Connect with us

National

വരള്‍ച്ച: ദുരിതാശ്വാസ സേനയെ നിയമിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വരള്‍ച്ചാ കെടുതികള്‍ നേരിടുന്നതിന് പ്രത്യേക ദുരിതാശ്വാസ സേനയെ നിയമിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കി. നിലവിലുള്ള കേന്ദ്ര വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ കുടിവെള്ള വിഷയമുള്‍പ്പെടെ വരള്‍ച്ച നേരിടാന്‍ മതിയായ നടപടികള്‍ എടുക്കാത്തതിന് കേന്ദ്രത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
വരള്‍ച്ചാ കെടുതികള്‍ അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാകുന്ന വിധം ചട്ടങ്ങള്‍ പരിഷ്‌കരിക്കണം. രാജ്യത്തെ വരള്‍ച്ചാ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറിയോട് അടിയന്തര യോഗം വിളിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബീഹാര്‍, ഗുജറാത്ത്, ഹരിയാന തുടങ്ങി ഏറ്റവും കൂടുതല്‍ വരള്‍ച്ചാ ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷക ആത്മഹത്യയും ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലായനവും ഒരു പ്രദേശത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡമാകണമെന്നും കോടതി നിരീക്ഷിച്ചു.

Latest