Connect with us

National

കന്‍ഹയ്യ കോണ്‍ഗ്രസിന്റെ 'പോസ്റ്റര്‍ പുത്രന്‍'

Published

|

Last Updated

ഗുവാഹതി: രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട് ജയിലാകുകയും ഇപ്പോള്‍ ജാമ്യം നേടുകയും ചെയ്ത ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ എ ഐ എസ് എഫിന്റെ നേതാവാണ്. സി പി ഐയാണ് അദ്ദേഹത്തിന്റെ മാതൃ പാര്‍ട്ടി. ഇതൊന്നും അസമിലെ കോണ്‍ഗ്രസിന് വിഷയമല്ല. ബി ജെ പി പ്രതിരോധിക്കാന്‍ നല്ല ആയുധം കന്‍ഹയ്യയാണെന്ന് അവര്‍ക്കറിയാം. ഇടത്പക്ഷത്തെ പോലും കടത്തിവെട്ടി അസമില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധമായി മാറിയിരിക്കുകയാണ് കന്‍ഹയ്യ. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡുകളില്‍ കന്‍ഹയ്യയാണ് താരം. ഫാസിസ്റ്റ്‌വിരുദ്ധ മനോഭാവം സൃഷ്ടിച്ചെടുക്കാനും അത് വോട്ടാക്കിമാറ്റാനുമുള്ള ഉപാധിയായിട്ടാണ് കന്‍ഹയ്യ കോണ്‍ഗ്രസ് പോസ്റ്ററിലെ ഇഷ്ടതാരമായത്. “ഇതാണോ അച്ഛാദിന്‍” എന്നെഴുതിയ കൂറ്റന്‍ ഫഌക്‌സുകളാണ് ഗുവാഹതിയടക്കമുള്ള നഗരങ്ങളില്‍ ഉയര്‍ന്നത്.
ബംഗാളിലെ ഇടതുപക്ഷവുമായുള്ള സഖ്യരൂപവത്കരണവും ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്ന പോസ്റ്ററുകള്‍ക്കും പിന്നാലെ അസമില്‍ നിന്നുള്ള പോസ്റ്റര്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
എന്നാല്‍, സി പി ഐയുടെ വിദ്യാര്‍ഥി നേതാവിന്റെ ചിത്രം കോണ്‍ഗ്രസ് പോസ്റ്ററില്‍ ഉയര്‍ന്നതോടെ രോഷപ്രകടനവുമായി ബി ജെ പി രംഗത്തെത്തി. കന്‍ഹയ്യയെ ഉയര്‍ത്തിക്കാട്ടുന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുതലെടുപ്പാണെന്നും ഇത്തരത്തിലുള്ള ഒരുപാട് വിദ്യാര്‍ഥി നേതാക്കള്‍ ബി ജെ പിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ഭാനന്ദ സൊനോവല്‍ പറഞ്ഞു.
അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് തെളിയിക്കുകയെന്ന ലക്ഷ്യത്തിനാണ് കന്‍ഹയ്യയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്ന് അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി തരുണ്‍ ഗോഗോയ് പറഞ്ഞു.

Latest