Connect with us

Kozhikode

കൊടുവള്ളിയില്‍ ഇടതിന് ലീഗ് വിമതന്റെ പിടിവള്ളി

Published

|

Last Updated

കോഴിക്കോട്:സംസ്ഥാനത്തെ 139 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചിത്രങ്ങള്‍ തെളിഞ്ഞില്ലെങ്കിലും ഒരു മണ്ഡലത്തില്‍ പ്രചാരണം കൊഴുത്തിട്ട് ആഴ്ച്ച കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഉറച്ച സീറ്റെന്ന് വിശ്വസിക്കപ്പെടുന്ന, ലീഗിന്റെ ശക്തി കേന്ദ്രവുമായ കൊടുവള്ളിയാണ് തിരഞ്ഞെടുപ്പ് ആവേശത്തില്‍ അമര്‍ന്നിരിക്കുന്നത്. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖും എല്‍ ഡി എഫിനായി മുസ്‌ലിം ലീഗ് മുന്‍ മണ്ഡലം സെക്രട്ടറി കാരാട്ട് റസാഖുമാണ് കൊമ്പുകോര്‍ക്കുന്നത്.

ഇരു സ്ഥാനാര്‍ഥികള്‍ക്കും വോട്ട് അഭ്യര്‍ഥിച്ചുള്ള കൂറ്റന്‍ കട്ടൗട്ടുകളും ചുമരെഴുത്തുകളും മണ്ഡലത്തില്‍ നിറഞ്ഞു കഴിഞ്ഞു. പാര്‍ട്ടികളുടെ രഹസ്യവും പരസ്യവുമായ യോഗങ്ങളും വിവിധ സാമുദായിക നേതാക്കന്‍മാരുമായുള്ള കൂടിക്കാഴ്ചകളും ശക്തി പ്രകടനങ്ങളും ഇതിനകം നടന്നു കഴിഞ്ഞു. കാരാട്ട് റസാഖിന്റെ സ്ഥാനാര്‍ഥിത്വം എല്‍ ഡി എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തന്നെയാണ് കരാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോണി ചിഹ്നത്തില്‍ എം എ റസാഖ് വോട്ട് അഭ്യര്‍ഥിക്കുമ്പോള്‍ ചിഹ്നം ലഭിക്കാത്തതിനാല്‍ കരാട്ട് റസാഖിന് വോട്ട് ചെയ്യൂ എന്ന അഭ്യര്‍ഥനയാണ് എതിരാളികളുടെ ബാനറുകളിലുള്ളത്.

2006ല്‍ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പി ടി എ റഹീം കൊടുവള്ളിയില്‍ വിജയക്കൊടി പാറിച്ചിരുന്നു. സമാനമായ ഒരു പരീക്ഷണത്തിനാണ് എല്‍ ഡി എഫ് കരാട്ട് റസാഖിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദും ലീഗ് രാഷ്ട്രീയത്തില്‍ അതികായനായിരുന്ന പി എം അബൂബക്കറുമല്ലാം ജയിച്ച് കയറിയ മണ്ഡലത്തില്‍ പാര്‍ട്ടി വിമതനെ മുട്ടുകുത്തിക്കാനുള്ള പ്രചാരണങ്ങള്‍ ലീഗ് അണികളും തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയത് പോലെ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ കിട്ടാവുന്നവരെയെല്ലാം ഒരുമിച്ച് യോജിച്ച ഒരു പോരാട്ടത്തിനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്.

എല്‍ ഡി എഫിന് അകത്തുള്ളതും പുറത്ത് പിന്തുണക്കുന്നതുമായ കക്ഷികള്‍ക്ക് പുറമെ മലയോര കര്‍ഷക സമിതി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെയെല്ലാം പിന്തുണ തേടാന്‍ ശ്രമം നടക്കുന്നുണ്ട്. കൂടാതെ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും മുതലെടുക്കാന്‍ കഴിയുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. പി ടി എ റഹീം ജയിച്ച 2006ലെ തിരഞ്ഞെടുപ്പില്‍ ഡി ഐ സി സ്ഥാനാര്‍ഥിയായ കെ മുരളീധരനായിരുന്നു യു ഡി എഫിനായി കൊടുവള്ളിയില്‍ മത്സരിച്ചത്. അന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കാലുവാരിയതിനെ തുടര്‍ന്നാണ് മുരളീധരന്‍ തോറ്റതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നേരിയ ഭൂരിഭക്ഷത്തിനാണെങ്കിലും ഒരു അട്ടിമറി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം തന്നെയാണ് എല്‍ ഡി എഫ് നടത്തുന്നത്.

