Connect with us

Ongoing News

തലശ്ശേരിയില്‍ ആരാകും അത്ഭുതക്കുട്ടി

Published

|

Last Updated

കമ്മ്യൂണിസ്റ്റ് ചായ്‌വില്ലാത്ത ഒരാളും ജയിച്ചിട്ടില്ലാത്ത മണ്ഡലമാണ് തലശേരി. രണ്ട് ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇവിടെ നടന്ന 15 തിരഞ്ഞെടുപ്പിലും ജയിച്ചത് ഇടത് ആഭിമുഖ്യമുള്ളവര്‍. ഇടത് സ്ഥാനാര്‍ഥിയായാല്‍ എം എല്‍ എയായെന്ന് ഉറപ്പിക്കാവുന്ന മണ്ഡലം.തലശ്ശേരി നഗരസഭയും കതിരൂര്‍, എരഞ്ഞോളി, ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളുമടങ്ങുന്നതാണ് തലശ്ശേരി മണ്ഡലം. മൃഗീയ ഭൂരിപക്ഷത്തോടെ ഇവിടെയെല്ലാം എല്‍ ഡി എഫ് ഭരിക്കുന്നു. ഇതില്‍ പന്ന്യന്നൂരിലും കതിരൂരിലും പ്രതിപക്ഷം പോലുമില്ല. വമ്പന്മാരെ വിജയിപ്പിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്
തലശ്ശേരി. ഒരു മുഖ്യമന്ത്രിയേയും മൂന്ന് മന്ത്രിമാരേയും സമ്മാനിച്ച മണ്ഡലം. 1996 ല്‍ എംഎല്‍എയല്ലാതെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടി കണ്ട വിശ്വസ്തമണ്ഡലം തലശ്ശേരിയായിരുന്നു. കെ പി മമ്മു രാജിവെച്ചു നായനാര്‍ക്കു വേദിയൊരുക്കി. 24,501 വോട്ടിനായിരുന്നു നായനാരുടെ വിജയം.1957 ല്‍ ജയിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, എന്‍ ഇ ബലറാം, സിറ്റിംഗ് എം എല്‍ എ കോടിയേരി എന്നിവരാണു മന്ത്രിമാര്‍. ഇതില്‍ കൃഷ്ണയ്യരും കോടിയേരിയും ആഭ്യന്തരമന്ത്രിമാരായിരുന്നു. ബലറാം വ്യവസായ മന്ത്രിയും. പാട്യം ഗോപാലനും കെ പി ആര്‍ ഗോപാലനും ഇവിടെ നിന്ന് വിജയിച്ചവരാണ്. 1982 ലായിരുന്നു കോടിയേരിയുടെ കന്നി മത്സരം. ആര്‍ എസ്പി-എസിലെ കെ സി നന്ദനനെതിരെ 17,100 വോട്ടിന്റെ ഉജ്ജ്വലവിജയം. 1987 ല്‍ കെ. സുധാകരനെതിരേ ജയമാവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം 5,368 ആയി ചുരുങ്ങി. മൂന്നാമത്തെ മത്സരം പത്ത് വര്‍ഷത്തിന് ശേഷം 2001 ല്‍. കോണ്‍ഗ്രസിലെ സജീവ് മാറോളിയെ 7,043 വോട്ടിനു തോല്‍പ്പിച്ചു. 2006 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് ഇറക്കിയെങ്കിലും കോടിയേരിയുടെ ഭൂരിപക്ഷം 10,055 ആയി ഉയര്‍ന്നതേയുള്ളൂ.1960 ല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ പി കുഞ്ഞിരാമന്‍ 23 വോട്ടിന് ജയിച്ചതായി പ്രഖ്യാപനമുണ്ടായി. സി പി ഐ സ്വതന്ത്രന്‍ വി ആര്‍ കൃഷ്ണയ്യരായിരുന്നു എതിരാളി. കോടതി ഇടപെട്ടു വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഏഴുവോട്ടിനു കുഞ്ഞിരാമന്‍ തോറ്റു. 1970 ല്‍ ഐക്യമുന്നണി സ്ഥാനാര്‍ഥി ജയിച്ചെങ്കിലും അതു കറകളഞ്ഞ സി പി ഐ നേതാവ് എന്‍ ഇ ബലറാമായിരുന്നു. തലശ്ശേരിയില്‍ നിന്ന് അഞ്ചുതവണയാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ തലശ്ശേരിയിലെ പോരാട്ടത്തിന് ഇത്തിരി എരിവ് കൂടും. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീറും യുഡി എഫിനു വേണ്ടി എ പി അബ്ദുല്ലക്കുട്ടിയും പേരിനിറങ്ങുന്നതാണ് തലശ്ശേരിലെ പോരാട്ടത്തിന്റെ ചൂട് കൂടുന്നത്. കണ്ണൂര്‍ മണ്ഡലത്തിലെ നിലവിലെ എം എല്‍ എയായ അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലിറക്കുന്നത് ഒരത്ഭുതം പ്രതീക്ഷിച്ചാണെന്ന് യു ഡി എഫ് നേതൃത്വം പറയുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ 1999ല്‍ യു ഡി എഫില്‍ നിന്ന് കണ്ണൂര്‍ പിടിച്ചെടുത്ത അബ്ദുല്ലക്കുട്ടിയുടെ അത്ഭുതം ഇത്തവണ ഇടതുമുന്നണിയുടെ കുത്തക സീറ്റ് പിടിച്ചെടുത്ത് തലശ്ശേരിയില്‍ അബ്ദുല്ലക്കുട്ടി ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് അദ്ദേഹത്തെ തലശ്ശേരിയിലേക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ തലശ്ശേരിയില്‍ ഒരത്ഭുതം പ്രതീക്ഷിക്കുന്നില്ലെന്നും ഷംസീര്‍ ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നുമാണ് ഇടതുമുന്നണി നേതൃത്വം പറയുന്നത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചു കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ വിറപ്പിച്ച യുവനേതാവായ ഷംസീര്‍ 3,306 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു അന്ന് പരാജയപ്പെട്ടത്.എന്നാല്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡി എഫിന് 23,039 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. ഇത് തന്നെ ഷംസീറിന്റെ വിജയ സാധ്യതയുടെ ഏറ്റവും വലിയ ലക്ഷണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം ബി ജെ പി ഇവിടെ കൂടുതല്‍ വോട്ടു നേടാനുള്ള തന്ത്രം ആവിഷ്‌കരിച്ചു കഴിഞ്ഞു.ബി ജെ പിക്കു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6,973 വോട്ട് തലശ്ശേരിയില്‍ ലഭിച്ചപ്പോള്‍ 2014ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 11,780 വോട്ടാണു കിട്ടിയത്. ഇതാണ് ബി ജെ പിക്ക് തിരഞ്ഞെടുപ്പ് കളത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നത്. സംസ്ഥാന സെക്രട്ടറി വി കെ സജീവനെയാണ് ഇക്കുറി ഇതിനായി ഇവര്‍ കളത്തിലിറക്കുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിയാടി മണ്ഡലത്തില്‍ നിന്നും ലോകസഭാതിരഞ്ഞെടുപ്പില്‍ നിന്നും വടകര മണ്ഡലത്തില്‍ നിന്നും സജീവന്‍ മത്സരിച്ചിട്ടുണ്ട്.