Connect with us

National

സ്ഥാനാര്‍ഥികളെ വെട്ടിമാറ്റി ജയലളിത

Published

|

Last Updated

ചെന്നൈ: അതിവേഗം പ്രഖ്യാപിച്ച എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി പട്ടികയില്‍ വ്യാപകമായ വെട്ടിത്തിരുത്തല്‍. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി മേധാവി ജയലളിതയുടെ മാറ്റിതിരുത്തല്‍. വിരുദ്‌നഗര്‍ ജില്ലയിലെ അറുപ്പുകോട്ടെയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന എം ജി മുത്തുരാജയെ ചൊവ്വാഴ്ച മാറ്റിയിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ തമിഴ്‌നാട്ടിലെ ഏഴും പുതുച്ചേരിയിലെ മൂന്നും മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ജയലളിത തിരുത്തി പ്രഖ്യാപിച്ചു. സിറ്റിംഗ് എം എല്‍ എമാരും മുന്‍ എം പിമാരും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായവരില്‍ ഉള്‍പ്പെടും. രണ്ട് വനിതാ സ്ഥാനാര്‍ഥികളുടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം 29 ആയി കുറഞ്ഞു.
സിറ്റിംഗ് എം എല്‍ എ ആയ എസ് ഭുവനരാജ്, മുന്‍ ലോക്‌സഭാംഗങ്ങളായ എസ് സെമ്മാലയ്, ഒ എസ് മണിയന്‍ എന്നിവര്‍ വെട്ടിമാറ്റപ്പെട്ടവരില്‍ പ്രമുഖരാണ്. സ്ഥാനാര്‍ഥി പട്ടിക തിരുത്തി പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. പത്ത് മന്ത്രിമാരെ പുറത്തിരുത്തിയാണ് ആദ്യ സ്ഥാനാര്‍ഥി പട്ടിക ജയലളിത പ്രഖ്യാപിച്ചത്. എ ഐ എ ഡി എം കെക്കുള്ളിലെ വിഭാഗീയതയാണ് പുതിയ മാറ്റത്തിരുത്തലിന് കാരണമെന്നാണ് പറയപ്പെടുന്നത്. പുതുച്ചേരിയില്‍ മന്ത്രി കെ എ ജയപാലനും അവസരം നഷ്ടപ്പെട്ടു.
ജയലളിത പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജയലളിതയുടെ വെട്ടിതിരുത്തല്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. എ ഐ എ ഡി എം കെയില്‍ നിന്ന് വോട്ട് ചോരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജയലളിതയുടെ സ്വാര്‍ഥ താത്പര്യമാണ് ഇത്തരമൊരു പുതിയ പട്ടികക്ക് പിന്നിലെന്നുമുള്ള ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Latest