Connect with us

Kerala

സ്ഥാനാര്‍ഥികളെ നിര്‍ത്തി വിലപേശാന്‍ ടി നസിറുദ്ദീന്‍

Published

|

Last Updated

കോഴിക്കോട് :സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറെടുക്കുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി വ്യാപാരി സംഘടനക്ക് സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ഭീഷണി മുഴക്കാന്‍ തുടങ്ങിയിട്ടെങ്കിലും ഇത്തവണയത് വെറും വാക്കല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സൂചന നല്‍കുന്നു. സംസ്ഥാനത്ത് കുറഞ്ഞത് പത്ത് മണ്ഡലങ്ങളിലെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് സംഘടനയുടെ നീക്കം. സംഘടന നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ മുന്നണികള്‍ക്ക് പിന്തുണക്കാമെന്നാണ് ടി നസിറുദ്ദീന്റെ നയം. ഏത് മുന്നണിയെന്ന് ഏകോപന സമിതിക്ക് യാതൊരു നിര്‍ബന്ധവുമില്ല. കോണ്‍ഗ്രസിനോടും യു ഡി എഫിനോടും പണ്ടുള്ള അടുപ്പം ഇപ്പോഴില്ല. അതുകൊണ്ട് തന്നെ ഇടതോ വലതോ ആരുമായും കൂട്ടുകൂടാന്‍ സംഘടന തയ്യാറാണ്.
സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തിലുള്ള ആലോചനകള്‍ തുടങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയുമാണ്. ഇരിക്കൂര്‍, തിരുവമ്പാടി, തിരൂര്‍, ആലുവ, തൃശൂര്‍ തുടങ്ങി പത്തിലേറെ മണ്ഡലങ്ങളിലാണ് സംഘടന മത്സരിക്കാന്‍ തീരുമാനിച്ചത്. ഈ സീറ്റുകളില്‍ മുന്നണിയുടെ പിന്തുണ തേടിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഏതായാലും തനിച്ച് മത്സരിച്ച് ശക്തി തെളിയിക്കാനല്ല, മറിച്ച് ഏതെങ്കിലും മുന്നണിയുടെ സഹായത്തോടെ വ്യാപാരികളുടെ പ്രതിനിധിയെ നിയമസഭിയിലെത്തിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചും സ്ഥാനാര്‍ഥികളെ കുറിച്ചും ഈ മാസം 23 ന് ആലപ്പുഴയില്‍ വെച്ച് നടക്കുന്ന ഏകോപന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. യുവാക്കളായ വ്യാപാരികള്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കുക.കേരളത്തില്‍ 14 ലക്ഷം വ്യാപാരികളുണ്ടെന്നാണ് കണക്ക്. കേരളത്തിലെ ജനങ്ങളില്‍ പകുതിയോളവും വ്യാപാര അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവരാണ്. ഈ സ്ഥിതിയില്‍ വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളുടെയും കണക്കെടുത്താല്‍ ചുരുങ്ങിയത് അഞ്ച് കോടി വരും വ്യാപാരി വോട്ടെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാല്‍, പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നവരാണിവരെന്നതാണ് യാഥാര്‍ത്യം. നേരത്തെ 1987 ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കേരളത്തില്‍ മത്സരിച്ചിരുന്നു. അന്ന് ഒരു ഡസനേളം സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. എവിടെയും ജയിക്കാനായില്ലെങ്കിലും സംസ്ഥാനത്ത് യു ഡി എഫിന്റെ സ്ഥാനാര്‍ഥികളില്‍ പലരുടെയും പരാജയത്തിന് അത് കാരണമായി. പിന്നീടിതുവരെ സംഘടന മത്സരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ പരസ്യമായിട്ടല്ലെങ്കിലും യു ഡി എഫിന് അനുകൂല നിലപാടാണ് സ്വീകരിച്ച് പോന്നിട്ടുള്ളതും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.
തൃശുരില്‍ നടന്ന ഏകോപന സമിതിയുടെ വന്‍ റാലിയില്‍ കോണ്‍്ഗ്രസിനും യു ഡി എഫ് സര്‍ക്കാരിനും എതിരെ കടുത്ത വിമര്‍ശമാണ് സംസ്ഥാന പ്രസിഡന്റ് നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണച്ചത് മണ്ടത്തമായെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും നസിറുദ്ദീന്‍ അന്ന് പറഞ്ഞിരുന്നു. അധികാരത്തിലേറാന്‍ സഹായിച്ച വ്യാപാരി സമൂഹത്തെ നാലരവര്‍ഷം കൊണ്ട് സര്‍ക്കാര്‍ തകര്‍ത്തുവെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും വ്യാപാരി പ്രതിനിധികള്‍ മത്സരിക്കുമെന്നും അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാത്തിടത്ത് പലരെയും തോല്‍പ്പിക്കാനാകുമെന്ന ഏകോപന സമിതിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് കടുത്ത ഭീഷണിയാണ്. കേരളത്തിലെ വ്യാപാരികള്‍ കോടിക്കണക്കിന് രൂപ നികുതി നല്‍കുന്നുണ്ട്. കൃത്യമായി നികുതി അടക്കുന്ന വ്യാപാരികളെ പീഡിപ്പിക്കുകയാണ് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ വ്യാപാരികളുടെ ആവശ്യങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നത് കൊണ്ടാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.