Connect with us

International

യു എന്നിന്റെ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നില്ല: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: യു എന്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാവലാളാണെന്ന് വിശ്വസിക്കുന്നില്ലെന്ന് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ്. യു എന്നിന്റെ ആഭിമുഖ്യത്തില്‍ വരാനിടയുള്ള ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണ കരാര്‍ വീറ്റോ ചെയ്യുമെന്നും താന്‍ പ്രസിഡന്റാല്‍ ഇസ്‌റാഈലിന് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും ട്രംപ് പറഞ്ഞു. മുസ്‌ലിംകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ കടുത്ത ആക്രമണം നടത്തുന്ന ട്രംപിന്റെ മധ്യേഷ്യന്‍ നയം കൂടി ഇതോടെ വ്യക്തമായിരിക്കുകയാണ്. അമേരിക്കന്‍ ഇസ്‌റാഈല്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു.

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് അടിച്ചേല്‍പ്പിച്ച് കൊണ്ടല്ല. അത്തരം ഏത് ശ്രമത്തേയും അമേരിക്ക വീറ്റോ ചെയ്യും. ഇറാന്റെ നേതൃത്വത്തിലുള്ള ആഗോള തീവ്രവാദി ശൃംഖല തകര്‍ക്കാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ സമയം വിനിയോഗിക്കും. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുകയെന്നത് പ്രഖ്യാപിത നയമായിരിക്കും. ഇറാനുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണം. താന്‍ ഏറെക്കാലം ബിസിനസുകാരനായിരുന്നു. കരാറുകള്‍ ആര്‍ക്കാണ് ഗുണകരമെന്നാണ് നോക്കേണ്ടത്. ഇറാനുമായി ഉണ്ടാക്കിയ കരാര്‍ അമേരിക്കക്കും ഇസ്‌റാഈലിനും ദുരന്തം മാത്രമേ സമ്മാനിക്കൂ- ട്രംപ് പറഞ്ഞു.