Ongoing News
പിറവത്തെ പിറവിയാര്‍ക്ക്?
ഇരുമുന്നണികളേയും പരീക്ഷിച്ചിട്ടുണ്ടെങ്കിലും യു ഡി എഫിനോട് കൂടുതല്‍ മമത കാണിച്ച മണ്ഡലമാണ് പിറവം. മന്ത്രിയായും എം എല്‍ എയായും പതിറ്റാണ്ടുകള്‍ കേരള നിയമസഭയിലെ വേറിട്ട ശബ്ദമായി മാറിയ ടി എം ജേക്കബിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് വിളഭൂമിയായ മണ്ണ്. സിറ്റിംഗ് എം എല്‍ എയും മന്ത്രിയുമായ അനൂപ് ജേക്കബും, കഴിഞ്ഞ തവണയും സി പി എം രംഗത്തിറക്കിയ എം ജെ ജേക്കബുമാണ് ഇക്കുറിയും തിരഞ്ഞെടുപ്പ് ഗോദയില്‍. രണ്ടുപേരും പിറവത്തെ ഒലിയപ്പുറം സ്വദേശികള്‍. ബി ഡി ജെ എസിന്റെ സി പി സത്യനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.
മുന്‍ എം എല്‍ എ കൂടിയായ എം ജെ ജേക്കബ് തിരുമാറാടി പഞ്ചായത്തിലേക്ക് രണ്ട് വട്ടം മത്സരിച്ച് വിജയിച്ച് പ്രസിഡന്റായിട്ടുണ്ട്. ആ കാലയളവില്‍ കേരളത്തിലെ മികച്ച പഞ്ചായത്തായി തിരുമാറാടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നാലാം തവണയാണ് നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. ടി എം ജേക്കബിന്റെ മകനും, നിലവില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലീഡറുമായ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ടിലൂടെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ്.
2011ലെ നിയമസഭതിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് എം ജെ ജേക്കബിനെതിരെ ടി എം ജേക്കബിനുണ്ടായിരുന്നത്. തുടര്‍ന്ന് മന്ത്രിയായി ഭരണ രംഗത്ത് നില്‍ക്കുമ്പോളാണ് അദ്ദേഹം അന്തരിക്കുന്നത്.കേരളം മുഴുവന്‍ പിറവത്തേക്ക് ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പാണ് തുടര്‍ന്ന് നന്നത്. ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് തന്നെ യു ഡി എഫിനായി കളത്തിലിറങ്ങി. ടി എം ജേക്കബിനെ ഒരിക്കല്‍ പരാജയമറിയിച്ച എം ജെ ജേക്കബിനെ തന്നെ സി പി എം രംഗത്തിറക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാകുമെന്ന് ഇടതുപക്ഷം ഉറച്ച് വിശ്വസിച്ച തിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പിച്ച് 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനൂപ് ജേക്കബ് വിജയിച്ചു.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നിയമസഭയിലെത്തിയത്. 1987ല്‍ ഗോപി കോട്ടമുറിക്കലും, 2006ല്‍ എം ജെ ജേക്കബും. പിറവത്ത് നിന്ന് ആറ് തവണ ജനവിധി തേടിയ ടി എം ജേക്കബ് ഒരിക്കല്‍ മാത്രമാണ് പരാജയമറിഞ്ഞത്. കെ കരുണാകരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിന്റെ ഭാഗമായി 2006ല്‍ മത്സരിച്ചപ്പോള്‍. 5150 വോട്ടിന്റെ ഭൂരിപക്ഷത്തിനു അദ്ദേഹത്തെ എം ജെ ജേക്കബ് പരാജയപ്പെടുത്തി.
രാഷ്ട്രീയവും, വികസനവും തന്നെയാണ് പിറവത്തും ഇക്കുറി ഫലം നിര്‍ണയിക്കുക. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അനൂപ് ജേക്കബ് പ്രചാരണരംഗത്തിറങ്ങിയിട്ടുള്ളത്. 800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ 46 മാസം കൊണ്ട് ചെയ്തുവെന്ന് യു ഡി എഫ് അവകാശപ്പെടുന്നു.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വകുപ്പ് കൈകാര്യം ചെയ്ത അനൂപ് ജേക്കബ് മന്ത്രിയെന്ന നിലയില്‍ പരാജയമായിരുന്നുവെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്. പൊതു വിതരണ സമ്പ്രദായം താറുമാറായി. റേഷന്‍ കടകളും, സപ്ലൈകോ മാര്‍ക്കറ്റുകളും ശൂന്യമായി. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിക്ക് സാധിച്ചില്ലെന്നും, ധാന്യ ഇറക്കുമതിയില്‍ മന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന അഴിമതി ആരോപണവും തുടര്‍ന്നുണ്ടായ അന്വേഷണവും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തിരിച്ചടിയാകുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും, താലൂക്ക് ആയി പിറവത്തെ ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നപ്പായിട്ടില്ലെന്നും ഇടതുപക്ഷം വിമര്‍ശിക്കുന്നു. യു ഡി എഫിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും എല്‍ ഡി എഫ് കണക്കാക്കുന്നു.
എന്‍ ഡി എക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല പിറവം. ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായ സി പി സത്യന്‍ 14 വര്‍ഷക്കാലം എസ് എന്‍ ഡി പി കൂത്താട്ടുകുളം യൂനിയന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച ആളാണെന്നതും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തംഗം എന്നിങ്ങനെയുള്ള സ്ഥാനങ്ങളിലെത്തിയ പരിചയവും വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗമാണ് സത്യന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകളില്‍ വിജയിക്കാന്‍ സാധിച്ചതും അനുകൂലമായി എന്‍ ഡി എ കണക്കാക്കുന്നു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടത് പിറവത്ത് എല്‍ ഡി എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെയെത്തിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പ്രായം കുറഞ്ഞ മണ്ഡലമാണ് പിറവം. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായ വര്‍ഷം പിറവം എന്നൊരു നിയമസഭ മണ്ഡലം ഉണ്ടായിരുന്നില്ല. തിരുകൊച്ചി നിയമസഭയിലെ നിയോജകമണ്ഡലമായിരുന്ന പിറവത്തിന് കേരള നിയമസഭയിലേക്ക് തങ്ങളുടെ പ്രതിനിധിയെ അയക്കുന്നതിന് 1977 വരെ കാത്തിരിക്കേണ്ടിവന്നു.
പിറവം
പിറവം, കൂത്താട്ടുകുളം നഗരസഭകള്‍. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍,
ചോറ്റാനിക്കര, മുളന്തുരുത്തി, തിരുവാങ്കുളം, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍.
വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ടി എം ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്) 66,503
എം ജെ ജേക്കബ് (സി പി എം) 66,346
എം എന്‍ മധു (ബി ജെ പി) 4,234
ഭൂരിപക്ഷം 157
2012ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ്
അനൂപ് ജേക്കബ് കേരള കോണ്‍ഗ്രസ് ജേക്കബ്) 82,756
എം ജെ ജേക്കബ് (സി പി എം) 70,685
കെ ആര്‍ രാജഗോപാല്‍ (ബി ജെ പി) 3,241
ഭൂരിപക്ഷം 12,070
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(പിറവം)
ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) 63,942
മാത്യു ടി തോമസ് (ജനതാ ദള്‍ എസ് ) 55,611
നോബ്ള്‍ മാത്യു (ബി ജെ പി) 4,683
ഭൂരിപക്ഷം 8,331
2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് 3പഞ്ചായത്തുകള്‍
യു ഡി എഫ് 2 നഗരസഭ, 6 പഞ്ചായത്തുകള്‍