Connect with us

Qatar

വോഡാഫോണ്‍ കമ്പനിയില്‍ അമ്പതു പേര്‍ക്ക് തൊഴില്‍ നഷ്ടം

Published

|

Last Updated

ദോഹ: വൊഡാഫോണില്‍ അമ്പതു ജീവനക്കാര്‍ക്ക് തൊഴില്‍നഷ്ടമായി. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിനാണ് നടപടികളെന്ന് ദോഹന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരെ ഒഴിവാക്കുന്ന വിവരം വ്യക്തമാക്കി കമ്പനിയുടെ പുതിയ സി ഇ ഒ ഇയാന്‍ഗ്രേ മെമ്മോ അയച്ചു. അഞ്ചു മാസം മുമ്പാണ് ഇയാന്‍ഗ്രേ സി ഇ ഒയായി ചുമതലയേറ്റത്.
കഴിഞ്ഞ രണ്ടു വര്‍ഷം മോശം പ്രകടനനിലവാരമുള്ള ജീവനക്കാരെ ഒഴിവാക്കുന്നുവെന്നാണ് മെമ്മോയില്‍ പറയുന്നത്. വിപണിയിലെ അസ്വസ്ഥതകള്‍ കുറക്കുകയെന്ന ഉദ്ദേശത്തോടെയാണിത്. ഊരീദുവിന്റെ കുത്തക അവസാനിപ്പിച്ച് 2009ലാണ് വൊഡാഫോണ്‍ ഖത്വറില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യത്തെ മറ്റു പല കമ്പനികളും ചെയ്യുന്നതുപോലെ തൊഴില്‍ ഘടന പുനപ്പരിശോധനയ്ക്കു വിധേയമാക്കുകയും വ്യവസായം മുന്നോട്ടുകൊണ്ടുപോകുന്നതിന് ശരിയായ സ്ഥലത്ത് ശരിയായ വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു. ഒഴിവാക്കപ്പെട്ട ജീവനക്കാര്‍ക്ക് ഇന്നലെ മുതല്‍ തൊഴില്‍ നഷ്ടമായി. നോട്ടീസ് കാലയളവില്‍ ഇവര്‍ക്ക് മറ്റെവിടെയെങ്കിലും തൊഴിലിന് ശ്രമിക്കാം. 2009നുശേഷം കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ആനുകൂല്യങ്ങളിലും കുറവു വരുത്തുന്നുണ്ട്. കമ്പനയില്‍ ആനുകൂല്യങ്ങള്‍ ഏകീകരിച്ചിട്ടുമുണ്ട്.
ഇതോടെ എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള ആനുകൂല്യങ്ങളായിരിക്കും ലഭിക്കുക. ഓരോ വര്‍ഷത്തെയും ജോലിക്കനുസരിച്ച് രണ്ടുമാസം അധികവേതനം ലഭിക്കുന്ന ലെഗസി റിറ്റന്‍ഷന്‍ സ്‌കീം (പാരമ്പര്യം നിലനിര്‍ത്തല്‍ പദ്ധതി) ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.
സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് രാജ്യത്ത് വിവിധ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങിളെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. പെട്രോളിയം കമ്പനികളില്‍നിന്നാണ് കൂടുതല്‍ പേര്‍ ഒഴിവായത്.

Latest