Connect with us

Editorial

ഇനി ജപ്പാനെയും പേടിക്കണം

Published

|

Last Updated

ലോകസമാധാനത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവരെ നിരാശയിലാക്കുന്ന തീരുമാനമാണ് കഴിഞ്ഞ ആഴ്ച ജപ്പാന്‍ ഭരണകൂടം കൈക്കൊണ്ടത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും ഭീകരമായ നിലയില്‍ അനുഭവിച്ച രാജ്യമെന്ന നിലയില്‍ ജപ്പാന്‍ ഇക്കാലമത്രയും യുദ്ധോത്സുകതയെ ശക്തമായി എതിര്‍ത്തുവരികയായിരുന്നു. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങളാണ് ആധുനിക ജപ്പാനെ രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ രാഷ്ട്രത്തിന്റെ സൈനിക ശക്തിയും പ്രതിരോധ സംവിധാനങ്ങളും എത്രമാത്രം ആഭ്യന്തരമാണ്, അവക്ക് എത്രമാത്രം അന്താരാഷ്ട്ര മാനമുണ്ട് എന്നിവയെക്കുറിച്ചെല്ലാം ആ രാജ്യത്തിന് കൃത്യമായ നിലപാടുകള്‍ ഉണ്ടായിരുന്നു. ഈ നിലപാടുകള്‍ക്കനുസരിച്ചാണ് അവിടുത്തെ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത്. ഹിരോഷിമയും നാഗസാക്കിയും ജപ്പാനിലായതിനാല്‍ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളോട് എന്ത് സമീപനം വേണമെന്നും പൂര്‍വ നേതാക്കള്‍ക്ക് ധാരണയുണ്ടായിരുന്നു. എന്നാല്‍ കാലം കറങ്ങിത്തിരിഞ്ഞു വരുമ്പോള്‍ ജപ്പാന്‍ അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നയങ്ങളിലെല്ലാം സാമ്രാജ്യത്വ പക്ഷപാതം വ്യക്തവുമാണ്. ജപ്പാന്‍ സൈന്യം അന്താരാഷ്ട്ര മുന്നണിയില്‍ വിന്യസിക്കപ്പെടാന്‍ പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ ഭേദഗതി ചെയ്തത് ഈ പക്ഷം ചേരലിന്റെ ഏറ്റവും ഒടുവിലത്തെ നിദര്‍ശനമാണ്. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും യുദ്ധവിരുദ്ധ ഗ്രൂപ്പുകളും ഹിരോഷിമാ, നാഗസാക്കി ഇരകളുടെ സംഘടനയും പ്രതിപക്ഷ കക്ഷികളും എല്ലാമെതിര്‍ത്തിട്ടും ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബേയുടെ പാര്‍ട്ടിക്ക് പാര്‍ലിമെന്റിലുള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാസ്സാക്കിരിക്കുന്നു.
ജപ്പാന്‍ ഭരണഘടനയെ പാസിഫിസ്റ്റ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നാണ് വിളിക്കുക. അവിടുത്തെ സൈന്യത്തിന്റെ പദവിയും ചുമതലയും സവിശേഷമായ രീതിയിലാണ് ഭരണഘടന നിര്‍വചിച്ചിട്ടുള്ളത്. തികച്ചും പ്രതിരോധപരമായ നീക്കങ്ങളില്‍ മാത്രമേ സൈന്യം ഇടപെടാന്‍ പാടുള്ളൂ. ആക്രമണം എന്നത് അസാധ്യം. മറ്റൊരു രാജ്യത്ത് ചെന്നോ, മറ്റൊരു രാജ്യത്തെയോ ആക്രമിക്കാന്‍ ഭരണഘടന ജപ്പാന്‍ സൈന്യത്തെ അനുവദിക്കുന്നില്ല. യുദ്ധ നിരാസമെന്നത് വെറും തത്വമായാല്‍ പോര, ഭരണഘടനാപരമായ ബാധ്യതയാകണമെന്നതായിരുന്നു ഭരണഘടനാ ശില്‍പ്പികളുടെ തീരുമാനം. അങ്ങനെയാണ് യുദ്ധം നിരാകരിക്കുന്ന നിര്‍ണായകമായ ഒന്‍പതാം വകുപ്പ് എഴുതിച്ചേര്‍ത്തത്. ചരിത്രത്തിന്റെ ഘടികാര സൂചി പലവുരു കറങ്ങി ഷിന്‍സോ ആബേയില്‍ എത്തുമ്പോള്‍ ഒന്‍പതാം വകുപ്പ് ജപ്പാന് ഒരു അംഗവൈകല്യമായി