‍സീസ് ജോര്‍ജിനൊപ്പമാണ്.
ഇത്തവണയും പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ആദ്യഘട്ടത്തില്‍ പല മണ്ഡലത്തിലേക്കും നിരവധി പേരുകളാണ് കേള്‍ക്കുന്നത്. പലവിധ പരിഗണനകളാലും അവസാന നിമിഷം എല്ലാം മാറിമറിയുകയും ചെയ്യാം. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ പറ്റില്ല എന്ന നിലപാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഉടുമ്പഞ്ചോലയില്‍ ഇറക്കുമതി സ്ഥാനാര്‍ഥി കളത്തിലിറങ്ങിയപ്പോള്‍ മുതല്‍ കലാപമായിരുന്നു.
ഉടുമ്പഞ്ചോലക്കും പീരുമേടിനുമായി കോണ്‍ഗ്രസില്‍ ഇടിയാരംഭിച്ചിട്ടുണ്ട്. മുന്‍ എം പി. പി ടി തോമസ്, ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ്, സിറിയക് തോമസ്,സി പി മാത്യു എന്നിവരുടെയൊക്കെ പേരുകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സി പി ഐയിലെ ഇ. എസ് ബിജിമോള്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായതോടെ ശക്തനായ സ്ഥാനാര്‍ഥിയെ പീരുമേട്ടില്‍ രംഗത്തിറക്കണമെന്ന് പാര്‍ട്ടിയില്‍ വികാരമുണ്ട്.
2001 മുതല്‍ ഉടുമ്പഞ്ചോലയില്‍ ഹാട്രിക് ജയം നേടിയ കെ കെ ജയചന്ദ്രന് പകരക്കാരനെ കണ്ടെത്തല്‍ സി പി എമ്മിന് അത്ര എളുപ്പമല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണിക്കാണ് ആദ്യനറുക്കിന് സാധ്യത. മണിയല്ലെങ്കില്‍ എസ് ബേബിലാലിനെയും പരിഗണിച്ചേക്കാം.
കോണ്‍ഗ്രസില്‍ ഈ സീറ്റില്‍ അഡ്വ കെ ടി മൈക്കിള്‍, സേനാപതി വേണു, ഇന്ദു സുധാകരന്‍, ഇബ്‌റാഹിംകുട്ടി കല്ലാര്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ സാധ്യത ലിസ്റ്റിലുണ്ട്. മുന്‍ എം എല്‍ എ. ഇ എം ആഗസ്തിയും പരിഗണിക്കപ്പെട്ടേക്കാം.
എസ് എന്‍ ഡി പി സ്വാധീന മേഖലയായതിനാല്‍ ബി ജെ പി വെളളാപ്പളളി കൂട്ടുകെട്ട് മൂലം ഉടുമ്പഞ്ചോല പഴയ പോലെ എളുപ്പത്തില്‍ ആര്‍ക്കും നീന്തിക്കടക്കാനാകില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സേനാപതി, രാജകുമാരി പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടത് എല്‍ ഡി എഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് എസ് രാജേന്ദ്രനെ മാറ്റിയാല്‍ ആര് എന്നത് സി പി എമ്മിനെ കുഴക്കുന്നു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ എ രാജയെ രംഗത്തിറക്കാന്‍ ആലോചനയുണ്ട്. പെമ്പിളൈ ഒരുമൈയുടെ പിന്തുണകൂടി നേടാന്‍ പര്യാപ്തമായ ഒരു വനിതാ സ്ഥാനാര്‍ഥിയെയാണ് യു ഡി എഫ് തേടുന്നത്. എങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം സുശീല, എ കെ മണി, ഡി കുമാര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്.
ഇടുക്കിയില്‍ റോഷി അഗസ്റ്റിനെ നേരിടാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കൂടി സമ്മതനായ ഒരാള്‍ക്കായാണ് സി പി എം വലവീശുന്നത്. ഫ്രാന്‍സീസ് ജോര്‍ജ് ഇടുക്കിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ അങ്കം മുറുകും.
സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നോബിള്‍ ജോസഫ് എന്നിവര്‍ക്കും സാധ്യതയുണ്ട്. കഴിഞ്ഞ തവണ 15806 വോട്ടിനാണ് റോഷിയോട് സി വി വര്‍ഗീസ് പരാജയപ്പെട്ടത്.
പി ജെ ജോസഫിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമായിരിക്കും തൊടുപുഴയില്‍ തര്‍ക്കം. ഇവിടെ പി ജെ യുടെ പത്താം മത്സരമാണ്. തേടുന്നത് ഒമ്പതാം ജയവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ വിഷയത്തിന്റെ പേരില്‍ ഉദയം ചെയ്ത ഹൈറേഞ്ച് സംരക്ഷണ സമിതി മലയോരത്ത് യു ഡി എഫിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകന്‍ കൂടിയായ ജോയ്‌സ് ജോര്‍ജ് ഇടതുപക്ഷ സ്വതന്ത്രനായി പാര്‍ലമെന്റിലേക്കു പോയത് 50542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും 2010നെ അപേക്ഷിച്ച് ഉണ്ടായ മുന്നേറ്റം എല്‍ ഡി എഫിന് പ്രതീക്ഷ പകരുന്നു. 2010ല്‍ 16 അംഗ ജില്ലാ പഞ്ചായത്തില്‍ യു ഡി എഫിനെതിരെ പ്രതിപക്ഷമുണ്ടായിരുന്നില്ല. ഇത്തവണ നാല് ഡിവിഷന്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടെണ്ണം അവര്‍ക്ക് നേടാനായി. 53 ഗ്രാമപഞ്ചായത്തുകളില്‍ 43 ഇടത് ഭരണമുണ്ടായിരുന്ന യു ഡി എഫിന് ഇക്കുറിയുളളത് 52 പഞ്ചായത്തില്‍ 24 മാത്രം.

---- facebook comment plugin here -----

Latest