Connect with us

National

ഹേമ മാലിനിക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ തുച്ഛമായ വിലക്ക് ഭൂമി പതിച്ചു നല്‍കി

Published

|

Last Updated

മുംബൈ: പ്രമുഖ ബോളിവുഡ് നടിയും ബി ജെ പി ലോക്‌സഭാംഗവുമായ ഹേമ മാലിനിക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ തുച്ഛമായ വിലക്ക് ഭൂമി പതിച്ചു നല്‍കി. മുംബൈ ഓഷിവാരയില്‍ നൃത്ത അക്കാദമി തുടങ്ങാന്‍ 70 കോടി വിലമതിക്കുന്ന ഭൂമി കേവലം 1.75 ലക്ഷം രൂപക്കാണ് ഹേമ മാലിനിക്ക് അനുവദിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുകൊണ്ടുവന്നത്. സബര്‍ബന്‍ കലക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം 2,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് ബോളിവുഡ് താരത്തിന് അനുവദിച്ചിട്ടുള്ളത്. സ്‌ക്വയര്‍ മീറ്ററിന് 87.50 രൂപ നിശ്ചയിച്ച് 1.75 ലക്ഷം രൂപയാണ് ഹേമ മാലിനിയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കിയത്. നേരത്തെ, സ്‌ക്വയര്‍ മീറ്ററിന് 35 രൂപ നിരക്കില്‍ 70,000 രൂപക്ക് ഹേമ മാലിനിക്ക് ഭൂമി അനുവദിച്ചതായി മറ്റൊരു വിവരാവകാശ അന്വേഷണത്തിലൂടെ ഗല്‍ഗലി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന ഈ വിവരത്തിന് പിന്നാലെ, സ്വകാര്യ ട്രസ്റ്റുകള്‍ക്കും കലാകാരന്മാര്‍ക്കും ഭൂമി അനുവദിക്കുന്ന നയം പരിഷ്‌കരിച്ചുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസ് ഉത്തരവിട്ടിരുന്നു.
മുംബൈ അന്ധേരിക്ക് സമീപം ഓഷിവാരയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ ഭുമിക്ക് സ്‌ക്വയര്‍ മീറ്ററിന് 350 രൂപയാണ് നിലവിലെ മതിപ്പ് വില. വസ്തുത ഇതായിരിക്കെ ഇതിന്റെ നാലില്‍ ഒന്ന് മാത്രം ഈടാക്കിയാണ് ഇപ്പോള്‍ ഭൂമി കൈമാറ്റം നടന്നിട്ടുള്ളത്.
നൃത്ത വിദ്യാലയത്തിനായി 18.5 കോടിയുടെ കെട്ടിടം നിര്‍മിക്കാനാണ് ഹേമാ മാലിനി മഹാരാഷ്ട്രാ സര്‍ക്കാറിനെ സമീപിച്ചത്. 1997ല്‍ മറ്റൊരു ഭൂമി ഇതേ ആവശ്യത്തിനായി ഹേമാ മാലിനിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. തീരപ്രദേശമായതിനാല്‍ ഈ സ്ഥലം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഈ ഭൂമി തിരിച്ചുനല്‍കിയില്ലെന്നു മാത്രമല്ല പുതിയ ഭൂമി കൊവശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഹേമ മാലിനി.