Connect with us

Articles

സഊദിയിലേക്ക് ഇനി എത്രനാള്‍ ?

Published

|

Last Updated

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി സന്ദര്‍ശിച്ചത്. ഇതേ മാസത്തിലാണ് വിദേശികളെ അകറ്റി പരമാവധി മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികള്‍ക്ക് കര്‍ശനമായ വ്യവസ്ഥകളോടെ സഊദി തുടക്കം കുറിച്ചതും.

പ്രവാസികളുടെ തൊഴില്‍ സുരക്ഷ, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികസഹകരണം, കരകൗശല നിര്‍മാണമേഖലയെ പോഷിപ്പിക്കുന്നതിനു പേത്യേക പദ്ധതി, നിക്ഷേപം വര്‍ധിക്കുന്നതിനു പ്രേത്യക രൂപരേഖ തയാറാക്കല്‍ എന്നിവയാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പിട്ട പ്രധാന കരാറുകള്‍. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയില്‍ നിന്നു സഊദിയില്‍ അവിദഗ്ധമേഖലയില്‍ തൊഴില്‍ തേടിയെത്തുന്ന പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു. എന്നാല്‍, ഏപ്രില്‍ അവസാനമാകുമ്പോഴേക്കും ഈ കരാറുകളെ അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സഊദിയില്‍ നിന്ന് ദിവസവും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഓരോ ദിവസവും തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും പിരിച്ചുവിടുന്നതിന്റെയും വാര്‍ത്തകളാണ് മിഡില്‍ ഈസ്റ്റിലെ മാധ്യമങ്ങളില്‍ സജീവമായിട്ടുള്ളത്.

സഊദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ സാദ് അല്‍ ദോസരിയുടെ പ്രസ്താവന അറബ് ലോകത്ത് ഏറെ വിവാദമായത് കഴിഞ്ഞ ദിവസമാണ്. “ഈ വിദേശ തൊഴിലാളികളെല്ലാം അപകടകാരികളായ വൈറസുകളാണെന്നാണ് അല്‍ജസീറ ചനലിലെ മാധ്യമ പ്രവര്‍ത്തകനായ സാദ് അല്‍ ദോസരി സൗദി ഗസ്റ്റ് പത്രത്തിലെഴുതിയത്. സഊദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്ക് കിട്ടേണ്ട ജോലികളെല്ലാം ഈ വിദേശ തൊഴിലാളികള്‍ കീഴടക്കുകയാണ്. ഇത് രാജ്യത്തെ ജനതയെ ദോഷകരമായി ബാധിക്കുകയാണെന്നും പ്രശ്‌നം മറികടക്കാന്‍ വേണ്ടത്ര നടപടികളൊന്നും ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുന്നില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. സാദ് അല്‍ ദോസരി എഴുതിയ ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അറബ് യുവാക്കളാണ് സോഷ്യല്‍ മീഡിയകളില്‍ സജീവമായത്.

പരാമര്‍ശത്തെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ വൈറസ് എന്ന പദപ്രയോഗത്തെ വിമര്‍ശിച്ച് ചില പത്രപ്രവര്‍ത്തകരും രംഗത്തെത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായി വന്ന് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന ജനതയോടുള്ള അതൃപ്തി പല തോതില്‍ പ്രകടമാകുന്നു എന്നത് ഇത് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സഊദി സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി നിയമങ്ങളും നിര്‍ദേശങ്ങളും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപകരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില്‍പ്പന, റിപ്പയര്‍ എന്നീ ജോലികള്‍ പൂര്‍ണമായും സ്വദേശികള്‍ക്കായി സഊദി സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു. നൂറുകണക്കിന് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായ പ്രസ്തുത നിര്‍ദേശം ജൂണ്‍ ആറിനകം 50 ശതമാനം കുറക്കാനാണ് സഊദി തൊഴില്‍ മന്ത്രി ഡോ. മുഫ്‌റിജ് സഅദ് അല്‍ഹഖബാനി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

സ്‌കൂളുകളില്‍ വിദേശികളായ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനും കര്‍ശന നിബന്ധനകള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശികളായ അധ്യാപകരെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. ഇതിനായി വിദേശ അധ്യാപകര്‍ക്കായി പലവിധ പരീക്ഷകളും നടപടിക്രമങ്ങളും വ്യാപിപ്പിച്ചു കഴിഞ്ഞു. കുവൈത്തും അധ്യാപക മേഖലയില്‍ വിദേശികളെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ഇന്ത്യക്കാരും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നതെന്നാണ് കണക്ക്. സാമ്പത്തിക മാന്ദ്യം നേരിടാന്‍ തുടങ്ങിയതോടെ പലവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബിന്‍ലാദിന്‍ ഗ്രൂപ്പ് ഇതിനകം 70,000ത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് കണക്ക്.

