Connect with us

Gulf

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് സ്റ്റേഡിയം അവീറില്‍

Published

|

Last Updated

സ്റ്റേഡിയത്തിന്റെ രൂപരേഖ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വീക്ഷിക്കുന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നാമധേയത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയം അവീര്‍ മേഖലയില്‍. 300 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന് 60,000 പേരെ ഉള്‍കൊള്ളാനാകും.
സ്റ്റേഡിയത്തിന്റെ വ്യത്യസ്തങ്ങളായ മോഡലുകള്‍ ശൈഖ് മുഹമ്മദ് പരിശോധിച്ചു. ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഗ്രൗണ്ട് സ്റ്റേഡിയമായിരിക്കും ഇത്. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ അസോസിയേഷ(ഫിഫ)ന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണം. പന്തിന്റെ പകുതിയുടെ ആകൃതിയിലാണ് സ്റ്റേഡിയം ഉയരുക.
സ്റ്റേഡിയത്തിന്റെ നിര്‍മാണ പദ്ധതിയുടെ വിദഗ്‌ധോപദേശങ്ങള്‍ക്കായി അന്താരാഷ്ട്ര പ്രൊജക്ട് ഡിസൈന്‍ കമ്പനിയായ ദാര്‍ അല്‍ ഹന്‍ദാഷിനെയും കരാറുകാരായി ആര്‍ക്കിടെക്ചര്‍ മേഖലയിലെ പ്രമുഖരായ അമേരിക്കന്‍ കമ്പനി പെര്‍ക്കിന്‍സ് പ്ലസ് വില്‍നെയും തിരഞ്ഞെടുത്തു. 60,000 ഇരിപ്പിടങ്ങള്‍ക്ക് പുറമെ ട്രെയ്‌നിംഗ് ഹാള്‍, 50,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, 1,500 ചതുരശ്രയടിയില്‍ സ്‌പോര്‍ട്‌സ് മ്യൂസിയം, 3,500 ചതുരശ്രയടിയില്‍ കോണ്‍ഫറന്‍സ്-എക്‌സിബിഷന്‍ ഹാള്‍ എന്നിവയുമുണ്ടാകും.
23,116 ഉയരത്തിലുള്ള ഇരിപ്പിടങ്ങള്‍, 1,642 വി ഐ പി സ്യൂട്ടുകള്‍, 8,941 വി ഐ പി സീറ്റുകള്‍, 6,688 താഴ്ചയിലുള്ള സീറ്റുകളുമുണ്ടാകും.