Connect with us

Kerala

സരിതയ്ക്കു വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ സരിത നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഹരജിയുമായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ കളിയാണ്. ഇതില്‍ പങ്കാളിയാകാന്‍ കോടതിക്ക് താല്‍പര്യമില്ലെന്നും കോടതി പറഞ്ഞു.

സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിയായ സരിതക്ക് എങ്ങനെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാവുമെന്ന് ഹൈക്കോടതി ചോദിച്ചു. പരാതിയുണ്ടെങ്കില്‍ ശ്രീധരന്‍ നായര്‍ വരട്ടെയെന്നും ജസ്റ്റിസ് ബി. കമാല്‍പാഷ പറഞ്ഞു.

സോളാര്‍ കമ്മിഷനില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിബിഐ അന്വേഷണംനടത്തണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. സരിതയുടെ ഹരജി ഹൈക്കോടതി തള്ളി. കഴമ്പുള്ള ഒട്ടേറെ കേസുകളില്‍ സി.ബി.ഐ കേസുകള്‍ നിലനില്‍ക്കുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വരുന്നത്. കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്നും കമാല്‍പാഷ ആവശ്യപ്പെട്ടു.

സരിതയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സരിത 33 കേസില്‍ പ്രതിയാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണെന്നും ആസഫലി വാദിച്ചു. ആരോപണം തെളിവുകള്‍ പൊലീസിന് കൈമാറിയാല്‍ നശിപ്പിക്കപ്പെടുമെന്ന് സരിതയുടെ അഭിഭാഷകന്‍ വാദിച്ചു. അതേ സമയം മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.