Connect with us

Editorial

ജുഡീഷ്യല്‍ ആക്ടിവിസമെന്നാല്‍

Published

|

Last Updated

ഭോപ്പാലില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ, ജുഡീഷ്യല്‍ ആക്ടിവിസത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. നിയമ നിര്‍മാണസഭ, ഭരണ നിര്‍വഹണ വിഭാഗം, നീതിനിര്‍വണ സംവിധാനം എന്നിവയുടെ തുല്യമായ അധികാര വികേന്ദ്രീകരണമാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. അധികാര വിനിയോഗത്തില്‍ പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ നീതിനിര്‍വഹണ മേഖല ശ്രദ്ധിക്കണമെന്നും ഇതിനെതിരെ ഏതെങ്കിലും ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായാല്‍ ആത്മനിയന്ത്രണത്തിലൂടെ അതിനെ അതിജീവിക്കണമെന്നും ന്യായാധിപ സമൂഹത്തെ രാഷ്ട്രപതി ഓര്‍മിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിലെ ഓരോ ഘടകങ്ങളും അതാതിന്റെ ചട്ടക്കൂടിനകത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഒന്ന് മറ്റൊന്നിന്റെ അധികാരപരിധിയിലേക്ക് കടന്നുചെല്ലരുതെന്ന് ഉണര്‍ത്തിയ അദ്ദേഹം ഭരണഘടനയാണ് വലുതെന്ന് ഓര്‍മിപ്പിക്കുകയുണ്ടായി.

ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ ഭരണനിര്‍വഹണ മേഖലയില്‍ നിന്നും പലപ്പോഴും വിമര്‍ശങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് കല്‍ക്കരിപ്പാടം, ടു ജി സ്‌പെക്ട്രം അഴിമതി കേസുകളില്‍ കോടതി ഇടപെടലുകള്‍ നടത്തിയപ്പോള്‍ കോടതിയുടെ അമിതാധികാര പ്രയോഗമെന്ന് പാര്‍ലിമെന്ററി സമിതി കുറ്റപ്പെടുത്തിയിരുന്നു. ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ വന്ന കാലതാമസത്തിനെതിരെ കോടതി രൂക്ഷമായി പ്രതികരിക്കുകയും നാല് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തപ്പോഴും ജുഡീഷ്യല്‍ ആക്ടിവിസമായി കുറ്റപ്പെടുത്തിയവരുണ്ട്. സര്‍ക്കാറിന്റെ രാഷ്ട്രീയവും സങ്കുചിതവുമായ താത്പര്യങ്ങള്‍ക്ക് ഹാനികരമായ വിധികള്‍ കോടതികളില്‍ നിന്നുണ്ടാകുമ്പോഴൊക്കെ ഭരണവര്‍ഗം കോടതികളുടെ പരിധി ലംഘനമായി അധിക്ഷേപിക്കുന്നു. രാഷ്ട്രപതിയുടെ മേല്‍പ്രസ്താവനയുടെ പശ്ചാത്തലമെന്തെന്ന് വ്യക്തമല്ല. എങ്കിലും ഉത്തരാഖണ്ഡ് പ്രശ്‌നം, കള്ളപ്പണക്കാരെ പുറത്തു കൊണ്ടുവരുന്നതിന് കോടതി നടക്കുന്ന നീക്കങ്ങള്‍ തുടങ്ങിയ സംഭവങ്ങളെ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന ഘടകങ്ങളായ ഭരണനിര്‍വഹണ വിഭാഗവും, നീതിനിര്‍വഹണ സംവിധാനവും അവരുടേതായ തലങ്ങളില്‍ പരമാധികാരമുള്ളവയും സ്വതന്ത്രവും വ്യത്യസ്തവുമാണ്. അതേസമയം പരസ്പര പൂരകങ്ങളുമാണ്. അതോടൊപ്പം നീതിന്യായ മേഖല ഒരു തിരുത്തല്‍ ശക്തികൂടിയാണ്. ഭരണതലത്തില്‍ പാകപ്പിഴവുകളോ വീഴ്ചകളോ സംഭവിച്ചാല്‍ കോടതി അത് ചൂണ്ടിക്കാട്ടുകയും തിരുത്തിക്കുകയും വേണം. ഇത് പലപ്പോഴും ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം അരോചകമായതിനാല്‍ അവരുടെ ഭാഷയില്‍ ഇത് ജുഡീഷ്യല്‍ ആക്ടിവിസമാണെങ്കിലും യഥാര്‍ഥത്തില്‍ അത് കോടതികളുടെ ഉത്തരവാദ നിര്‍വഹണമാണ്. ജനങ്ങള്‍ക്ക് അതേറെ ആശ്വാസകരവുമാണ്. ഐ ടി ആക്ടിലെ 66-ാം വകുപ്പ്, തെരുവ് നായ പ്രശ്‌നങ്ങളിലെ ഇടപെടല്‍, വെടിക്കെട്ടിന് നിയന്ത്രണം തുടങ്ങിയവയിലെ ഇടപെടല്‍ ഉദാഹരണങ്ങളാണ്. ഇന്റര്‍നെറ്റില്‍ വിമര്‍ശനാത്മകമായ ഉള്ളടക്കള്‍ പോസ്റ്റ് ചെയ്യുന്നവരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നതായിരുന്നു 66-ാം വകുപ്പ്. പൊതുജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കണ്ടാണ് കോടതി ഇത് റദ്ദാക്കിയത്. പൊതുസമൂഹത്തോടുള്ള നീതിപീഠത്തിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതായിരുന്നു ഈ വിധി പ്രസ്താവം.

അതേസമയം ചില കേസുകളില്‍ ഹരജികളിലെ പരിഗണനാ വിഷയങ്ങള്‍ക്കുമപ്പുറം ജഡ്ജിമാര്‍ അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന പ്രവണതയുമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹരജിയിന്മേലുണ്ടായ വിധി പ്രസ്താവം ഉദാഹരണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടിവി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും സര്‍വറും പിടിച്ചെടുത്തു പരിശോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

ഹരജി പരിഗണിക്കവേ മുഖ്യമന്ത്രി കുറ്റമുക്തനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. തലശേരിയിലെ ഫസലിന്റെ കൊലക്കേസ് സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന ജഡ്ജിയുടെ പരാമര്‍ശവും നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം കേള്‍ക്കാതെ, ചര്‍ച്ചാവിധേയമായ കേസുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ കോടതി ഏകപക്ഷീയമായ പരാമര്‍ശങ്ങള്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമായി വിലയിരുത്തപ്പെടുകയുണ്ടായി.

ഏതായാലും ഭരണനിര്‍വഹണ വിഭാഗത്തിന്റെ തീരുമാനങ്ങളെ റദ്ദാക്കുകയും തിരുത്തുകയും ചെയ്യുന്ന കോടതി വിധികളെല്ലാം ജൂഡീഷ്യല്‍ ആക്ടിവിസമായി അധിക്ഷേപിക്കാവതല്ല. കോര്‍പറേറ്റുകളുടെയും വര്‍ഗീയ ഫാസിസത്തിന്റെയും നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ വാഴുന്ന നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവശേഷിക്കുന്ന ഏക പ്രതീക്ഷ നീതിപീഠങ്ങളാണ്. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും സൂക്ഷ്മതയും കൃത്യതയും ജുഡീഷ്യറിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമ്പോള്‍ കോടതികളുടെ അധികാരദുര്‍വിനിയോഗമായി അധിക്ഷേപിച്ചാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ രാജ്യത്ത് പിന്നെയെന്തുണ്ട്?