Connect with us

Kerala

വയനാട് പൊള്ളുന്നു; വന്യമൃഗങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട് കൊടും ചൂടിലകപ്പെട്ടിരിക്കെ കുടിവെള്ളം തേടി കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പലായനം വ്യാപകമാവുന്നു. കര്‍ണാടക-തമിഴ്‌നാട് വനത്തില്‍ നിന്ന് പച്ചപ്പുകള്‍ അവശേഷിക്കുന്ന വയനാടന്‍ കാടുകളിലേക്ക് വന്യമൃഗങ്ങള്‍ വേനലായതോടെ കൂട്ടമായെക്കുന്നു. സാധാരണ രീതിയില്‍ വേനലില്‍ മൃഗങ്ങള്‍ വയനാട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് കടന്നുവരാറുണ്ടെങ്കിലും ഇപ്രാവശ്യം ഇതു വന്‍തോതില്‍ വര്‍ധിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ പറഞ്ഞു. മാര്‍ച്ച് മാസത്തോടെയാണ് മൃഗങ്ങള്‍ പലായനം നടത്താറുള്ളത്. എന്നാല്‍, ഇത്തവണ ഫെബ്രുവരിയോടെ തന്നെ വന്‍തോതില്‍ മൃഗങ്ങള്‍ ഇവിടേക്കെത്തിത്തുടങ്ങി. വനംവകുപ്പ് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും സുരക്ഷയും ഒരുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നിലവിലുള്ള ചെക്ഡാമുകള്‍ക്ക് പുറമേ താത്കാലിക ഡാമുകളും ഒരുക്കിയിട്ടുണ്ട്. 175 ഏക്കറോളം സ്ഥലത്ത് പുല്ലും മറ്റും ഒരുക്കിയതിനാല്‍ മൃഗങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ കഴിയുന്നു. കൂടുതല്‍ മൃഗങ്ങള്‍ എത്താനുള്ള സാധ്യത കണക്കിലലെടുത്ത് സുരക്ഷാകാരണങ്ങളാല്‍ വന്യമൃഗസംരക്ഷണ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. അടുത്ത മാസം 20ന് ശേഷം മാത്രമേ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുകയുള്ളൂ. ജില്ലയിലെ കാടുകളില്‍ അഗ്നിബാധ തടയുന്നതിന് മുന്‍കരുതലുകളെടുത്തിട്ടുണ്ട്. 162 വാച്ചര്‍മാരെ അഗ്നിബാധ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിയോഗിച്ചു. എങ്കിലും ചൂട് ക്രമാതീതമായി ഉയരുന്നതു വനംവകുപ്പിനെ ആശങ്കയിലാക്കുകയാണ്. കാടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുതടാകക്കരയിലാണ് വേനല്‍ കഴിയുന്നതു വരെയും മൃഗങ്ങളുടെ ആവാസം.
കര്‍ണാടകയിലെ ഉഷ്ണമേഖലാ വനങ്ങള്‍ വേനല്‍ ശക്തമാകുന്നതോടെ ഇലപൊഴിച്ചു തുടങ്ങുന്നത് പതിവാണ്. മുളങ്കാടുകളും പൂത്തു നശിച്ചതോടെ ഭക്ഷണം തേടി വനഗ്രാമങ്ങളിലേക്കാണ് വന്യമൃഗങ്ങളുടെ ഘോഷയാത്ര. കണ്ണില്‍ കണ്ടതെല്ലാം പിഴുതെടുത്ത് നിരവധി കൃഷിയിടങ്ങള്‍ ചവിട്ടിമെതിച്ചാണ് ഇവയൊക്കെയും തിരിച്ചു പോവുക. പലയിടങ്ങളിലും കിടങ്ങുകളും വൈദ്യുതക്കമ്പി വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും വന്യമൃഗശല്യത്തിന് പരിഹാരമാകുന്നില്ല. കാടിനുള്ളില്‍ത്തന്നെ തീറ്റയും വെള്ളവും ലഭ്യമാക്കുകയാണെങ്കില്‍ വന്യമൃഗശല്യത്തിന് നേരിയ കുറവുണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഉഷ്ണമേഖലാ വനങ്ങളില്‍ കാട്ടുതീ കൂടി പതിവായതോടെ വയനാട് വന്യജീവി സങ്കേതത്തില്‍ മൃഗങ്ങളുടെ ആവാസമേഖല വിശാലമായിട്ടുണ്ട്. ആനത്താരകളിലൂടെ ആനകളുടെ പ്രയാണം തമിഴ്‌നാട്ടില്‍ നിന്നും സമീപവനമായ കേരളത്തിലേക്ക് നീളുന്നു. വന്യമൃഗവേട്ടയും കാട്ടുതീയും തടയുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് പ്രതിവര്‍ഷം വനംവകുപ്പ് നടത്തുന്നത്.
വന്യജീവി സങ്കേതത്തില്‍ വേനലിലാണ് കൂടുതല്‍ മൃഗങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങുക. ഇവയെ തടയാനുള്ള പരമ്പരാഗത സംവിധാനങ്ങള്‍ ഗുണകരമല്ല എന്നാണ് കര്‍ഷകരുടെ പരാതി. കാട്ടാനകളെ തുരത്താന്‍ വ്യത്യസ്തമായ നിരവധി പദ്ധതികളാണ് വനംവകുപ്പ് ആവിഷ്‌കരിച്ചത്. കടുവയുടെ ശബ്ദം റെക്കോഡ് ചെയ്ത് ലൗഡ് സ്പീക്കറിലൂടെ കേള്‍പ്പിക്കുക, സ്ഥിരമായി ആനയിറങ്ങുന്ന വഴികളില്‍ കയറുകളും തുണികളും കെട്ടി അതില്‍ മുളകുപൊടിയും പുകയിലപ്പൊടിയും ഗ്രീസും ചേര്‍ത്ത മിശ്രിതം തേച്ചു പിടിപ്പിക്കുക, ആനപ്പന്തം കത്തിച്ചു വെക്കുക തുടങ്ങിയ നടപടികള്‍ വേണ്ടത്ര വിജയകരമല്ല എന്നാണ് വിലയിരുത്തല്‍.
ഉഷ്ണമെത്തിയാല്‍ ഇലപൊഴിക്കുന്ന തേക്കിന്‍കാടുകളാണ് വന്യജീവി സങ്കേതത്തിന് കടുത്ത ഭീഷണി. അടിഞ്ഞുകൂടുന്ന തേക്കിലകള്‍ കാട്ടുതീയെ ക്ഷണിച്ചു വരുത്തുന്നു.

Latest