തോന്നിയിരിക്കുന്നു. അത് എടുത്തുകളയണമെന്നായിരുന്നു പ്രധാനമന്ത്രി ആബേയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ആഗ്രഹം. അങ്ങനെയങ്ങ് എടുത്തു കളയാനൊക്കില്ല. അതിന് ഹിതപരിശോധന വേണം. ജനതയുടെ മൂന്നില്‍ രണ്ട് പേരും ഭേദഗതിയെ പിന്തുണക്കണം. ഈ കടമ്പ കടക്കാന്‍ തത്കാലം സാധ്യതയില്ലെന്ന് കണ്ടപ്പോഴാണ് ഒമ്പതാം വകുപ്പിനെ “പുനര്‍വ്യാഖ്യാനം” ചെയ്യാന്‍ ആബേ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില സവിശേഷ ഘട്ടങ്ങളില്‍ വിദേശത്തേക്ക് സൈന്യത്തെ അയക്കാമെന്നാണ് വ്യാഖ്യാനത്തിന്റെ കാതല്‍. സഖ്യ ശക്തികളിലാരെങ്കിലും അപകടത്തിലായെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടിയും സൈനിക ഇടപെടല്‍ ആകാം. 1945 മുതലുള്ള നയമാണ് വഴിമാറുന്നത്. “അനിവാര്യഘട്ടങ്ങളില്‍” എന്ന നിബന്ധനക്ക് ഇനി അതത് കാലത്തെ സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനങ്ങള്‍ വരും. യുദ്ധോത്സുകമായ ഒരു ഘട്ടത്തിലേക്ക് ജപ്പാന്റെ സൈനിക നയം നീങ്ങുന്നുവെന്ന് ചുരുക്കം.
രാജ്യത്തിന്റെ വികാസത്തിനനുസരിച്ച് അതിന്റെ വിദേശ, സൈനിക നയങ്ങളിലും മാറ്റം വരണമെന്നാണ് ആബേ പറയുന്നത്. അന്താരാഷ്ട്ര ദൗത്യങ്ങള്‍ കൂടി നിര്‍വഹിക്കാന്‍ രാജ്യം പ്രാപ്തമാകണം. ചൈനയുടെ ഭീഷണി കണ്ടില്ലെന്ന് വെക്കാനാകില്ല. അതിനാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം പറയുന്നു. മേഖലാപരവും ആഗോളവുമായ സുരക്ഷക്കായി കൂടുതല്‍ വിശാലമായ സംഭാവനകള്‍ നല്‍കാന്‍ ജപ്പാനെ പ്രാപ്തമാക്കുന്ന മഹത്തായ ചുവടുവെപ്പാണിതെന്ന് അമേരിക്കയും പ്രതികരിക്കുന്നു, ഏഷ്യ പസഫിക് മേഖലയുടെ സുരക്ഷയിലും സമൃദ്ധിയിലും അമേരിക്കക്ക് ഏറെ താത്പര്യമുണ്ട്. മേഖലയിലെ തങ്ങളുടെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ജപ്പാനുമായുള്ള സഖ്യം നിര്‍ണായകമാണെന്നും യു എസ് പ്രതിരോധ മന്ത്രാലയം പറഞ്ഞുവെക്കുന്നു. വ്യക്തമാണ് കാര്യങ്ങള്‍. ആഗോളവ്യാപകമായി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിലെല്ലാം ജപ്പാന്‍ ഉണ്ടാകണം. മാത്രമല്ല, മേഖലയില്‍ അമേരിക്കയുടെ മേധാവിത്വത്തിന് ചൈനയും ഉത്തര കൊറിയയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും ജപ്പാനെ വേണം.
മറ്റേതൊരു രാജ്യത്തെയും പോലെ ജപ്പാനും തങ്ങളുടെ സൈനിക മുന്‍ഗണനകള്‍ നിശ്ചയിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ചരിത്രപരമായ കാരണങ്ങളാല്‍ രൂപപ്പെട്ട ഒരു നയം പൊളിച്ച് പണിയുമ്പോള്‍ അതിന് പ്രേരകമായ ഘടങ്ങള്‍ എന്തെല്ലാം എന്നത് പ്രസക്തമാണ്. ആക്രമണ മുനകളിലേക്ക് അമേരിക്കയോടൊപ്പം ചുവട് വെക്കുന്നതിന് മുമ്പ് ഇറാഖിലെയടക്കമുള്ള കൂട്ടുക്കുരുതികളില്‍ പങ്കെടുത്ത രാഷ്ട്ര തലവന്‍മാരെല്ലാം പിന്നീട് നടത്തിയ കുമ്പസാരങ്ങളും വിലാപങ്ങളുമെങ്കിലും ജപ്പാന്‍ ഭരണാധികാരികള്‍ കാണേണ്ടതായിരുന്നു. യുദ്ധോത്സുകമായ ജപ്പാനെയല്ല, യുദ്ധവിരുദ്ധതയുടെ പ്രതീകമായ ജപ്പാനെയാണ് ലോകം കാംക്ഷിക്കുന്നത്.

Latest