Connect with us

Malappuram

മങ്കട: 'തദ്ദേശോര്‍ജ'ത്തില്‍ ഇടത്; കോട്ട കാക്കാന്‍ ലീഗ്

Published

|

Last Updated

യു ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഇടതുപക്ഷം കണക്ക് കൂട്ടുന്ന മണ്ഡലമാണ് മലപ്പുറം ജില്ലയിലെ മങ്കട. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍ ഇടതുപക്ഷത്തിനുണ്ടായ അനുകൂല സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടാനാകില്ല. അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ഭരണമാണ് യു ഡി ഫില്‍ നിന്ന് ഇടതുപക്ഷം കൈക്കലാക്കിയത്. ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും അലയടിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സി പി എം. ഇതിനായി രംഗത്തിറക്കിയിരുന്നത് ഡി വൈ എഫ് ഐ നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ ടി കെ റശീദലിയെ. നാട്ടുകാരനായതിനാല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ് അദ്ദേഹം. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ച പരിചയം വോട്ടാക്കാമെന്ന് ഇടതുപക്ഷം കരുതുന്നു.

എന്നാല്‍ മുസ്‌ലിം ലീഗ് ഉറച്ച സീറ്റായിട്ടാണ് മങ്കടയെ കാണുന്നത്. സിറ്റിംഗ് എം എല്‍ എ. ടി എ അഹ്മദ് കബീറാണ് ഒരിക്കല്‍ കൂടി വികസന നേട്ടങ്ങള്‍ വോട്ടാക്കാന്‍ യു ഡി എഫിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. സി എച്ച് മുഹമ്മദ് കോയ, കെ പി എ മജീദ്, മഞ്ഞളാംകുഴി അലി തുടങ്ങിയ പ്രധാനികളെല്ലാം കോണിയേറിയ മണ്ഡലം മുസ്‌ലിംലീഗിന് അനുകൂലമായ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. കെ പി എ മജീദ് തുടര്‍ച്ചയായി അഞ്ച് തവണയാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷത്തിന് വേണ്ടി ഒരു തവണ പാലോളി മുഹമ്മദ്കുട്ടിയും രണ്ട് തവണ മഞ്ഞളാംകുഴി അലിയും മങ്കടയ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഇതില്‍ 2001ല്‍ കെ പി എ മജീദിനെയും 2006ല്‍ എം കെ മുനീറിനെയും തോല്‍പ്പിച്ചാണ് അലി ചെങ്കൊടി പാറിച്ചത്. പിന്നീട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന അലി മങ്കടയില്‍ നിന്ന് മാറി പെരിന്തല്‍മണ്ണയില്‍ നിന്നാണ് ജനവിധി തേടിയത്.
1965ലായിരുന്നു പാലോളി മുഹമ്മദ്കുട്ടിയുടെ വിജയം. മുസ്‌ലിം ലീഗിന്റെ കെ കെ സയ്യിദ് ഹുസൈന്‍ കോയയുമായി 1293 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് പാലോളി നേടിയത്. 2001ല്‍ മഞ്ഞളാംകുഴി അലി കെ പി എ മജീദിനെ തോല്‍പ്പിച്ചത് 3058 വോട്ടിന്റെ ഭൂരുപക്ഷത്തിനായിരുന്നു. 2006ല്‍ 5073 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എം കെ മുനീറിനെ അലി പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ ടി എ അഹ്മദ് കബീറിനെതിരെ ഖദീജ സത്താറിനെയാണ് സി പി എം മത്സരിപ്പിച്ചത്. 67,756 വോട്ട് അഹ്മദ് കബീറിന് ലഭിച്ചപ്പോള്‍ ഖദീജ സത്താറിന് 44,163 വോട്ടേ നേടാനായുള്ളു. 23,593 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദ്യ മത്സരത്തില്‍ തന്നെ അഹ്മദ് കബീര്‍ വിജയിച്ചത്. എറണാകുളം സ്വദേശിയായിട്ടും അഹ്മദ് കബീറിന് മികച്ച വിജയം ഒരുക്കി കൊടുത്തതിന് പിന്നില്‍ എതിരാളിയുടെ ശക്തിയില്ലായ്മ കൂടിയുണ്ടായിരുന്നു. നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാതിനാല്‍ കബീര്‍ പ്രചാരണത്തില്‍ ഒരു പടി മുന്നിലാണെങ്കിലും റശീദലിയും വിശ്രമമില്ലാതെ രംഗത്തുണ്ട്. പലയിടത്തും ഒപ്പത്തിനൊപ്പമാണ് ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണം.
വോട്ടര്‍മാരെ നേരിട്ട് കണ്ടും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തുമെല്ലാം ജനങ്ങള്‍ക്കിടയില്‍ രണ്ട് പേരും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇത്തവണ ഫലം പ്രവചനങ്ങള്‍ക്കപ്പുറമാണ്. ശക്തമായ അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. എന്നാല്‍ അഹ്മദ് കബീര്‍ മങ്കടയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിധിയെഴുത്താവും ഫലമെന്നാണ് മുസ്‌ലിംലീഗ് നേതൃത്വം പറയുന്നത്. അതിനാല്‍ മങ്കട കണ്ട് മനപ്പായസമുണ്ണുന്നത് വെറുതെയാകുമെന്നും ലീഗ് ആണയിടുന്നു. പുതിയ പദ്ധതികള്‍ പേരിന് പോലുമില്ലെന്ന ആക്ഷേപവുമായാണ് എല്‍ ഡി എഫ് വോട്ട് പിടിക്കുന്നത്. യുവമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബി രതീഷാണ് മങ്കടയിലെ ബി ജെ പി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ കെ മണികണ്ഠന് 4387 വോട്ടാണ് ലഭിച്ചത്. ഇത് ഇരട്ടിയാക്കാനാണ് ബി ജെ പി ശ്രമം.

Latest