Connect with us

Ongoing News

മിഴി നിറഞ്ഞൊഴുകിയ മെയ്

Published

|

Last Updated

കൊച്ചി:മെയ് മാസത്തിലെത്തുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് കണ്ണ് നനയിക്കുന്ന ഓര്‍മയാണ് ബാബു ചാഴിക്കാടന്‍ എന്ന പേര്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച സ്ഥാനാര്‍ഥിയെ ഒരു തിരഞ്ഞെടുപ്പ് കാലത്തും മറക്കാനാകില്ല.

തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമ്പിരികൊണ്ടിരിക്കുന്ന 1991 മെയ് മാസത്തിലെ ദിനങ്ങള്‍. നാല് വര്‍ഷത്തെ ഭരണത്തിന് ശേഷം അധികാരമൊഴിഞ്ഞ നയനാര്‍ സര്‍ക്കാര്‍ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബാബു ചാഴിക്കാടന്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണാന്‍ ഓടിയെത്തിയിരുന്ന പകലുകളും രാവുകളും. പ്രചാരണം ഉച്ചസ്ഥായിലെത്തിയ മെയ് 15ാം തീയതിയുടെ സായാഹ്നം.

യു ഡി എഫിലെ അന്നത്തെ യുവ നേതാവ് രമേശ് ചെന്നിത്തലയുമൊത്ത് ബാബു ചാഴിക്കാടന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. വിനയത്തിന്റെ പ്രതീകമായ തങ്ങളുടെ പ്രിയ സാരഥിയെ കാണാന്‍ ഓരോ സ്വീകരണ സ്ഥലങ്ങളിലും ആളുകള്‍ തടിച്ചു കൂടി. ആര്‍ത്തിരമ്പുന്ന പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ രമേശ് ചെന്നിത്തലയുമൊത്ത് ബാബു സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങി. ആര്‍പ്പൂക്കര വാര്യമുട്ടത്തെ സ്വീകരണ സ്ഥലമായിരുന്നു ലക്ഷ്യം. പില്‍കാലത്ത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തില്‍ മാറ്റി നിര്‍ത്താനാവാത്ത വ്യക്തിത്വമായി വളരേണ്ടിയിരുന്ന കരങ്ങള്‍ക്കുമേല്‍ വിധിയുടെ മിന്നലേറ്റത് അവിടെവെച്ചാണ്.
വാര്യമുട്ടത്തെ സ്വീകരണത്തിനിടെയിലുണ്ടായ അപ്രതീക്ഷിതമായ ഇടിമിന്നലിന്റെ

ആഘാതത്തില്‍ ബാബു ചാഴികാടന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന പൂമാല പൊട്ടിച്ചിതറി. കൂടെയുണ്ടായിരുന്ന രമേശ് ചെന്നിത്തല പിറകിലേക്ക് തെറിച്ച് വീണു. കണ്ട് നിന്ന പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാക്കളെ വാരിയെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോടി. നിസ്സാര പരിക്കുകളോടെ ചെന്നിത്തല രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബാബു ചാഴികാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു.

കേരള ചരിത്രത്തിലെ ഇരുണ്ട ദിനമായാണ് രാഷ്ട്രീയ നേതൃത്വം എന്നും ആ സംഭവം ഓര്‍ത്തെടുക്കുന്നത്. ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയായി.

മൂല്യാധിഷ്ടിത പ്രവര്‍ത്തന ശൈലികൊണ്ട് ശ്രദ്ധേയനായിരുന്നു ബാബു ചാഴിക്കാടന്‍. പ്രായത്തില്‍ കവിഞ്ഞ അറിവും വിവേകവുമാണ് ചെറുപ്രായത്തില്‍ തന്നെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ നേതൃ നിരയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്. പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരു നേതാവിന് വേണ്ട എല്ലാ കഴിവുകളും ഒത്തിണങ്ങിയ അതുല്യനായ രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ എസ് സിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ബാബു, പിന്നീട് യൂത്ത് ഫ്രണ്ടിന്റെയും നേതൃ നിരയിലെത്തി. ഇരു വിഭാഗത്തിലും സംസ്ഥാന പ്രസിഡന്റായിട്ടുണ്ട് അദ്ദേഹം. പാര്‍ട്ടി നല്‍കുന്നത് വിനയത്തോടെ സ്വീകരിക്കുകയായിരുന്നു ചാഴിക്കാടന്റെ രീതിയെന്ന് അദ്ദേഹത്തിന്റെ അന്നത്തെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.

---- facebook comment plugin here -----

Latest