Connect with us

Gulf

ആരോഗ്യ സംരക്ഷണത്തിന് പ്രവാസികള്‍ മുന്‍ഗണന നല്‍കണം - പ്രൊഫ. കെഎംഎ റഹീം

Published

|

Last Updated

ജിദ്ദ: എറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും അമൂല്യമായ ആരോഗ്യത്തിന്റെ സംരക്ഷണം പ്രവാസികള്‍ ഗൗരവമായി കാണണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും ചിന്തകനുമായ പ്രൊഫസര്‍ കെഎംഎറഹീം. ഐസിഎഫ്. മിഡില്‍ ഈസ്റ്റ് തലത്തില്‍ നടത്തുന്ന ആരോഗ്യ കാമ്പയിനിന്റെ ജിദ്ദ സെന്‍ട്രല്‍ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതം കരുപ്പിടിപ്പിക്കാനെത്തി ആരോഗ്യവും ജീവിതം തന്നെയും നഷ്ടമാവുന്നതിനെ നാം മുന്‍കൂട്ടി കാണണം. ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഒഴിവാക്കുകയും ഭക്ഷണരീതികളില്‍ ശരിയായ ക്രമീകരണം വരുത്തുകയും ശരീരത്തിന് ആവശ്യമായ വ്യായാമം നല്‍കിയും ആരോഗ്യ പരിപാലനത്തിന് നാം മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

“ആരോഗ്യത്തോടെ ജീവിക്കാം” എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍കരണ സെമിനാര്‍, ഫാമിലി ചര്‍ച്ചാ സംഗമങ്ങള്‍, ടേബിള്‍ ടോക്ക്, യൂനിറ്റ് ആരോഗ്യ സംഗമങ്ങള്‍, ഹെല്‍ത്ത് ടിപ്‌സ്, മെഡിക്കല്‍ ചെക്കപ്പ്, ബ്ലഡ് ഡോണേഷന്‍, ഡോക്യുമെന്ററി, പ്രദര്‍ശനം എന്നീ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ ശാഫി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അബു ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ബശീര്‍ എറണാകുളം, മുജീബ് എആര്‍നഗര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ബശീര്‍ പറവൂര്‍ സ്വാഗതവും സൈദ് കൂമണ്ണ നന്ദിയും പറഞ്ഞു.