Connect with us

Gulf

മെട്രോ സ്റ്റേഷന്‍ നിര്‍മാണം: കരാര്‍ കമ്പനിയെ ഒഴിവാക്കി

Published

|

Last Updated

ദോഹ: മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിന് കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തെ ഖത്വര്‍ റയില്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര കമ്പനിയായ ഒ എച്ച് എല്ലിനെയാണ് ദൗത്യത്തില്‍നിന്നും നീക്കം ചെയ്യുന്നതായി അറിയിപ്പു നല്‍കിയത്. സാംസംഗ്, ഖത്വര്‍ ബില്‍ഡിംഗ് കമ്പനി സംയുക്ത സംരംഭമായ ഒ എച്ച് എല്‍ തന്നെയാണ് കരാറില്‍നിന്നും ഒഴിവാക്കിയതായി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ദോഹ മെട്രോയിലെ പ്രധാന സ്റ്റേഷനുകളായ മിശൈരിബ്, എജുക്കേഷന്‍ സിറ്റി എന്നിവയുടെ നിര്‍മാണത്തിനാണ് കമ്പനിക്ക് കരാര്‍ ലഭിച്ചിരുന്നത്. ദൗത്യത്തില്‍നിന്നും ഒഴിവാക്കിയതിന്റെ കാരണം ഖത്വര്‍ റയില്‍ നല്‍കിയ നോട്ടീസില്‍ പറയുന്നില്ല. അതേസമയം, സ്റ്റേഷനുകള്‍ നിര്‍മാണത്തിന് എസ് എ എല്‍ കമ്പനിക്ക് ചുമതല നല്‍കിയതായി ഖത്വര്‍ റയില്‍ അറിയിച്ചതായി ദോഹ ന്യസ് റിപ്പോര്‍ട്ട് ചെയ്തു. പ്രഥമ കരാര്‍ കമ്പനിയെ ഒഴിവാക്കിയതു സംബന്ധിച്ച് വിശദീകരിക്കാന്‍ ഖത്വര്‍ റയില്‍ സന്നദ്ധമായിട്ടില്ല. എന്നാല്‍ കരാര്‍ കമ്പനി മാറുന്നതു മൂലം വൈകല്‍ ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്വര്‍ റയില്‍ വ്യക്തമാക്കുന്നു. നേരത്തെ ആസൂത്രണം ചെയ്തതു പോലെ തന്നെ സ്റ്റേഷനുകളുടെ നിര്‍മാണം മുന്നോട്ടു പോകും. സബ് കോണ്‍ട്രാക്ടര്‍മാരുടെ പ്രവര്‍ത്തനം തുടരുന്നുതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 2013ലാണ് പിരിച്ചുവിട്ട കമ്പനിക്ക് 5.1 ബില്യന്‍ ഡോളറിന്റെ രൂപകല്പന, നിര്‍മാണ കരാര്‍ നല്‍കിയത്. 2018 ജൂണ്‍ 30ന് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. ദോഹ മെട്രോയുടെ ജംഗ്ഷന്‍ സ്റ്റേഷനാണ് റദ്ദാക്കിയ കമ്പനിയുടെ ചുമതലയിലുണ്ടായിരുന്നു പദ്ധതികളിലൊന്ന്. മറ്റൊരു സ്റ്റേഷനായ എജുക്കേഷന്‍ സിറ്റി സ്റ്റേഷനാകട്ടെ അതിവേഗ റയില്‍ പാതയുമായി ബന്ധിപ്പിക്കന്ന ഡുവല്‍ ഓപ്പറേഷന്‍ സ്റ്റേഷനുമാണ്.

Latest