Connect with us

Kasargod

കാഞ്ഞങ്ങാടിനായി ബി ഡി ജെ എസ്; ബി ജെ പിയില്‍ അതൃപ്തി

Published

|

Last Updated

ങ്ങാട്: ബി ഡി ജെ എസ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ചമുറുക്കി. ആവശ്യമുന്നയിച്ച് ബി ഡി ജെ എസ് ബി ജെ പിയില്‍ സമ്മര്‍ദം ശക്തമാക്കുകയാണ്. ബിജെ പി യുമായി സഖ്യത്തിലേര്‍പ്പെട്ട ബി ഡി ജെ എസിന് കാഞ്ഞങ്ങാട് മണ്ഡലം വിട്ടുകൊടുക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. രാവണേശ്വരത്തെ എം രാഘവന്‍, എസ് എന്‍ ഡി പി ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി ടി ലാലു എന്നിവരെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബി ഡി ജെ എസ് പരിഗണിച്ചു വരുന്നു.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി ഡി ജെ എസ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് സീറ്റ് തങ്ങള്‍ക്ക് വിട്ടു കിട്ടുമെന്ന് ഉറപ്പായതോടെയാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ തുടങ്ങിയത്. ബി ഡി ജെ എസ് കടുത്ത സമ്മര്‍ദം തുടരുകയാണെന്നാണ് വിവരം. ഇവരുടെ നീക്കം സഖ്യകക്ഷിയായ ബി ജെ പിയില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. വ്യവസായ പ്രമുഖന്‍ എം നാഗരാജനെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെപി ഏതാണ്ട് തീരുമാനമായ ഘട്ടത്തിലാണ് ബി ഡി ജെ എസിന്റെ രംഗപ്രവേശം. ബിജെപി ശക്തമായി പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന തലത്തില്‍ തന്നെ തീരുമാനിച്ച 20 സീറ്റുകളില്‍ ഒന്നാണ് കാഞ്ഞങ്ങാട്ടേത്. അതുകൊണ്ട് തന്നെ കാഞ്ഞങ്ങാട് വിട്ടു നല്‍കരുതെന്ന ശക്തമായ ആവശ്യം അവര്‍ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.