Connect with us

Malappuram

ചെറ്റക്കുടിലില്‍ ദുരിതം തിന്ന് സഹോദരിമാര്‍

Published

|

Last Updated

ഇത്താച്ചുട്ടിയെ പരിചരിക്കുന്ന സഹോദരി ആഇശ

താനൂര്‍:അന്താരാഷ്ട്ര വനിതാദിനമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. അന്ന് മുതല്‍ ഇന്നലെ വരെ സ്ത്രീ ശാക്തീകരണത്തിനായി നാടു നീളെ പ്രകടനങ്ങളും പ്രസംഗങ്ങളും അരങ്ങേറുമ്പോഴും താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ചെറ്റക്കുടിലില്‍ ദുരിതം തിന്ന് ജീവിക്കുന്നുണ്ടായിരുന്നു സഹോദരിമാരായ രണ്ട് പെണ്ണുങ്ങള്‍. പരേതനായ മുക്കത്ത് മുഹമ്മദിന്റെ പെണ്‍മക്കളായ ഇത്താച്ചുട്ടിയും ആയിശ ബീവിയുമാണ് ജീവിത സായാഹ്നത്തിന്റെ അവശതയും പേറി ആരാലും സഹായത്തിനില്ലാതെ വേദനകളുമായി കഴിയുന്നത്. അന്‍പത് വര്‍ഷം മുമ്പ് ഇത്താച്ചുട്ടിയുടെയും നാല്‍പത് വര്‍ഷം മുമ്പ് ആഇശയുടെയും വിവാഹം കഴിഞ്ഞെങ്കിലും രണ്ട് പേര്‍ക്കും മക്കലുണ്ടായില്ല. മാത്രമല്ല, രണ്ട് പേരുടെയും ഭര്‍ത്താക്കന്‍മാര്‍ മരണമടയുക കൂടി ചെയ്തതോടെ ് സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു ഇവര്‍ക്ക്. നാട്ടുകാരന്‍ നല്‍കിയ ഭൂമിയില്‍ നിന്നും കുടിയിരുപ്പായി ലഭിച്ച 10 സെന്റ് ഭൂമിയില്‍ ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം. പിന്നീട് രണ്ട് സെന്റ് ഭൂമി അയല്‍വാസിക്ക് വില്‍പന നടത്തി വീട് ഓടിട്ടു. ഇതിനിടെ ഇവരുടെ മാതാപിതാക്കളും മരണത്തിന് കീഴടങ്ങി. എന്നാല്‍ വിധി വീണ്ടും ഇവരെ വേട്ടയാടിക്കൊണ്ടിരുന്നു. ആഇശക്ക് ശരീരം തളര്‍ന്ന് അപൂര്‍വ്വം രോഗം പിടിപെട്ടു. നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയതിനാല്‍ ആഇശയെ രക്ഷിക്കാനായെന്ന് മാത്രം. ഏറെ വൈകാതെ ഇത്താച്ചുട്ടിക്കും ഇതേ രോഗം തന്നെ പിടിപെട്ടു.

രോഗ പീഢയില്‍ ഈ കൊച്ചുകൂരക്കകത്ത് വേദനയില്‍ കഴിയുമ്പോഴും സഹായത്തിനൊരാള്‍ പോലും ഇവര്‍ക്കില്ല. ശരീരം തളര്‍ന്ന് കിടക്കുന്നതോടൊപ്പം കൈകാലുകള്‍ വളഞ്ഞു ചുരുളുന്ന അപൂര്‍വ രോഗമാണ് ഇത്താച്ചുട്ടിയുടേത്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സഹായി വേണം. ഒരുകണ്ണിനു കാഴ്ച ഇല്ലാത്ത ആഇശയാണ് തന്റെ വേദനകള്‍ മറന്ന് സഹോദരിക്ക് കൂട്ടിരിക്കുകയും കഴിയംവിധം പരിപാലിക്കുകയും ചെയ്യുന്നത്. അയല്‍ വാസികളും നാട്ടുകാരുമാണിപ്പോള്‍ ഇവര്‍ക്ക് ഭക്ഷണങ്ങളും മറ്റും എത്തിച്ചു കൊടുക്കുന്നത്. കൃത്യമായ പരിചരണം ലഭിക്കാത്തതിനാല്‍ നിത്യ രോഗിയായ ഇത്താച്ചുട്ടിയുടെയും ആയിശയുടെയും ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. ഒമ്പതു വര്‍ഷത്തോളമായി ഇത്താച്ചുട്ടി കിടക്കുന്നത് വാട്ടര്‍ ബെഡിലാണ്. സ്ഥിരമായി ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന അയല്‍വാസി അവരുടെ പ്രയാസങ്ങള്‍ കാരണം രണ്ടര വര്‍ഷത്തോളമായി വിട്ടുനില്‍ക്കുകയാണ്. ഇതോടെ ഇവരുടെ ഏക അത്താണിയും നഷ്ടമായി. സ്വന്തമായി മലമൂത്ര വിസര്‍ജനം പോലും നടത്താന്‍ കഴിയാത്തതിനാല്‍ ട്യൂബ് ഘടിപ്പിച്ചിരിക്കുകയാണ് ഇത്താച്ചുട്ടിക്ക്. പ്രതിമാസം മരുന്നിനത്തില്‍ മാത്രം 4500 രൂപയാണിവര്‍ക്ക് ചിലവ് വരുന്നത്. വേദനകള്‍ പുറംലോകത്തോട് പറയാതെ പരസ്പരം ക്ഷമിച്ചും സഹിച്ചും കഴിയുമ്പോഴും ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയാണിവര്‍ക്ക്.