Connect with us

Kozhikode

കുന്ദമംഗലത്ത് കുടിവെള്ള വാഗ്ദാനവുമായി സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കടുക്കവേ കുന്ദമംഗലത്ത് കുടിവെള്ളം വാഗ്ദാനം ചെയ്ത് മുന്നണി സ്ഥാനാര്‍ത്ഥികള്‍. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് കുന്ദമംഗലത്തെ പ്രധാന പ്രശ്‌നമായ കുടിവെള്ളത്തിന് പരിഹാരം കാണുമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത്.
സര്‍ക്കാറിന്റെ അനാസ്ഥകൊണ്ടാണ് ഉദ്ഘാടനം കഴിഞ്ഞ് ഒമ്പതു മാസമായിട്ടും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ട മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ വെള്ളമെത്തിക്കാന്‍ സാധിക്കാത്തതെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ പി ടി എ റഹിം പറഞ്ഞു. ടാങ്കുകള്‍ അടകം സ്ഥാപിച്ച് വെള്ളം നിറച്ചിട്ടും നാട്ടുകാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എം എല്‍ എ ആയിരുന്നിട്ടും ദേശീയ നിലവാരമുള്ള എന്‍ ഐ ടി, സി ഡബ്ല്യു ആര്‍ ഡി എം പോലുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ മണ്ഡലത്തില്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി പി ടി എ റഹിം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായുള്ള രാഗാസ്, മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും കെട്ടിടം, കുന്നമംഗലം ഗവ കോളജിനായി അഞ്ച് ഏക്കര്‍ ഭൂമി, മിനി സിവില്‍ സ്‌റ്റേഷന്‍, സബ് ട്രഷറി, കുന്നമംഗലം – കാരന്തൂര്‍ നഗരങ്ങളിലെ ഗതഗാതക്കുരുക്കിന് പരിഹാരം, പ്രീ മെട്രിക് ഹോസ്റ്റല്‍, പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം, ചെറൂപ്പയില്‍ ഡയാലിസ് സെന്റര്‍, നിരവധി കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇക്കാലയളവില്‍ നടപ്പാക്കാനായി. സര്‍ക്കാരുകളെ ആശ്രയിച്ചാവരുത് മണ്ഡലത്തിലെ വികസനമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് മറുപടി നല്‍കി.
കുന്ദമംഗലം മണ്ഡലത്തില്‍ ഇക്കാലമത്രയും നടന്നത് സര്‍ക്കാരുകളെ മാത്രം ആശ്രയിച്ചുള്ള വികസനമാണ്. അതുകൊണ്ടാണ് ഈ മണ്ഡലം ഇങ്ങനെ പിറകോട്ടായിപ്പോയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംഘടനകള്‍, വ്യവസായികള്‍, കോര്‍പറേറ്റുകള്‍ എന്നിവരേയെല്ലാം കോര്‍ത്തിണക്കിയുള്ള വികസന പ്രവൃത്തികളാണ് ഉണ്ടാകേണ്ടത്. താന്‍ എം എല്‍ എ ആയാല്‍ മുന്തിയ പരിഗണന അത്തരം വികസന പദ്ധതികള്‍ക്കാവുമെന്നും സിദ്ദീഖ് പറഞ്ഞു.
മണ്ഡലത്തില്‍ പ്രഥമ പരിഗണന കുടിവെള്ളത്തിന്്യൂനല്‍കണമെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍ പറഞ്ഞു. പിന്നീടാണ് റോഡുകളും പാലങ്ങളും വരേണ്ടത്. അഞ്ച് കൊല്ലമാണ് എല്‍ ഡി എഫ് എം എല്‍ എ ആയതെന്നും അതിനു മുമ്പ് 10 വര്‍ഷം യു ഡി എഫ് ആയിരുന്നുവെന്നും എന്നിട്ടും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബി ജെ പി സ്ഥാനാര്‍ഥി സി കെ പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest