Connect with us

Ongoing News

രാഗേഷിന്റെ വിമത ഭീഷണികോണ്‍ഗ്രസിന് വിനയാകുമോ..?

Published

|

Last Updated

കണ്ണൂര്‍:പി കെ രാഗേഷ് ഉള്‍പ്പെടെ നാല് പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നടപടി കണ്ണൂര്‍ കോണ്‍ഗ്രസ് പാളയത്തില്‍ കനത്ത ആശങ്കക്കിടയാക്കുന്നു. ജില്ലയിലെ യു ഡി എഫിന്റെ പക്കലുള്ള രണ്ട് സിറ്റിംഗ് സീറ്റുകള്‍ രാഗേഷ് ഉയര്‍ത്തുന്ന വിമത ഭീഷണിയില്‍ നഷ്ടമാകുമോയെന്നതാണ് ആശങ്കക്ക് കാരണം. രാഗേഷിനെ പുറത്താക്കിക്കൊണ്ടുള്ള ഡി സി സിയുടെ നടപടിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അനുകൂലിച്ചതോടെ അനുരഞ്ജനത്തിന്റെ അന്തരീക്ഷം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പായി. രാഗേഷിനെ പുറത്താക്കിക്കൊണ്ടുള്ള ഡി സി സിയുടെ നിലപാട് തന്നെയാണ് മുഖ്യമന്ത്രിയുടെയും നിലപാട് എന്നാണ് ഉമ്മന്‍ചാണ്ടി ഇന്നലെ കണ്ണൂരില്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നേതൃത്വം സമവായ ചര്‍ച്ചകള്‍ ഉപേക്ഷിച്ചതോടെ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് രാഗേഷിന്റെ തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് രാഗേഷ് അനുകൂലികളുടെ നീക്കം. ഇരിക്കൂറിലും വിമത സ്വരം ഉയര്‍ന്നിട്ടുണ്ട്. അഴീക്കോട്ട് മത്സരിക്കുന്ന മുസ്‌ലിം ലീഗിലെ കെ എം ഷാജിക്കെതിരെയും കണ്ണൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിക്കെതിരെയുമാണ് വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. അഴീക്കോട് എം വി നികേഷ്‌കുമാറാണ് ഷാജിയുടെ മുഖ്യ എതിരാളി. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനുമായാണ് സതീശന്റെ പോരാട്ടം.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പി കെ രാഗേഷിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും അനുനയിപ്പിച്ച് ഒരു കൊടിക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കാത്തത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് സംഭവിച്ച പരാജയമാണെന്ന് ഇതിനകം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നു കഴിഞ്ഞു. ഇതിന് സമാനമായ സാഹചര്യമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും കണ്ണൂരില്‍ യു ഡി എഫിന് നേരിടേണ്ടി വന്നതെന്നതാണ് വിമര്‍ശത്തിനാധാരം. രാഗേഷ് നിലപാട് കടുപ്പിച്ചത് കാരണം പ്രഥമ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം കോണ്‍ഗ്രസിന് നഷ്ടമാവുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി രാഗേഷ് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ഭരണം കോണ്‍ഗ്രസിന് നഷ്ടമായത്.