Connect with us

Gulf

ഇനി പത്ത് മിനിറ്റിനകം കസ്റ്റംസ് ക്ലിയറന്‍സ്

Published

|

Last Updated

ദോഹ: ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ അല്‍ നദീബ് വഴി ഇനി മുതല്‍ പത്ത് മിനിറ്റിനകം കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കും. നേരത്തെ മൂന്ന്- നാല് മണിക്കൂറുകള്‍ എടുത്തിരുന്ന സ്ഥാനത്താണ് പത്ത് മിനിറ്റിനകം ക്ലിയറന്‍സ് ലഭിക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു.
ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കുന്ന മാനിഫെസ്റ്റുമായി പോര്‍ട്ടിലെത്തി ഇറക്കുമതി ചെയ്ത ചരക്കുകള്‍ ശേഖരിക്കുകയാണ് ഏജന്‍സി ചെയ്യേണ്ടത്. നേരത്തെ ക്ലിയറന്‍സ്, സമയം അപഹരിക്കുന്നതായിരുന്നു. പേപ്പര്‍വര്‍ക്കുകള്‍ക്കും കസ്റ്റംസ് നികുതി അടക്കാനും നേരത്തെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അഞ്ച് മുതല്‍ പത്ത് വരെ മിനിറ്റിനകം ലഭിക്കുന്നതിനാല്‍ ജോലിയില്‍ മുഷിപ്പ് വരുന്നില്ലെന്ന് ഒരു ഏജന്റ് പറഞ്ഞു. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അവതരിപ്പിച്ച അല്‍ നദീബ് ആപ്പ് ഉപയോഗിക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് യൂസര്‍നെയിമും പാസ്‌വേര്‍ഡും സംവിധാനിക്കണം. ക്ലിയറന്‍സ് ഏജന്‍സികളുടെ പേരും വിശദാംശങ്ങളും ഇതിലുണ്ട്. ഇറക്കുമതി ചെയ്യുന്നവര്‍ ഏജന്‍സിയെ തിരഞ്ഞെടുത്താല്‍ മതി. തുടര്‍ന്ന് ഏജന്‍സി ഇറക്കുമതി ചെയ്ത ചരക്കുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുകയും കസ്റ്റംസ് നികുതിയും പിഴയുണ്ടെങ്കില്‍ അതും അടക്കുന്നു.
ഇറക്കുമതി ചെയ്യുന്നവര്‍ ഏജന്‍സിക്ക് കൊമേഴ്‌സ്യല്‍ ഇന്‍വോയിസ്, ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ്, ലേഡിംഗ് ബില്‍ (ഷിപ്പ്‌മെന്റിനുള്ള ബില്‍), ഭക്ഷ്യസാധനങ്ങളാണെങ്കില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ കൈമാറണം. തുടര്‍ന്ന് ഷിപ്പിംഗ് കമ്പനിയില്‍ നിന്നോ ഏജന്റുമാരില്‍ നിന്നോ ഏജന്‍സിക്ക് ഡെലിവറി ഓര്‍ഡര്‍ ലഭിക്കുന്നു. മാനിഫെസ്റ്റ് ലഭിക്കാന്‍ ഈ പേപ്പറുകള്‍ ഓണ്‍ലൈന്‍ ആയി നല്‍കണം. കയറ്റുമതിക്കാരാണ് കൊമേഴ്‌സ്യല്‍ ഇന്‍വോയിസ് ഇറക്കുമതിക്കാര്‍ക്ക് നല്‍കുക. ചരക്കിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനാണ് കൊമേഴ്‌സ്യല്‍ ഇന്‍വോയിസ്. ചരക്ക് നിര്‍മിച്ചതും ഇറക്കുമതി ചെയ്യുന്നതുമായ സ്ഥലം തിരിച്ചറിയാനാണ് ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ്. കാരിയര്‍ ആണ് ലേഡിംഗ് ബില്‍ നല്‍കുക. എല്ലാ പോര്‍ട്ടുകളിലെയും ക്ലിയറന്‍സിന് മാനിഫെസ്റ്റ് അനിവാര്യമാണ്. മാനിഫെസ്റ്റ് ലഭിച്ചതിന് ശേഷമാണ് ചരക്ക് ശേഖരിക്കാന്‍ പോര്‍ട്ടിലേക്ക് പോകേണ്ടത്.
തുറമുഖത്ത് നിന്നുള്ള ക്ലിയറന്‍സാണ് കൂടുതല്‍ ചെലവേറിയത്. കണ്ടെയ്‌നറുകള്‍ ഉള്‍പ്പെട്ടതിനാലാണിത്. ദോഹ തുറമുഖത്ത് ഉപഭോക്താവിന്റെ കണ്ടെയ്‌നര്‍ കണ്ടെത്തുക എന്നത് വെല്ലുവിളിയാണെന്ന് ഏജന്റുമാര്‍ പറയുന്നു. ചിലപ്പോള്‍ മണിക്കൂറുകള്‍ ഇതിന് വേണ്ടി വരും. ഒന്നിലേറെ ഇറക്കുമതിക്കാരുടെ ചരക്കുകള്‍ ചിലപ്പോള്‍ ഒറ്റ കണ്ടെയ്‌നറില്‍ ആയിരിക്കും. ഇത് കൂടുതല്‍ പ്രയാസം സൃഷ്ടിക്കും. തുടര്‍ന്ന് കണ്ടെയ്‌നര്‍ സ്‌കാന്‍ ചെയ്ത് കസ്റ്റംസ് പരിശോധനയും കഴിഞ്ഞ് ഇറക്കുമതിക്കാര്‍ നിര്‍ദേശിച്ചിടങ്ങളിലേക്ക് എത്തിച്ചുനല്‍കുന്നു. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിന് മിലാഹ കംപ്യൂട്ടര്‍ സംവിധാനം കൊണ്ടുവന്നതിനാല്‍ കണ്ടെത്താന്‍ എളുപ്പമാണ്.
പോര്‍ട്ടിലെത്തി മൂന്ന് ദിവസത്തിനകം കണ്ടെയ്‌നര്‍ എടുത്തില്ലെങ്കില്‍ പിഴ ഈടാക്കുന്നുണ്ട്. നാലാദിനം മുതല്‍ ആദ്യ മൂന്ന് ദിനത്തിനും 150 ഖത്വര്‍ റിയാല്‍ വീതം അടക്കണം. നാലാം ദിവസത്തിനുള്ള പിഴ ഇരട്ടിയുമാണ്.

Latest