Connect with us

Kannur

പ്രവാസികള്‍ക്കും ഇനി നാട്ടിലെ വികസനം തീരുമാനിക്കാം

Published

|

Last Updated

കണ്ണൂര്‍: കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന പ്രവാസികള്‍ക്കും ഇനി സ്വന്തം നാടിന്റെ വികസനത്തില്‍ കാര്യക്ഷമമായി ഇടപെടാം. നാട്ടിലെ തന്റെ വീട്ടു പരിസരത്ത് റോഡോ തോടോ പാലമോ അങ്ങിനെ എന്ത്് ആവശ്യമായാലും സാധിച്ചെടുക്കാന്‍, നാട്ടിലെ വികസന കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ ഗ്രാമ സഭ വഴിയുള്ള അവസരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ച ഗ്ലോബല്‍ ഗ്രാമ സഭ എന്ന പരിപാടിയാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഒരിക്കലും സാക്ഷാത്കരിക്കാന്‍ ഇടയില്ലാത്ത കുറേയേറെ വാഗ്ദാനങ്ങളും പദ്ധതികളും പ്രഖ്യാപിച്ച് പ്രവാസികളുടെ കണ്ണില്‍ പൊടിയിട്ട് പണം തട്ടാന്‍ പരിശ്രമിക്കുന്നവര്‍ക്കെല്ലാം മറുപടി നല്‍കാനെന്നോണം നാട്ടിലെ എല്ലാ വികസന കാര്യങ്ങളിലും നേരിട്ട് ഇടപെടാനും അഭിപ്രായം പറയാനുമുള്ള വേദിയാണ് ഗ്ലോബല്‍ ഗ്രാമ സഭകളിലൂടെ ഒരുക്കുക. പ്രവാസികളെ കണ്ടെത്തുന്നതിന് വാര്‍ഡ് അടിസ്ഥാനത്തില്‍ സര്‍വേ നടത്തി ഓരോ ഗ്രാമസഭ നടക്കുന്നതിന് മുമ്പേ അവരെ വിരമറിയിച്ച് അഭിപ്രായം തേടാനും അത് ഗ്രാമസഭയില്‍ അവതരിപ്പിക്കാനും അംഗീകാരം നേടാനുമാണ് ഗ്ലോബല്‍ ഗ്രാമസഭയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തില്‍ പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നല്‍കിയാണ് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുക. ഗ്രാമസഭ നടക്കുന്നതിന് മൂന്നാഴ്ച മുമ്പേ ഓരോ വാര്‍ഡിലുമുള്ള പ്രവാസികളുമായി ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ ബന്ധപ്പെടും. വികസന, ഭരണ, സേവന രംഗങ്ങളില്‍ അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. പിന്നീട് ഇത് ഗ്രാമസഭയില്‍ അവതരിപ്പിക്കും.
ഏറ്റവും മുന്തിയ പരിഗണനയായിരിക്കും ഇതിന് നല്‍കുക. പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാനും ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിക്ഷേപകരാകാനും സംരംഭകരാകാനും അവസരമൊരുക്കും. ഉദാഹരണത്തിന് നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങളിലുള്ളവര്‍ക്ക് വില്ലേജാഫീസുകളില്‍ നിന്നും എന്തെങ്കിലും സര്‍ട്ടിഫിക്കറ്റോ മറ്റോ ലഭ്യമാക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കും. വിവിധ രംഗങ്ങളിലുള്ള പ്രവാസികളുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്നതിനും ഗ്ലോബല്‍ ഗ്രാമസഭ വഴി സാധ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. കതിരൂര്‍ പഞ്ചായത്തിലെ പ്രവാസികളില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ പലരുമായും സംവദിച്ചാണ് പഞ്ചായത്തില്‍ ഇപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവിടെ ഒരു വാര്‍ഡില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന പ്രവാസികളുടെ ആവശ്യം ഗ്ലോബല്‍ ഗ്രാമസഭയിലൂടെ സാക്ഷാത്കരിച്ചിട്ടുണ്ട്. ഇത് പുതിയ പരിപാടിയുടെ ഏറ്റവും വലിയ ഗുണ ഫലമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതാണ്ട് 50 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ 30 ലക്ഷത്തോളം മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നുണ്ട്. പ്രവാസി മലയാളിക്ക് ജന്മനാടിനോട് അങ്ങേയറ്റത്തെ കൂറുണ്ട്. അന്യനാട്ടില്‍ സമ്പാദിക്കുന്നതെന്തും അവിടെ മുണ്ട് മുറുക്കിയുടുത്തെങ്കിലും നാട്ടിലേക്ക് അവര്‍ അയക്കും. അത് വിനിയോഗിക്കപ്പെടുന്നത് ഇവിടുത്തെ വിപണികളിലാണ്.
ഓരോ വര്‍ഷവും വിദേശത്തുനിന്ന് ഇത്തരത്തിലുള്ള പണത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളില്‍ മൊത്തം പ്രവാസി ഇന്ത്യക്കാരുടെ സമ്പാദ്യം ഏകദേശം 115 ബില്യണ്‍ ഡോളര്‍ വരും. ഇതില്‍ ഏഴ് ലക്ഷം കോടി കേരളത്തിന്റെതാണ്. ഇത് എല്ലാ പ്രവാസി അക്കൗണ്ട് പട്ടികയും കൂടി നോക്കുമ്പോള്‍ ആറാം സ്ഥാനത്ത് വരും. കേരള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം പ്രവാസി പണത്തെ ആശ്രയിച്ച് കഴിയുന്ന 50 ലക്ഷം പേരുണ്ട്. കേരളത്തിലെ പ്രവാസികളില്‍ 88 ശതമാനവും ജോലി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ്.
യു എ ഇയിലാണ് മലയാളികള്‍ ഏറ്റവുമുള്ളത്. ആരോഗ്യ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയെത്തുടര്‍ന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ചേക്കേറുന്നവരും കൂടുന്നുണ്ട്. ഇവര്‍ക്കെല്ലാമാണ് ഗ്ലോബല്‍ ഗ്രാമസഭയുടെ പ്രയോജനമുണ്ടാകുക.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി