Connect with us

National

അറസ്റ്റ് ചെയ്താലോ പാസ്‌പോര്‍ട്ട് റദ്ദാക്കിയാലോ ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന് വിജയ്മല്യ

Published

|

Last Updated

ലണ്ടന്‍: ഇന്ത്യയില്‍നിന്നും തന്നെ നിര്‍ബന്ധിപ്പിച്ച് നാടുകടത്തിയതാണെന്ന് മദ്യ വ്യവസായി വിജയ് മല്യ. തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ബാങ്കുകള്‍ക്ക് ഒരു രൂപപോലും തിരികെ കിട്ടാന്‍ പോകുന്നില്ലെന്ന് ഇംഗ്ലീഷ് പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മല്യ പറഞ്ഞു.

ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയില്‍ തുടരുന്നതാണ് സുരക്ഷിതം. നിലവില്‍ യുകെ വിട്ടു പോകാന്‍ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ അഭിമുഖത്തില്‍ പറയുന്നു. വേദനാജനകമായ ഈ അധ്യായം അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ബാങ്കുകളുമായി സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ബാങ്കുകള്‍ പറയുന്നതുപോലുള്ള വലിയ തുക അടയ്ക്കാനാവില്ല. വായ്പാ കുടിശിക എത്രയെന്നു ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും മല്യ പറഞ്ഞു.

വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാഗ്ദാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിക്കളഞ്ഞുവെന്നും മല്യ കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരം എന്ന നിലക്ക് 4,000 കോടി രൂപ തിരിച്ചടക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം ിംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മല്യയെ ഇന്ത്യയില്‍ തിരിച്ചത്തെിക്കണമെന്ന് കാണിച്ച് ബ്രിട്ടീഷ് ഹൈകമീഷന് കത്തെഴുതിയുതിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച മല്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. 2012ല്‍ പ്രവര്‍ത്തനം നിലച്ച കിങ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് മുമ്പാകെ ഹാജരാകുന്നതില്‍ പലതവണ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മല്യയ്‌കെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. 18 ഓളം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത മല്യ പണം തിരിച്ചടക്കാതെ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു.

Latest