Connect with us

Kerala

സുന്നികളെ എതിര്‍ക്കുന്നവരെ ജനാധിപത്യപരമായി നേരിടും: കാന്തപുരം

Published

|

Last Updated

മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ ബുഖാരി സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
മുഖ്യപ്രഭാഷണം നടത്തുന്നു

കുന്ദമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പുകളെയും പ്രാധാന്യത്തോടെ കാണുന്നവരാണ് സുന്നികളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍. മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ ബുഖാരി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നികള്‍ എക്കാലത്തും ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ടിട്ടുണ്ട്. സമസ്തക്ക് രാഷ്ട്രീയമില്ല. സുന്നികളുടെ നിലപാടുകളോട് യോജിക്കുകയും അര്‍ഹമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്യുന്നവരെ സഹായിക്കുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയം. സുന്നികളെ എതിര്‍ക്കുന്നവരെ ജനാധിപത്യപരമായി നേരിടുകയും ചെയ്യും. സുന്നികളായതിന്റെ പേരില്‍ നിരപരാധികളായ പ്രവര്‍ത്തകരെ കൊല ചെയ്യുകയും അക്രമം നടത്തുകയും ചെയ്യുന്നവരെ തിരഞ്ഞെടുപ്പില്‍ എതിര്‍ക്കും. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകരുതെന്നും സര്‍ക്കാര്‍ ജോലി നിഷിദ്ധമാണെന്നും പറഞ്ഞ ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള പ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരക്ക് കൂട്ടുന്ന അവരുടെ കപട സ്വഭാവം പൊതുസമൂഹം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, സുന്നികള്‍ ഉയര്‍ത്തിപ്പിടിച്ചത് മഹിതമായ ജനാധിപത്യ സംസ്‌കാരമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ഇതിനകം നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
ഇമാം ബുഖാരിയെപ്പോലുള്ള ആത്മീയ ജ്ഞാനികളിലൂടെയാണ് ഇസ്്‌ലാമിക വിജ്ഞാനവും സംസ്‌കാരവും വികസിച്ചിട്ടുള്ളത്. ഇമാം സമാഹരിച്ച ബുഖാരി എന്ന ഹദീസ് ഗ്രന്ഥം ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിക ലോകത്ത് ഏറ്റവും പ്രബലമായ പ്രാമാണിക രചനയാണ്. ഇമാം ബുഖാരിയുടെ താവഴിയില്‍ ആധ്യാത്മിക ഇസ്്‌ലാമിന്റെ പാരമ്പര്യമാണ് സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സഹിഷ്ണുതയും സ്‌നേഹവും പഠിപ്പിച്ച പ്രവാചക മാതൃക തങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍, ഇസ്‌ലാമിന്റെ പേരില്‍ രൂപം കൊണ്ട ഭീകരവാദ സംഘടനകളുടെ അടിവേരുകള്‍ കിടക്കുന്നത് മത പരിഷ്‌കരണ പ്രസ്ഥാനങ്ങളിലാണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
വൈകുന്നേരം നാലിന് തുടങ്ങിയ ഖത്മുല്‍ ബുഖാരി സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. അറബ് ലീഗ് അംബാസിഡര്‍ ഡോ. മാസിന്‍ അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്തു. യു എ ഇ ഔഖാഫ് പ്രതിനിധികളായ ശൈഖ് നാസ്വിര്‍ മുഹമ്മദ് നാസ്വിര്‍ അല്‍ മഅ്മൂരി, ശൈഖ് മുഹമ്മദ് ഇബ്‌റാഹീം ജാസിം അല്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സയ്യിദ് ഹാശിം അലവി അസ്സ്വഫീ ദുബൈ, മുഹമ്മദ് റജാ ത്വാലിബ് മലേഷ്യ, ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ സീതി, ശൈഖ് നാസര്‍ റാശിദ് മുഹമ്മദ് അസ്സആവി എന്നിവരെ ആദരിച്ചു. ഖത്മുല്‍ ബുഖാരിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി.
രാത്രി ഏഴിന് നടന്ന ആത്മീയ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഹസന്‍ മുസ്്‌ലിയാര്‍ വയനാട്, കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, പൊന്മള മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍ എന്നിവര്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതം പറഞ്ഞു.

Latest