ഇതെഴുതുമ്പോള്‍ 77,000 പേരെ ഒരു മാസത്തിനിടെ പിരിച്ചുവിട്ടെന്നാണ് യുഎ ഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ്, സഊദി അറേബ്യയിലെ അല്‍വത്വന്‍, അറബ് ന്യൂസ് പത്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന ലോകത്തെ വലിയ കെട്ടിട നിര്‍മാണ കമ്പനിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്. നാലുമാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ശമ്പളം നല്‍കാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാകില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. സഊദി അറേബ്യക്കാരായ 17,000ത്തോളം തൊഴിലാളികളോട് ജോലിയില്‍ നിന്ന് രാജിവെക്കാനോ അല്ലെങ്കില്‍ ശമ്പളത്തിനായി കാത്തിരിക്കാനോ ആവശ്യപ്പെട്ടതായ വാര്‍ത്തയും ഇതിനകം പുറത്തു വന്നിരിക്കുന്നു.

പ്രവാസികള്‍ക്ക് പരമാവധി സഊദിയില്‍ തങ്ങാനുള്ള വര്‍ഷം എട്ടാക്കി ചുരുക്കിയുള്ള നിര്‍ദേശം വേറെ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നതോടെയാണ് മധ്യപൂര്‍വ ഏഷ്യയിലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.സഊദി അറേബ്യയാണ് ഇക്കാര്യത്തില്‍ ഒരുപിടി മുന്നില്‍. സ്വകാര്യ മേഖലയില്‍ പുതുതായി ആളെ നിയമിക്കുമ്പോള്‍ യോഗ്യരായ സഊദിക്കാരില്ലെങ്കില്‍ മാത്രമേ മറ്റു രാജ്യങ്ങളിലുള്ളവരെ പരിഗണിക്കാന്‍ പാടുള്ളൂവെന്ന ഹദഫിന്റെ (ഔാമി ഞലീൌൃരല െഉല്‌ലഹീുാലി േഎൗിറ ) ഉത്തരവും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുറത്തുവന്നതാണ്.

1956ല്‍ കേരള സംസ്ഥാനം രൂപവത്കരിച്ച ശേഷം ഭൂപരിഷ്‌കരണം കഴിഞ്ഞാല്‍ സമ്പദ് ഘടനയെ ഏറെ സ്വാധീനിച്ച ഘടകം ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ സഊദി അറേബ്യയിലേക്കായിരുന്നു അവയില്‍ കൂടുതലും നടന്നത്. പിന്നീട് ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രയാണമാരംഭിച്ചു. കേരള സമ്പദ് വ്യവസ്ഥയെ പുതുക്കിപ്പണിതതിനും സഊദി അറേബ്യയില്‍ നിന്നൊഴുകിയ പണം നിര്‍ണായകമായി പങ്ക് വഹിച്ചിരുന്നു. ഒരു കാലത്ത് ഉംറ വിസയിലെത്തി അവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ രാപകല്‍ ഭേദമന്യേ തൊഴിലെടുത്ത സമൂഹമാണ് പില്‍ക്കാലത്ത് ധനികരായി മാറിയവരില്‍ ഭൂരിഭാഗവും. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് 2016ലെത്തി നില്‍ക്കുമ്പോള്‍ കേരളീയരുടെ പ്രവാസ ജീവിതം പുതിയ മാറ്റത്തിന് തയ്യാറായിട്ടില്ല എന്നതല്ലേ സത്യം?

തിരിച്ചുവരുന്ന പ്രവാസികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അവരുടെ പുനരധിവാസത്തെ കുറിച്ച് കാര്യക്ഷമമായ രീതികളോ പദ്ധതികളോ ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ ഘട്ടത്തില്‍ മലയാളി പ്രവാസിയുടെ അടുത്ത സാധ്യത എന്തായിരിക്കും എന്ന ആലോചനക്ക് പ്രസക്തിയില്ലേ? പ്രതിസന്ധി ഘട്ടങ്ങളെ അഭിമൂഖീകരിക്കുമ്പോള്‍ അത് തരണം ചെയ്യാനാണല്ലോ മിക്കപേരും പ്രവാസ ജീവിതം നയിക്കുന്നത്. ജനിച്ച നാട്ടിലെ ജീവിത പ്രതിസന്ധി ദൈനംദിനം പ്രവാസികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മലയാളിയുടെ ദേശാന്തരഗമനത്തിനും ഈ പ്രതിസന്ധി തന്നെയായിരുന്നു കാരണം. 1930കളിലെ ആഗോള സാമ്പത്തിക മാന്ദ്യമാണ് മലയാളികളുടെ കുടിയേറ്റത്തിന് തുടക്കം കുറിച്ചത്.

അന്ന് ശ്രീലങ്ക, ബര്‍മ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കൂടുതല്‍ കുടിയേറ്റം നടന്നത്. അവിടങ്ങളില്‍ കൂലിപ്പണിയെടുത്തും കച്ചവടങ്ങളിലൂടെയും മലയാളി പ്രവാസിയായി മാറി. 1940 കളില്‍ ബര്‍മയിലേക്കും അസമിലേക്കും വന്‍ തോതില്‍ ആളുകള്‍ കുടിയേറി.പിന്നീട് മുംബെയിലേക്കും ചെന്നെയിലേക്കും കൊല്‍ക്കത്തയിലേക്കുമെല്ലാം വ്യാപിച്ചു. ഇതിനിടെ തെക്കന്‍ ജില്ലകളിലെ വിദ്യാസമ്പന്നരായ പലരും മലേഷ്യയിലേക്കും പാശ്ചാത്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി. ഇവരില്‍ പലരും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ നിന്നു വ്യാപകമായി അന്താരാഷ്ട്ര കുടിയേറ്റം നടന്നത് 1970കളിലായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപങ്ങളുടെ സാധ്യതകള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളെ തുടര്‍ന്ന് മലയാളിയുടെ “ഗള്‍ഫില്‍ പോകുക” എന്ന ഒഴുക്കും തുടങ്ങി.

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയപ്പോള്‍ വിദ്യാസമ്പന്നായിരുന്ന തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ യൂറോപ്പിലും അമേരിക്കന്‍ ഐക്യ നാടുകളിലും തങ്ങളുടെ ജീവിതോപാധി കണ്ടെത്തുകയും അവരില്‍ ചിലര്‍ അവിടങ്ങളില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ മലയാളിയുടെ കുടിയേറ്റം ഇനി യൂറോപ്പിലേക്കും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പുതിയ പ്രതിസന്ധികളെ ഏതെങ്കിലും വിധേന മലയാളി തരണം ചെയ്യുമോ എന്ന് വരും വര്‍ഷങ്ങളില്‍ കാത്തിരുന്ന് കാണാം.
വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിച്ചു എന്ന് അവകാശവാദമുണ്ടെങ്കിലും കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പ്രവാസ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെങ്കില്‍ ഇനിയും സമൂല മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത മനസ്സിലാക്കി അതിനുതകുന്ന കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവാണ്. ഇത്തരം കുറവുകള്‍ നികത്താനായെങ്കില്‍ മാത്രമേ ഇതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിന് അനുകൂലമായി ഭവിക്കുകയുള്ളൂ. കേരളത്തില്‍ നിന്ന് അധ്യാപക പരിശീലന കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥിക്ക് യൂറോപ്പിലോ അമേരിക്കയിലോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകവൃത്തി നേടല്‍ വലിയ വെല്ലുവിളിതന്നെയായി മാറും. ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസ പദ്ധതികള്‍ ഇനിയും വരേണ്ടതുണ്ട്.

കേരളത്തിലെ അവിദഗ്ധ തൊഴിലിടങ്ങളിലേക്ക് മലയാളിയുടെ തിരിച്ചുവരവ് സാധ്യമാകാത്ത കാലത്തോളം പ്രവാസികളുടെ തിരിച്ചുവരവ് വലിയ സാമ്പത്തിക പ്രസിസന്ധിയാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ അവിദഗ്ധ തൊഴിലാളിയുടെ ദിവക്കൂലി പത്ത് വര്‍ഷത്തിനിടെ 150 രൂപയില്‍ നിന്ന് 500ന് മുകളിലേക്ക് എത്തിയ വര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ തോതിലുള്ള കൂലി വര്‍ധന ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ല. അവിദഗ്ധ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ശരാശരി 1100 ദിര്‍ഹമോ റിയാലോ മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഒരു മാസം 19,000 രൂപയോളം. അതായത് ദിവസം 650 രൂപ.

ഈ കണക്കിന് പോകുമ്പോള്‍ എന്തുകൊണ്ടും നാട്ടിലെ തൊഴിലിടങ്ങളില്‍ തന്നെയാണ് മലയാളിക്ക് ഗുണം. വിമാന ചാര്‍ജും താമസ ഭക്ഷണ ചെലവുകളും വിസയുടെ ചാര്‍ജുമൊക്കെയായി ലാഭമെന്ന് പറയാനില്ലാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ വിദഗ്ധ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം കേരളീയരില്‍ വളരേണ്ടതുണ്ട്.അതിനാവശ്യമായ ബോധവത്കരണവും സജീവമാകേണ്ടതുണ്ട്. വൈറ്റ് കോളര്‍ ജോലിക്ക് മാത്രം കിട്ടുന്ന സാമുഹിക പദവി ഇല്ലാതായി മാറുമ്പോഴേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ. അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ തന്നെ പ്രാദേശിക വികസന പദ്ധതികളും പ്രവാസികളെ ലക്ഷ്യംവെച്ച് ആരംഭിക്കണം.