എന്നാല്‍ പി ടി എ റഹീം പാര്‍ട്ടിവിട്ടുപോയ ഒരു രാഷ്ട്രീയ സാഹചര്യമല്ല മണ്ഡലത്തിലുള്ളതെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു. റഹീം പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തകരില്‍ ഒരു വിഭാഗവും പാര്‍ട്ടി വിട്ടിരുന്നു. എന്നാല്‍ റസാഖ് പാര്‍ട്ടി വിട്ടപ്പോള്‍ ഒരു പ്രവര്‍ത്തകനെ പോലും കൂടെകൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല 2006ലെ ഇടത് തംരഗത്തില്‍ മറ്റ് പല സുരക്ഷിത മണ്ഡലങ്ങളും നഷ്ടപ്പെട്ടത് പോലെ കൊടുവള്ളിയും മറിയുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രമെടുത്താല്‍ യു ഡി എഫിനും ലീഗിനും ആശങ്കപ്പെടാന്‍ ഒന്നുമില്ല. 1957ലെ തിരഞ്ഞെടുപ്പ് മുതല്‍ ഇങ്ങോട്ട് എടുത്താല്‍ റഹീം ജയിച്ച 2006ല്‍ മാത്രമാണ് കൊടുവള്ളിയിലെ ഹരിതകോട്ടക്ക് ഇളക്കം തട്ടിയത്.

1957ലും 1960ലും കോണ്‍ഗ്രസിലെ ഗോപാലന്‍കുട്ടി നായരാണ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ ഇ അഹമ്മദ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ പിന്നീട് ഇങ്ങോട്ട് ലീഗിന്റെ തേരോട്ടമായിരുന്നു. 1980ലും 1982ലും പി വി മുഹമ്മദ്, 1987ല്‍ പി എം അബൂബക്കര്‍, 1991ല്‍ വീണ്ടും പി വി മുഹമ്മദ്, 1996ല്‍ സി മോയിന്‍കുട്ടി, 2001ല്‍ സി മമ്മൂട്ടി, 2011ല്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എന്നീ ലീഗ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി. 2006ല്‍ പി ടി എ റഹീം 7506 വോട്ടിനാണ് ജയിച്ചതെങ്കില്‍ 2011ല്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിഭക്ഷമായ 16552 വോട്ടിനാണ് ഉമ്മര്‍ മാസ്റ്റര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സമാന വിജയം യു ഡി എഫ് കൊടുവള്ളിയില്‍ ആവര്‍ത്തിച്ചു. കോഴിക്കോട് എം പിയായ എം കെ രാഘവന് കൊടുവള്ളിയില്‍ നിന്ന് മാത്രം കിട്ടിയത് 16599 വോട്ടിന്റെ ഭൂരിഭക്ഷമാണ്. സമാന വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് മണ്ഡലത്തില്‍ സംഭവിച്ചത്. മണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റി, ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകള്‍ യു ഡി എഫ് നേടിയപ്പോള്‍ കട്ടിപ്പാറ, നരിക്കുനി പഞ്ചായത്തുകള്‍ എല്‍ ഡി എഫ് കരസ്ഥമാക്കി. ഇതില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ യു ഡി എഫ് മുന്നിലാണെങ്കിലും കൂടുതല്‍ വോട്ട് ലഭിച്ചത് എല്‍ ഡി എഫിനാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം തന്നെയാണ് മികച്ച പോരാട്ടം നടത്താല്‍ എല്‍ ഡി എഫിന് ആത്മവിശ്വാസമേകുന്നത്.