Kannur
വിജയിച്ചു; പക്ഷേ ആ 25 പേര്‍ ഒരിക്കലും നിയമസഭ കണ്ടില്ല

കണ്ണൂര്‍:രാവും പകലും പ്രചാരണം നടത്തുക. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയ പ്രശ്‌നങ്ങളും വിഷമങ്ങളും അനുഭവിക്കുക. ഏറെ നാളത്തെ പിരിമുറക്കത്തിനൊടുവില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പ്. ഫലം വന്നപ്പോള്‍ ജയിച്ചതിന്റെ ആഹ്ലാദം സകല വിഷമങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. അങ്ങനെ അധികാരത്തിലേറാന്‍ കാത്തിരിക്കുമ്പോഴാണ് ഇടിത്തീപോലെ ആ വാര്‍ത്ത പൊട്ടിവീണത്. ആര്‍ക്കും പദവിയുമില്ല, ആര്‍ക്കും അധികാരവുമില്ല…..
എന്തായിരിക്കും വിജയിച്ച സ്ഥാനാര്‍ഥികളുടെ അവസ്ഥയെന്ന് ഊഹിക്കാനാവുമോ…..
നിരാശരായി വാടിത്തളര്‍ന്ന അത്തരം കുറേ സ്ഥാനാര്‍ഥികളെയെങ്കിലും അരനൂറ്റാണ്ടു മുമ്പുള്ള കേരളം കണ്ടിട്ടുണ്ട്. പക്ഷേ അവരെല്ലാം ഏറെക്കുറേ നിസ്വാര്‍ഥരും ജനകീയരുമായതു കൊണ്ട് വലിയ പ്രതിഷേധങ്ങളൊന്നുമുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. നിയമസഭയോ മന്ത്രിസഭയോ രൂപവത്കരിക്കപ്പെടാതെ പോയ 1965ലെ തിരഞ്ഞെടുപ്പാണ് കേരളത്തിന്റെ ചരിത്രത്തില്‍ അധികാരമില്ലാത്ത കുറേയേറെ ജനപ്രതിനിധികളുടെ അടയാളം കോറിയിട്ട് കടന്നുപോയത്.
133 സീറ്റിലേക്കാണ് 1965 മാര്‍ച്ച് നാലിന് മത്സരം നടന്നത്. കേരളത്തിലെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു അത്. ആകെയുണ്ടായിരുന്ന 85.57 ലക്ഷം വോട്ടര്‍മാരില്‍ 75.12 ശതമാനം പേര്‍ (64.28 ലക്ഷം) സമ്മതിദാനാവകാശം വിനിയോഗിച്ചു.തിരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥ. കോണ്‍ഗ്രസ്, സി പി എം, കേരളാ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി പി ഐ എന്നിവര്‍ മത്സരിച്ചു. കേരളാ കോണ്‍ഗ്രസ്സിന് 23, മുസ്‌ലിം ലീഗിന് 12, കോണ്‍ഗ്രസ്സിന് 36, സി പി എമ്മിന് 40, സി പി ഐ. 3, എസ് എസ് പി 13, സ്വതന്ത്രര്‍ 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. മന്ത്രിസഭാ രൂപവത്കരണത്തെ സംബന്ധിച്ച് അന്ന് ചര്‍ച്ചകളും ആലോചനകളും ഏറെ നടന്നു.
ഇ എം എസ് മുതല്‍ മന്നത്ത് പത്മനാഭന്‍ വരെ ചര്‍ച്ചകള്‍ നയിച്ചു. ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഗവര്‍ണര്‍ വി വി ഗിരിയുടെ ശിപാര്‍ശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ സഭ പിരിച്ചുവിടുകയായിരുന്നു. അങ്ങനെ മാര്‍ച്ച് 17ന് രൂപവത്കരിച്ച സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24ന് പിരിച്ചുവിടപ്പെട്ടു. സഭയെ മരവിപ്പിച്ചുനിര്‍ത്തുന്ന “സസ്‌പെന്‍ഡ് ആനിമേഷന്‍” അന്നുണ്ടായിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുന്ന കാലം വരെ നിയമസഭയെ മരവിപ്പിച്ചുനിര്‍ത്താമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതോടെയാണ് ഒരു നിയമസഭാംഗം പല ആനുകൂല്യങ്ങള്‍ക്കും അര്‍ഹനാകുന്നത്. സത്യപ്രതിജ്ഞ ചെയ്യാത്തയാള്‍ക്ക് ഇതൊന്നും ലഭിക്കില്ല. 1965ലെ ജനപ്രതിനിധികള്‍ ഇക്കൂട്ടത്തില്‍പ്പെട്ടു.
എന്നാല്‍ മറ്റൊരു സഭയിലും അംഗമല്ലാതെ 1965ല്‍ മാത്രം നിയസഭയിലേക്കു തിരഞ്ഞെടുപ്പ് ജയിക്കുകയും എന്നാല്‍ നിയമസഭാ സാമാജികരല്ലാതാകുകയും ചെയ്ത ഭാഗ്യദോഷികള്‍ 32പേരായിരുന്നു.133ല്‍ 101 പേര്‍ 1965ന് മുമ്പോ ശേഷമോ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരാണ്. ഈ 32 പേരില്‍ നാല്‌പേര്‍ തിരുവിതാംകൂര്‍ കൊച്ചി നിയമസഭയിലും അതിനുമുമ്പുള്ള നിയമസഭകളിലും അംഗങ്ങളായിരുന്നു. മൂന്ന് പേര്‍ ലോക്‌സഭയില്‍ അംഗങ്ങളായി. എന്നാല്‍ ശേഷിച്ച 25 പേര്‍ക്ക് ഒരു സഭയിലുമെത്താനായില്ല. പലരും വീണ്ടും ഭാഗ്യം പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല.സാധാരണ ജീവിതം നയിച്ച് ആരുമറിയാതെ പിന്നീട് കാലം കഴിച്ചു കൂട്ടിയവരായിരുന്നു ആ 25 പേരില്‍ പലരും.
ഇ അബ്ദുല്‍ഖാദര്‍ (കാസര്‍കോട്), കെ എം അബൂബക്കര്‍ (കണ്ണൂര്‍), യു ഉത്തമന്‍ (മഞ്ചേരി എസ് സി), സി കോയ (പെരിന്തല്‍മണ്ണ), പി എ ശങ്കരന്‍ (മണ്ണാര്‍ക്കാട്), ഐ എം വേലായുധന്‍ (മണലൂര്‍), പി കെ അബ്ദുല്‍മജീദ് (ഗുരുവായൂര്‍), രാമു കാര്യാട്ട് (നാട്ടിക), ജോണ്‍ സി പത്താടന്‍ (അങ്കമാലി), അബ്ദുല്‍ജലീല്‍ (വടക്കേക്കര), വി പി മരക്കാര്‍ (ആലുവ), എ ടി പത്രോസ് (മൂവാറ്റുപുഴ), പി ഡി തൊമ്മന്‍ (പൂഞ്ഞാര്‍), പി പരമേശ്വരന്‍ (വൈക്കം), സി വി ജേക്കബ് (ചേര്‍ത്തല), ജി ചിദംബരയ്യര്‍ (ആലപ്പുഴ), കെ എസ് കൃഷ്ണക്കുറുപ്പ് (അമ്പലപ്പുഴ), കെ പി രാമകൃഷ്ണന്‍നായര്‍ (ഹരിപ്പാട്), ഇ എം തോമസ് (റാന്നി), കെ കെ ഗോപാലന്‍ നായര്‍ (അടൂര്‍), വി ശങ്കരനാരായണപിള്ള (കുണ്ടറ), കെ. ഷാഹുല്‍ ഹമീദ് (വര്‍ക്കല), വി ശങ്കരന്‍ (ആര്യനാട്), എന്‍ ലക്ഷ്മണന്‍ വൈദ്യര്‍ (കഴക്കൂട്ടം), വില്‍ഫ്രഡ് സെബാസ്റ്റ്യന്‍ (തിരുവനന്തപുരം) തുടങ്ങിയവരായിരുന്നു ആ 25പേര്‍.