Connect with us

Business

ബി എസ് ഇ , എന്‍ എസ് ഇ സൂചികകള്‍ പ്രതിവാര നഷ്ടത്തില്‍

Published

|

Last Updated

സാമ്പത്തിക വര്‍ഷാന്ത്യത്തിന് മുമ്പായി ബ്ലൂചിപ്പ് ഓഹരികളില്‍ ലാഭമെടുപ്പിന് പ്രദേശിക ഓപറേറ്റര്‍മാരും ധനകാര്യസ്ഥാപനങ്ങളും നടത്തിയ നീക്കം ബി എസ് ഇ , എന്‍ എസ് ഇ സൂചികയുടെ പ്രതിവാര നഷ്ടത്തിന് ഇടയാക്കി. തുടര്‍ച്ചയായ അഞ്ചാം വാരത്തിലും വിപണി കുതിപ്പിന് ശ്രമം നടത്തിയതിനിടയിലാണ് ഓപ്പറേറ്റര്‍മാര്‍ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചത്. ഇത് മൂലം ബോംബെ സൂചിക 67 പോയിന്റും നിഫ്റ്റി മൂന്ന് പോയിന്റും താഴ്ന്നു.
നാളെ റിസര്‍വ് ബേങ്ക് വായ്പാ അവലോകന യോഗം ചേരും. രാജ്യത്തെ വരള്‍ച്ചാ സ്ഥിതി കണക്കിലെടുത്താല്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം കുതിച്ചു കയറാന്‍ ഇടയുണ്ട്. ഈ നീക്കത്തെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര ബേങ്ക് തിരക്കിട്ട നീക്കങ്ങള്‍ നടത്താം.
ബി എസ് ഇ യില്‍ മുന്‍ നിരയിലെ 30 ഓഹരികളില്‍ 16 എണ്ണത്തിന്റെ നിരക്ക് താഴ്ന്നപ്പോള്‍ 14 ഓഹരി വിലകള്‍ വര്‍ധിച്ചു. ഐ റ്റി, ഫാര്‍മസ്യുട്ടിക്കല്‍, സ്റ്റീല്‍, റിയാലിറ്റി, പവര്‍, എഫ് എം സി ജി, ബേങ്കിംഗ് ഓഹരികളില്‍ ഉയര്‍ന്ന അളവില്‍ ഇടപാടുകള്‍ നടന്നു. എയര്‍ ടെലിന്റെ നിരക്ക് 6.21 ശതമാനം ഇടിഞ്ഞപ്പോള്‍ ഹിന്‍ഡാല്‍ക്കോ, എച്ച് ഡി എഫ് സി എന്നിവ അഞ്ച് ശതമാനത്തില്‍ അധികം താഴ്ന്നു. എം ആന്‍ഡ് എം, ലുപിന്‍, സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡീസ്, കോള്‍ ഇന്ത്യ ഒ എന്‍ ജി സി, റ്റി സി എസ്, എച്ച് യു എല്‍ ഓഹരി വിലകള്‍ കുറഞ്ഞു. അതേ സമയം ഐ റ്റി സി, ടാറ്റാ പവര്‍, ബജാജ് ഓട്ടോ, ഐ സി ഐ സി ഐ, വിപ്രോ തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നു.
നിഫ്റ്റി സൂചിക 7587 പോയിന്റില്‍ നിന്ന് 7775 വരെ ഉയര്‍ന്ന ശേഷം ക്ലോസിംഗ് വേളയില്‍ 7713 പോയിന്റിലാണ്. ഈ വാരം 7795 ലും 7878 ലും തടസം നേരിടാം. തളര്‍ച്ച നേരിട്ടാല്‍ 7608-7504ല്‍ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങള്‍ നീരിക്ഷിച്ചാല്‍ സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് ഓവര്‍ ബോട്ട് മേഖലയിലാണ്. ആര്‍ എസ് ഐ- 14 ന്യൂട്ടറല്‍ റേഞ്ചിലും. ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, എം ഏ സി ഡി എന്നിവ ബുള്ളിഷും. ബോംബെ സൂചിക 24,855-25,480 റേഞ്ചില്‍ കയറി ഇറങ്ങി. വാരാന്ത്യം സൂചിക 25,269 ലാണ്. ഈ വാരം സൂചികയുടെ താങ്ങ് 24,909-24,549 പോയിന്റിലാണ്. അതേസമയം കുതിപ്പിന് ശ്രമം നടത്തിയാല്‍ 25,554- 25,839 പോയിന്റില്‍ പ്രതിരോധം നേരിടാംവിദേശ ഫണ്ടുകള്‍ കഴിഞ്ഞ വാരം 9971 കോടി രൂപ യുടെ നിക്ഷേപം നടത്തി. ഡോളര്‍ വരവിനിടയില്‍ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 66.81 ല്‍ നിന്ന് 66.22 ലേക്ക് ശക്തിപ്രാപിച്ചു. ബി എസ് ഇ യില്‍ 13,792 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 96,668 കോടി രൂപയുടെ ഇടപാടുകള്‍ കഴിഞ്ഞ വാരം നടന്നു.
വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് പലതും നഷ്ടത്തിലാണ്. യൂറോപ്യന്‍ മാര്‍ക്കറ്റുകളും തളര്‍ന്നു. അതേ സമയം അമേരിക്കന്‍ ഓഹരി വിപണികള്‍ മികവ് കാഴ്ചവെച്ചു. യു എസ് തൊഴില്‍ മേഖലയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകള്‍ യു എസ് മാര്‍ക്കറ്റായ ഡൗ ജോണ്‍സിനും എസ് ആന്‍ഡ് പി, നാസ്ഡാക് സൂചികള്‍ക്ക് നേട്ടം പകര്‍ന്നു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 36.63 ഡോളറിലാണ്. ന്യൂയോര്‍ക്കില്‍ ഒരൗണ്‍സ് സ്വര്‍ണം 1237 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം ക്ലോസിംഗ് വേളയില്‍ 1222 ഡോളറിലാണ്.

Latest