Connect with us

National

കോപ്ടര്‍ ഇടപാട് പി എ സി പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് പരിശോധിച്ചേക്കും. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ് ബി ജെ പി ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഈയിടെ പുനഃസംഘടിപ്പിച്ച പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി 2ജി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം തുടങ്ങി കഴിഞ്ഞ കമ്മിറ്റി ഏറ്റെടുത്ത വിഷയങ്ങളില്‍ അന്വേഷണം തുടരും. കഴിഞ്ഞ കമ്മിറ്റിയുടെ കാലാവധി ഏപ്രില്‍ 30നാണ് അവസാനിച്ചത്.
അഗസ്റ്റ ഇടപാട് സംബന്ധിച്ച് സി എ ജി ചില ക്രമക്കേടുകള്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ പി എ സി ഈ ഇടപാട് പരിശോധനക്കെടുക്കുമെന്ന് പേര് വെളിപ്പെടുത്താത്ത അംഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം, ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ പി എ സി അധ്യക്ഷന്‍ കെ വി തോമസ് തയ്യാറായില്ല. “സാധാരണഗതിയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലിമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഏത് കേസും പി എ സി പരിശോധനക്കെടുക്കാറുണ്ട്. ചിലപ്പോള്‍ സ്വമേധയാ എടുക്കുന്ന കേസുകളുമുണ്ട്” എന്നായിരുന്നു തോമസിന്റെ മറുപടി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ എന്താണ് തീരുമാനമെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പി എ സിയുടെ അടുത്ത യോഗത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം ഒന്നിനാണ് പുനഃസംഘടിപ്പിച്ച പി എ സി നിലവില്‍ വന്നത്. 2017 ഏപ്രില്‍ 30 വരെയാണ് കാലാവധി. 21 അംഗ പി എ സിയില്‍ ആറ് പേരാണ് രാജ്യസഭയില്‍ നിന്നുള്ളത്. നരേഷ് അഗര്‍വാള്‍, സത്യവൃത് ചതുര്‍വേദി ഭുവനേശ്വര്‍ കാലിത, ശാന്താറാം നായിക് (കോണ്‍ഗ്രസ്), വിജയ് ഗോയല്‍, അജയ് സഞ്‌ജേതി (ബി ജെ പി), സുഖേന്ദു ശേഖര്‍ റോയ് (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് അവര്‍.
കിരിത് സോമയ്യ, അനുരാഗ് സിംഗ് ഠാക്കൂര്‍, നിഷികാന്ത് ദുബേ, ജരാന്‍ദന്‍ സിംഗ് സിഗ്രിവാള്‍, റിതി പഥക്, അഭിഷേക് സിംഗ്, ശിവകുമാര്‍ സി ഉദാസി (ബി ജെ പി), സുദീപ് ബന്ദോപാധ്യായ് (തൃണമൂല്‍), പ്രേം സിംഗ് ചന്ദുമജ്‌റ (അകാലി ദള്‍), ഗജനം ചന്ദ്രകാന്ത് കിര്‍ത്തികാര്‍ (ശിവസേന), ഭര്‍തൃഹരി മെഹ്താബ് (ബി ജെ ഡി), നെയ്ഫു റിയോ (നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്), പി വേണുഗോപാല്‍ (എ ഐ എ ഡി എം കെ), കേരളത്തില്‍ നിന്നുള്ള നേമിനേറ്റഡ് അംഗം റിച്ചാര്‍ഡ് ഹേ തുടങ്ങി 15 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.

Latest