Connect with us

Kerala

ജി സുധാകരനെതിരെ അമ്പലപ്പുഴയില്‍ വ്യാപക പോസ്റ്റര്‍

Published

|

Last Updated

അമ്പലപ്പുഴ: ജി സുധാകരന്‍ എം എല്‍ എക്കെതിരെ അമ്പലപ്പുഴ മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ സി പി എമ്മിന്റെ പേരില്‍ പോസ്റ്ററുകള്‍. ജി സുധാകരനെ സംസ്ഥാന കമ്മിറ്റി ചങ്ങലക്കിടുക, ജി സുധാകരന്‍ സംസ്ഥാന കമ്മിറ്റിക്കും മുകളിലോ എന്നീ തലക്കെട്ടുകളോടെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
പാര്‍ട്ടിയെ കമ്പനിയാക്കി സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്ന നടപടികളാണ് സുധാകരന്‍ സ്വീകരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സുധാകരന്റെ വാല്യക്കാരല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലയില്‍ അനാവശ്യ വിവാദങ്ങള്‍ സുധാകരന്‍ ഉണ്ടാക്കി. സുധാകരന്‍ പാര്‍ട്ടിയെ നാമാവശേഷമാക്കും. വെള്ളാപ്പള്ളിയുമായി രഹസ്യ ചര്‍ച്ച നടത്തുകയും ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്ത സുധാകരന്റെ സ്ഥാനാര്‍ഥിത്വം പുന:പരിശോധിക്കണം. ബി ഡി ജെ എസുമായി ചര്‍ച്ച നടത്തി അമ്പലപ്പുഴയില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാന്‍ ധാരണയാക്കിയ സുധാകരന്റെ മാടമ്പിത്തരം അവസാനിപ്പിക്കണണമെന്നും പോസ്റ്ററില്‍ പറയുന്നു.
കായംകുളത്ത് വി എസ് പക്ഷക്കാരനായ സിറ്റിംഗ് എം എല്‍ എ. സി കെ സദാശിവനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് അവിടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലും സുധാകരന്‍ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. തുടര്‍ന്ന് ജില്ലാ കമ്മിറ്റി തന്നെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെ താക്കീതുമായി രംഗത്തെത്തുകയും പോസ്റ്ററിന് പിന്നില്‍ സി കെ സദാശിവനാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. കായംകുളം പോസ്റ്റര്‍ പതിക്കലിന് ശേഷം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രതിഭാഹരിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നപ്പോള്‍ യോഗത്തില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
പിന്നീട് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രതിഭാ ഹരിയെ സ്ഥാനാര്‍ഥിയാക്കിയതും സി കെ സദാശിവനെ ഒഴിവാക്കിയതും. സുധാകരനെതിരെ പോസ്റ്ററിന് പിന്നില്‍ വി എസ് പക്ഷക്കാരാണെന്നും അതല്ല, ഇരു വിഭാഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മുതലെടുക്കാനുള്ള തത്പര കക്ഷികളാണെന്നുമുള്ള വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഏതായാലും സി കെ സദാശിവന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വര്‍ധിച്ചിരിക്കുകയാണെന്ന് പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു.