Connect with us

Kannur

ധര്‍മടത്തെ തിരഞ്ഞെടുപ്പ് ഗ്രാമീണ ചുമരെഴുത്തിന് ആറര പതിറ്റാണ്ടത്തെ പിന്‍വിളി

Published

|

Last Updated

തലശ്ശേരി: ആറര പതിറ്റാണ്ട് മുമ്പിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അനുസ്മരണകളുമായി ഒരു ചുമരെഴുത്ത്. ധര്‍മ്മടം പഴയ പാലത്തിന് സമീപം മാപ്പിള ജെ ബി എസ് റോഡിലെ പഴയ കെട്ടിടചുമരിലാണ് 1951ലെ തിരഞ്ഞെടുപ്പിന്റെ ഓര്‍മപ്പെടുത്തലുകളുമായുള്ള പ്രചാരണ വരികളുള്ളത്. 65 വര്‍ഷം മഴയും വെയിലുമേറ്റിട്ടും മാഞ്ഞിട്ടില്ലാ ഈ മുദ്രണം. സൂക്ഷിച്ചുനോക്കിയാല്‍ അക്ഷരങ്ങള്‍ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. കാവിയും കറുപ്പുമാണ് നിറം. കേരളത്തില്‍ ആദ്യലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുവന്ന വര്‍ഷത്തിലാണ് ഐക്യമുന്നണി സ്ഥാനാര്‍ഥികള്‍ സി എച്ച് കണാരനും നെട്ടൂര്‍ പി ദാമോദരനും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള ചുമരെഴുത്തിന്റെ പിറവി. എം കെ വിദ്യാര്‍ഥി എന്നറിയപ്പെട്ട പാലയാട്ടെ പരേതനായ എം കൃഷ്ണനായിരുന്നു എഴുത്തിന്റെ ശില്‍പ്പി.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി അക്കാലങ്ങളില്‍ ബോര്‍ഡുകളും ബാനറുകളും എഴുതിയിരുന്നത് കൃഷ്ണനായിരുന്നു. അന്ന് വടകര ലോക്‌സഭാ മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് നെട്ടൂര്‍ പി ദാമോദരന്‍ മത്സരിച്ചത്. അഡ്വ. പി കുഞ്ഞിരാമന്‍ നായരായിരുന്നു നെട്ടൂര്‍ പിയുടെ എതിരാളി. മത്സരത്തില്‍ നെട്ടൂര്‍ വിജയിച്ചു. നിറം മങ്ങിയെങ്കിലും കാലത്തിന് മായ്ക്കാന്‍ കഴിയാത്ത ചുമരെഴുത്ത് പുതുതലമുറക്ക് അത്ഭുതമാകുകയാണ്.

Latest