Connect with us

Kerala

എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ അടുത്ത മാസം ഒന്നിന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ സമാപിച്ചു. 4,74,267 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ക്യാമ്പുകള്‍ അടുത്ത മാസം ഒന്നിന് ആരംഭിക്കും. സംസ്ഥാനത്ത് 54 ക്യാമ്പുകളാണുള്ളത്. 16ന് മൂല്യനിര്‍ണയം സമാപിക്കും. ശേഷം എന്‍ ഐ സി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലേക്ക് മാര്‍ക്ക് അപ്‌ലോഡ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതില്‍ ഗുരുതരപിഴവ് സംഭവിക്കുകയും ഫലപ്രഖ്യാപനം തകിടംമറിയുകയും ചെയ്തിരുന്നു. ഇത്തവണ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുല്യനിര്‍ണയ ക്യാമ്പുകളില്‍ വെച്ച് എന്‍ട്രി ചെയ്യുന്ന മാര്‍ക്കുകള്‍ കൃത്യമാണോയെന്ന് പരീക്ഷാ ഭവനില്‍ കൂടുതല്‍ പരിശോധനയുണ്ടാകും. അടുത്ത മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരീക്ഷാ സെക്രട്ടറി ഡോ. കെ ഐ ലാല്‍ അറിയിച്ചു.
രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 29ന് തീരും. 4.70 ലക്ഷം കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നത്. അടുത്ത മാസം നാലിനാണ് മൂല്യനിര്‍ണയം തുടങ്ങുന്നത്. നാല് കോമ്പിനേഷനുകളിലായി 53 വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം 15 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി മോഹനകുമാര്‍ അറിയിച്ചു. മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും.

Latest