Connect with us

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുടിവെള്ള പദ്ധതികള്‍ പോലും മുടക്കുകയാണെന്ന് മുഖ്യമന്ത്രി. വര്‍ഷങ്ങളായി നടന്നുവരുന്ന പദ്ധതികള്‍ പോലും നടത്താന്‍ കമ്മീഷന്‍ അനുവദിക്കുന്നില്ല. ബജറ്റ് പ്രഖ്യാപനമായ സൗജന്യ അരി വിതരണ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിവെള്ള വിതരണത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും നിര്‍ത്തിവെക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങള്‍ ജനജീവിതത്തെ ബാധിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പൈട്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. 2009 ല്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ കാലത്താണ് വിജിലന്‍സ് ഡയറക്ടര്‍ ഇത് സംബന്ധിച്ച കത്തയച്ചത്. വിവരങ്ങള്‍ തരുന്നവരുടെ പേരുകള്‍ പുറത്താകാതിരിക്കാന്‍ സംവിധാനം വേണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. നല്ല ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ അതിന് വ്യാഖ്യാനം വന്നത് വേറൊരു തരത്തിലാണ്. ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തിരുത്തേണ്ട വിഷയങ്ങളുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest