Articles
പ്രവാസികളുടെ നോട്ട് മാത്രം മതിയോ?
മെയ് മാസത്തില്‍ കേരളത്തില്‍ മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങകലെ ഫിലിപ്പീനിലും ആ മാസത്തില്‍ തന്നെയാണ് തിരഞ്ഞെടുപ്പ്. ഗള്‍ഫില്‍ നിന്ന് വളരെ ന്യൂനപക്ഷം മലയാളികളെങ്കിലും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പോലെ അവര്‍ക്കായി ചിലപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം പണമെടുത്ത് ഒരു വിമാനവും ചാര്‍ട്ടര്‍ ചെയ്യും. മാധ്യമങ്ങള്‍ അതു വലിയ സംഭവമാക്കി ആഘോഷിച്ചേക്കും. പലവിധ സാഹചര്യങ്ങളാല്‍ വിമാനം കയറിയ മലയാളികളുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം ഇങ്ങനെയൊക്കെയാണ്.
തൊഴില്‍ തേടി സ്വന്തം നാട്ടില്‍ നിന്ന് മനുഷ്യരെ വിദേശങ്ങളിലേക്ക് പറഞ്ഞയച്ചതില്‍ പ്രതിസ്ഥാനത്ത് ആദ്യം വരുന്നത് ആ പ്രദേശത്തെ ഭരണകൂടം തന്നെയാണ്. അവരുടെ പോരായ്മയാണല്ലോ അവിടുത്തെ ജനതയെ തൊഴില്‍ തേടി മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയച്ചത്. അങ്ങനെയെല്ലാമാണെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് ക്ഷേമകരമായ കാര്യങ്ങളൊന്നും ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെങ്കിലും ഗള്‍ഫിലെ വളരെ ചെറിയ ന്യൂനപക്ഷം എങ്ങനെയെങ്കിലും ടിക്കറ്റെടുത്ത് നാട്ടില്‍ വന്ന് വോട്ട് ചെയ്തുപോകും. കാരണം അവര്‍ ജനാധിപത്യത്തില്‍ അത്രയേറെ പ്രതീക്ഷവെച്ച് പുലര്‍ത്തുകയോ അതല്ലെങ്കില്‍ രാഷ്ട്രീയ കക്ഷിയോട് അന്തമായി ആഭിമുഖ്യം പുലര്‍ത്തുകയോ ചെയ്യുന്നു.
മലയാളികള്‍ക്ക് പൊതുവെ ഫിലിപ്പീന്‍ ജനതയെ പുച്ഛമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അവര്‍ വീടുകളിലെയും മറ്റും ആഭ്യന്തര ജോലികളില്‍ ഇടപെടുന്നു എന്നതാണ് ഇതിന് പ്രധാനമായുള്ള കാരണം. മലയാളികളെ അപേക്ഷിച്ച് താരതമ്യേന ഉയരക്കുറവും അവര്‍ക്കുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് ഫിലിപ്പീന്‍സില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.
ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുമ്പോള്‍ അതില്‍ വോട്ട് ചെയ്യാന്‍ പോലും കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്. എന്നാല്‍ വളരെ അന്തസ്സായി തന്നെ ഫിലിപ്പീന്‍സുകാര്‍ ഗള്‍ഫില്‍ നിന്ന് വോട്ട് ചെയ്യും. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ രജിസ്‌ട്രേഷന്‍ ക്യാമ്പുകളില്‍ കൂടിയാണ് അവര്‍ വോട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് വരെ സംഘടിപ്പിച്ചു. 2013ല്‍ എംബസി വഴിയായിരുന്നു വോട്ട് ചെയ്തിരുന്നതെങ്കിലും ഇത്തവണ അത് കൂടുതല്‍ പേര്‍ക്കെത്തിക്കാന്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറ്റിയാണ് ഫിലിപ്പീന്‍സ് ഇന്ത്യക്ക് പോലും മാതൃക കാണിക്കുന്നത്. നമുക്കിപ്പോഴും ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാക്കാനായിട്ടില്ല.
2014ലെ കണക്കനുസരിച്ച് 24 ലക്ഷം ജനങ്ങളാണ് പ്രവാസി മലയാളികള്‍. 2011ല്‍ ഇത് 22. 8 ലക്ഷമായിരുന്നു. ഓരോ വര്‍ഷവും പ്രവാസികളാകുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. കേരളീയരുടെ പ്രധാന കുടിയേറ്റ സ്ഥലം ഗള്‍ഫ് രാജ്യങ്ങളാണ്. സഊദി, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മലയാളി ഏറെയും കുടിയേറിയിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസി അയക്കുന്ന നോട്ടില്‍ മാത്രമാണ് ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെല്ലാം ഇപ്പോഴും കണ്ണുള്ളത്. അവരുടെ വോട്ടിനെ കുറിച്ചോ ആവശ്യമായ ക്ഷേമ പദ്ധതികളെ കുറിച്ചോ വിഷമങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചോ ഒന്നും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
പ്രവാസികളും വികസനവും
ഏറെ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. അഞ്ചു വര്‍ഷം കുടുമ്പോഴുണ്ടാകുന്ന ഭരണമാറ്റമല്ല കാരണം, മറിച്ച് ഭൂപരിഷ്‌കരണവും പ്രവാസിപ്പണവുമാണ് അതിലേക്ക് വഴിവെച്ചത്. കേരളത്തിലെ സാധാരണക്കാര്‍ക്ക് ഒരു തുണ്ട് ഭൂമി ലഭിച്ചതാണ് ഭൂപരിഷ്‌കരണ നിയമത്തിലൂടെ സാധ്യമായതെങ്കില്‍ ആ ഭൂമിയില്‍ കാര്യമായി വല്ലതും ഉണ്ടായത് പ്രവാസിപ്പണം കൊണ്ടാണ്.
മണലാരണ്യത്തിലെ മസറകളില്‍ ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ചു കിട്ടിയ ശമ്പളം മുതല്‍ വലിയ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ പണം വരെ ഇക്കൂട്ടത്തിലുണ്ട്. ഗള്‍ഫിലെ മഹാഭൂരിപക്ഷം പ്രവാസികളും കൂലിവേലക്കാരും താഴ്ന്ന ശമ്പളത്തിന് ജോലി ചെയ്യുന്നവരുമാണ്. എങ്കിലും കിട്ടുന്ന തുച്ഛശമ്പളം മറുനാട്ടിലെ അടിപൊളി ജീവിതത്തിന് ചെലവാക്കാതെ അവര്‍ നാട്ടിലേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു. കേരള സംസ്ഥാനം നിലവില്‍ വന്ന 1956 മുതല്‍ 1987വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. പ്രതിവര്‍ഷം 1.12 ശതമാനം വീതമായിരുന്നു വരുമാനം വളര്‍ന്നിരുന്നത്. 1987-2011 കാലത്ത് ഇത് 6. 7 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിലെ ഗള്‍ഫ് കുടിയേറ്റമായിരുന്നു ഇതിന് പ്രധാന കാരണം. തത്ഫലമായി ലക്ഷം കോടിയോളം രൂപ കേരളത്തിലേക്ക് എത്തിച്ചേരുന്ന അവസ്ഥ വന്നു. 2014ലെ കണക്ക് പ്രകാരം 71,142 കോടി രൂപയാണ് വിദേശപണമായി എത്തിയത്. ഇങ്ങനെയൊക്കെ പണമെത്തിയിട്ടും പ്രവാസികളെ ഒന്നാംകിട പൗരന്മാരായി കാണാനോ അയക്കുന്ന പണത്തെ കാര്യക്ഷമമായി വിനിയോഗിക്കാനോ വികസിത പദ്ധതികളില്‍ നിക്ഷേപിക്കാനോ സാധിക്കാതെപോയത് പ്രവാസികളുടെ പോരായ്മയല്ല. ഇവിടുത്തെ രാഷ്ട്രീയഭരണകൂട നേതൃത്വങ്ങളുടെ പോരായ്മ മാത്രമാണ്.
എന്താണ് പ്രവാസിക്ക് വേണ്ടത്?
എന്താണ് പ്രവാസികള്‍ക്ക് കേരളീയ ഭരണകൂടം ചെയ്തുതരേണ്ടത്? അതിന് എന്തെല്ലാം മാര്‍ഗങ്ങളാണ് ഭരണകൂടം സ്വീകരിക്കേണ്ടത്? ഇത് സംബന്ധിച്ച് ഇനിയും ക്രിയാത്മക ചിന്തകളുണ്ടാകേണ്ടതുണ്ട്. ആദ്യം വേണ്ടത് പ്രവാസി വോട്ട് തന്നെയാണ്. എങ്കില്‍ മാത്രമേ പ്രവാസിക്ക് തങ്ങളുടെ ശക്തിയും ശബ്ദവും തെളിയിക്കാന്‍ സാധിക്കുകയുളളൂ. വോട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാകുന്നതോടെ ആ വോട്ടുകളെ പ്രതീക്ഷിച്ച് സ്വാഭാവികമായും പദ്ധതികളും വരും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെങ്കിലും പ്രവാസി വോട്ടുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതുണ്ടായില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അത് ഇനിയും നീളുന്നത്. വിദേശ രാജ്യങ്ങളിലുള്ള ഫിലിപ്പീന്‍സ് സഹോദരങ്ങള്‍ ഇ വോട്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് വോട്ട് ചെയ്യുന്നത്. ഫ്രാന്‍സില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാഹിയിലുള്ളവര്‍ ഇപ്പോഴും വോട്ട് ചെയ്യുന്നു. എന്തിനധികം ലോകത്തിലെ 114 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് അന്യ രാജ്യങ്ങളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നുണ്ട്. സാക്ഷരതയിലും വിവരസാങ്കേതിക മികവിലുമെല്ലാം വലിയ പുരോഗതി നേടിയ നമ്മുടെ നാട്ടില്‍ അതിനിപ്പോഴും നിര്‍ഭാഗ്യവശാല്‍ സംവിധാനമായിട്ടില്ല. ഇനി ഇ വോട്ടിംഗ് ആണ് ആര്‍ക്കെങ്കിലും വിശ്വാസ്യത കുറവ് തോന്നുന്നതെങ്കില്‍ പ്രോക്‌സി വോട്ടിംഗ്, തപാല്‍ വോട്ടിംഗ് സംവിധാനങ്ങളില്‍ ഏതെങ്കിലുമൊന്ന് അവലംബിക്കാമായിരുന്നിട്ടും അതൊന്നും ഉപയോഗപ്പെടുത്താത്തതിന് പിന്നിലും ചില രാഷ്ട്രീയ കളികളുണ്ട് എന്ന് ന്യായമായും സംശയിക്കാം. പ്രവാസി വോട്ട് വന്നാല്‍ ആ വോട്ട് ആര്‍ക്കാണ് കൂടുതല്‍ കിട്ടുക എന്നതിനെ ഭയക്കുന്നവരുമുണ്ടാകാം.
തിരഞ്ഞെടുപ്പിലെ
പ്രവാസി സാന്നിധ്യം
സിനിമയിലും നാടകത്തിലും തല കാണിച്ചവരെല്ലാം സ്ഥാനാര്‍ഥികളാകുന്ന തിരഞ്ഞെടുപ്പാണല്ലോ ഇത്. ജനങ്ങളുമായുള്ള ബന്ധം, അവരുടെ പ്രശ്‌നങ്ങളിലെ ഇടപെടല്‍ എന്നീ പരിഗണനവെച്ച് നോക്കുമ്പോള്‍ ഇവര്‍ സ്ഥാനാര്‍ഥികളാകാന്‍ എത്രത്തോളം യോഗ്യരാണ്? തോറ്റാലും താന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്നൊക്കെ വീരവാദം മുഴക്കിയിരുന്ന സെലിബ്രിറ്റി താരങ്ങളെ പിന്നീട് ജനങ്ങള്‍ക്കിടയില്‍ കണ്ടിട്ടില്ല എന്നതാണ് മുന്‍കാല അനുഭവങ്ങള്‍. കേരളത്തിലെ നൂറു കണക്കിനാളുകള്‍ക്ക് ജോലി നല്‍കി, ജീവിക്കാന്‍ വകുപ്പുണ്ടാക്കിയ പ്രവാസി മലയാളികളെയും മികച്ച സംരഭകരെയും എന്തുകൊണ്ട് മത്സരിപ്പിച്ചുകൂടാ? മുന്നണികളുടെ സ്ഥാനാര്‍ഥി പരിഗണനാപ്പട്ടികയില്‍ പോലും പ്രവാസി മലയാളികളോ സംരഭകരോ ഇടംപിടിച്ചിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കിഴക്കമ്പലം പഞ്ചായത്ത് ഭരണം നേടാന്‍ ട്വന്റി 20 കൂട്ടായ്മ മുന്നോട്ട് കൊണ്ടുവന്ന വ്യവസായി കിറ്റക്‌സ് ഗ്രൂപ്പ് എം ഡി ബോബി എം ജേക്കബിന് സാധിച്ചിട്ടുണ്ട്. ഇത് ഒരു തുടക്കമാണ്.
വരുംഭരണകൂടത്തോട്
പറയുവാനുള്ളത്
വോട്ടവകാശത്തിനെ പുറമെ ഒട്ടനവധി പ്രവാസി പ്രശ്‌നങ്ങളില്‍ ഭരണകൂടത്തിന് വേണ്ടത് ചെയ്യാനാകും. ഇന്ത്യയിലെ ഓട്ടോറിക്ഷകള്‍ മുതല്‍ തീവണ്ടിയുടെ കാര്യത്തില്‍ വരെ ഭരണകൂടത്തിന് നിയന്ത്രണമുണ്ട്. അവയുടെ ടിക്കറ്റ് ചാര്‍ജെല്ലാം ഭരണകൂട നിയമങ്ങള്‍ക്കനുസൃതമായിട്ടാണല്ലോ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പൊതുമേഖലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലൂടെ പാവപ്പെട്ട പ്രവാസികളെ കൊള്ള ചെയ്യുന്ന കാര്യത്തില്‍ പരിഹാരമില്ല. വിദേശ വിമാന കമ്പനികളേക്കാള്‍ കൂടിയ തുകയാണ് ഇന്ത്യയുടെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമെല്ലാം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതും കേരളത്തിലേക്കാണ്. പ്രത്യേകിച്ച് കോഴിക്കോട്ടേക്ക്. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാറെങ്കിലും ഇടപെട്ട് അന്യായമായ ടിക്കറ്റ് വില വര്‍ധന ഒഴിവാക്കുകയും നേരത്തെ പ്രഖ്യാപിച്ച എയര്‍ കേരള പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം എത്രയും വേഗം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇതിനായി പ്രത്യേക ഫണ്ട് മാറ്റിവെക്കണം. കേന്ദ്ര ബജറ്റിലോ സംസ്ഥാന ബജറ്റിലോ ഇക്കാര്യം പരാമര്‍ശ വിഷയം പോലുമല്ലെന്നത് പ്രവാസികളോടുള്ള അവജ്ഞയാണ് സൂചിപ്പിക്കുന്നത്.
ഇന്‍കല്‍ മാതൃകയില്‍ കേരളത്തില്‍ പ്രവാസി സംരഭങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. പ്രവാസികള്‍ക്ക് സംരഭങ്ങള്‍ തുടങ്ങാന്‍ പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം. ഓരോ പഞ്ചായത്ത് തോറുമുള്ള വിവിധ കൂട്ടായ്മകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്. ഇത്തരം കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി പ്രാദേശികമായി തുടങ്ങാവുന്ന വ്യവസായ കാര്‍ഷിക പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തുടക്കം കുറിക്കുകയാണെങ്കില്‍ വന്‍തോതിലുള്ള നിക്ഷേപം കേരളത്തിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ഭൂമി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ മാത്രമാണ് പ്രാദേശികമായുള്ള സഹകരണവും നിക്ഷേപങ്ങളും പുരോഗമിക്കുന്നത്. ഉത്പാദനപരമായ മേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമ്പോള്‍ മാത്രമേ വികസന സാധ്യതകള്‍ പുരോഗമിക്കുകയുള്ളൂ. അതിനായി മികച്ച സംരംഭ ആശയങ്ങളും പ്രായോഗിക നടപടികളും ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പലരും ആധുനിക നിര്‍മാണത്തിലും യന്ത്രോപകരണ സംവിധാനങ്ങളിലുമെല്ലാം വൈധഗ്ദ്യം നേടിയവരാണ്. അത്തരക്കാരെ ഉപയോഗപ്പെടുത്തി നാട്ടിലെ വ്യവസായ രംഗത്തും മറ്റും തൊഴില്‍ നല്‍കാനുള്ള സംവിധാനവും ആലോചിക്കാവുന്നതാണ്. വിദ്യാഭ്യാസ മേഖലയിലും നിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാനാകും. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖല കൃത്യമായി മനസ്സിലാക്കുകയും അവിടങ്ങളിലേക്ക് ആവശ്യമായ തൊഴിലാളികളെ വാര്‍ത്തെടുക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സംസ്ഥാനത്ത് ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. പലപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ഇത്തരം ഉയര്‍ന്ന തൊഴിലുകളില്‍ വ്യാപരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പുരോഗതി പ്രാപിച്ചു എന്നവകാശപ്പെടുന്ന കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കാണ് തള്ളപ്പെടുന്നത്. അതോടൊപ്പം കേരളത്തില്‍ ഉന്നത പഠനം നടത്താന്‍ വരുന്ന പ്രവാസികളുടെ കുട്ടികള്‍ക്ക് അതിനായുള്ള അവസരം ഉണ്ടാകണം. അതിനായി ഓരോ സര്‍വകലാശാലയിലും പ്രവാസി ക്വോട്ട വര്‍ധിപ്പിക്കേണ്ടതുണ്ട്. പാവപ്പെട്ട പ്രവാസികളുടെ മക്കള്‍ക്ക് പ്രവേശം ലഭിക്കുന്ന വിധത്തില്‍ എന്‍ ആര്‍ ഐ ക്വോട്ട പരിഷ്‌ക്കരിക്കുകയും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശ നടപടി കൈക്കൊള്ളാനുള്ള സംവിധാനം ഒരുക്കുകയും വേണം.
പ്രവാസി പുനരധിവാസ പദ്ധതിയാണ് സര്‍ക്കാറുകള്‍ ഗൗരവമായി എടുക്കേണ്ട മറ്റൊരു കാര്യം. പ്രവാസികാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ ഇടപെടലിലും കാര്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. നോര്‍ക്കയിലേക്കുള്ള ജീവനക്കാരുടെ നിയമനം പോലും പ്രവാസികളെയാക്കണമെന്നതാണ് അതിലെ ഏറ്റവും പ്രധാന കാര്യം. വിവിധ ആവശ്യങ്ങള്‍ക്കായി നോര്‍ക്ക ഓഫീസുകളില്‍ സന്ദര്‍ശിക്കുന്ന പ്രവാസികള്‍ക്ക് മടുപ്പുളവാക്കുന്ന പ്രതികരണമാണ് പലപ്പോഴും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പ്രവാസികളില്‍ നിന്ന് മാത്രം അപേക്ഷ സ്വീകരിച്ച് പി എസ് സി മുഖേന പരീക്ഷ നടത്തി ഇവിടങ്ങളിലേക്കുള്ള നിയമനം നടക്കണം. പ്രവാസികള്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങള്‍ പ്രവാസികളായവര്‍ തന്നെ നിയന്ത്രിക്കട്ടെ. സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ എന്നതുമാത്രമാണ് നോര്‍ക്ക പ്രധാനമായും ഇപ്പോള്‍ നടത്തിവരുന്നത്. ഇക്കാര്യത്തില്‍ തന്നെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരവധി നൂലാമാലകളുണ്ടാക്കി ഒന്നോ രണ്ടോ മാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവരുന്ന പ്രവാസികളെ അഞ്ചോ പത്തോ തവണ വട്ടംകറക്കുന്ന രീതിയിലൂടെയാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. എല്ലാ സര്‍ട്ടിഫിക്കറ്റ് പരിശോധനാ സംവിധാനവും നോര്‍ക്കയുടെ ഓരോ ഓഫീസിലും ഉണ്ടാകേണ്ടതുണ്ട്. ഇതിനുള്ള കാലതാമസം ഇതുവഴി ഒഴിവാക്കാനാകും. കൂടാതെ ഓരോ ജില്ലകള്‍ തോറും മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുകളും അത്യാവശ്യമാണ്. നിലവില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് ഓഫീസുകളുണ്ടെങ്കിലും അവയെല്ലാം ദൈനംദിനം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുള്ള സംവിധാനമില്ല. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കോഴ്‌സുകളെല്ലാം നോര്‍ക്ക അറ്റസ്റ്റേഷന്‍ സംവിധാനമുള്ളതാകണമെന്ന കാര്യത്തിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. കൂടാതെ നോര്‍ക്കയുടെ കീഴില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ചുരുങ്ങിയ ചെലവില്‍ പഠിക്കാനുള്ള സംവിധാനവുമുണ്ടാകണം.
പ്രവാസി ആവശ്യങ്ങളുടെ ഒരു സാംപിള്‍ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇനിയുമെത്രയോ ആവശ്യങ്ങള്‍ ഓരോ പ്രവാസിക്കും പറയാനുണ്ട്. ഓരോ ആവശ്യങ്ങളും നിറവേറണമെങ്കില്‍ ജനാധിപത്യ രാജ്യത്ത് ശബ്ദം വേണം. കേവല ശബ്ദം പോരാ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജവമുള്ള കൂട്ടായ്മകള്‍ അത്യാവശ്യമാണ്. പ്രവാസികളുടെ സംഘടിത മുന്നേറ്റവും പ്രവാസി കുടുംബങ്ങള്‍ വോട്ട് ബേങ്കായി മാറുകയും അതിനത്യാവശ്യമാണ്.
ജനിച്ച നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോഴാണ് ഒരാള്‍ അന്യനാട്ടിലേക്ക് കുടിയേറുന്നത്. അവരെ നാട്ടില്‍ തന്നെ നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍, തൊഴിലവസരങ്ങള്‍ അതോടൊപ്പം കുടിയേറുന്നവര്‍ക്ക് വിദേശത്ത് മികച്ച ജീവിതാന്തരീക്ഷം ഉറപ്പാക്കാനുള്ള പദ്ധതികളെല്ലാം ആവിഷ്‌കരിക്കാന്‍ അവരുടെ ഭരണ സംവിധാനത്തിന് സാധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും സംതൃപ്തിയും നിലനിര്‍ത്താന്‍ സാധിക്കൂ.