Connect with us

International

ബ്രസീല്‍ മുന്‍ പ്രസിഡന്റിന് വീണ്ടും തിരിച്ചടി

Published

|

Last Updated

ബ്രസീലിയ: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇന്‍സിയോ ലുലാ ഡ സില്‍വയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടി. മന്ത്രിസഭാ തലവനായി ലുലായെ കൊണ്ടുവന്ന് നിയമനടപടികളില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള പ്രസിഡന്റ് ദില്‍മാ റൂസഫിന്റെ നീക്കത്തിന് കോടതിയാണ് തടയിട്ടത്. മുന്‍ പ്രസിഡിന്റിനെ മന്ത്രിസഭയിലെടുത്തു കൊണ്ടുള്ള തീരുമാനം സുപ്രീം കോടതി ജഡ്ജ് റദ്ദാക്കുകയായിരുന്നു. ദില്‍മയുടെ തീരുമാനത്തിനെതിരെ രാജ്യത്താകെ പ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് കോടതി ഇടപെടല്‍. ദില്‍മയെ അനുകൂലിച്ചും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

ദില്‍മാ റൂസഫിന്റെ തീരുമാനം അഴിമതിക്കേസില്‍ ലുലായുടെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമായതായി ജസ്റ്റിസ് ഗില്‍മര്‍ മെന്‍ഡസ് നിരീക്ഷിച്ചു. കീഴ്‌ക്കോടതി ലുലായുടെ അറസ്റ്റിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ തിടുക്കപ്പെട്ടെടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മെന്‍ഡസ് വിധിപ്രസ്താവത്തില്‍ പറയുന്നു. ആടിയുലയുന്ന ദില്‍മ സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് വിധി. പൂര്‍ണ കോടതിക്ക് മുമ്പാകെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ നിരവധി അവധികളുള്ളതിനാല്‍ അപ്പീല്‍ പരിഗണിക്കാന്‍ വൈകും.

പൊതു മേഖലാ എണ്ണ കമ്പനിയായ പെട്രോബ്രാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ക്രമക്കേട് നടന്നുവെന്നാണ് ലുലക്കെതിരായ ആരോപണം. ക്യാബിനറ്റ് പദവി ലഭിച്ചിരുന്നുവെങ്കില്‍ ലുല പ്രത്യേക പരിരക്ഷകള്‍ക്ക് അര്‍ഹനാകുമായിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ലുല സര്‍ക്കാറിന്റെ ഭാഗമാകുന്നതിനെ കീഴ്‌ക്കോടതികളും എതിര്‍ത്തിരുന്നു.

Latest