Connect with us

Kerala

ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയതില്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി ഡി.ജി.പിയോട് സര്‍ക്കാര്‍ വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതില്‍ ആഭ്യന്തര സെക്രട്ടറിക്ക് അതൃപ്തി.തന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് അയച്ചതിലും തന്റെ പ്രതിഷേധം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനെ അറിയിച്ചു. പദവിയില്‍ തന്നേക്കാള്‍ താഴെയുള്ള ഡി.ജി.പിക്ക് സര്‍ക്കാര്‍ തന്റെ റിപ്പോര്‍ട്ട് അയച്ചത് ശരിയായില്ല. ഇതുസംബന്ധിച്ച് ഡി.ജി.പി. നല്‍കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് താന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. തെറ്റും ശരിയും കൃത്യമായി വിലയിരുത്തുന്നതാണ് തന്റെ റിപ്പോര്‍ട്ടെന്നും നളിനി നെറ്റോ വ്യക്തമാക്കി.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഡി.ജി.പി നല്‍കിയത്. പരവൂര്‍ ദുരന്തത്തില്‍ പൊലീസിനെ രക്ഷിക്കാന്‍, സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വിവാദം. ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് സര്‍ക്കാര്‍ ഡി.ജി.പിയോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനാണെന്നാണ് ആരോപണം. ദുരന്തത്തില്‍ കലക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് നേരത്തേ ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തേടിയതില്‍ അപാകമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.